നവീകരിച്ച മന്ദിരവും വെബ് ഓഫ്‌സെറ്റ് മെഷീനും ഉദ്ഘാടനം ചെയ്തു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അച്ചടി, പരിശീലനം രംഗത്ത് പ്രവർത്തിക്കുന്ന സി- ആപ്റ്റ് ആധുനികവത്ക്കരണത്തിന്റെ പാതയിലെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.
കൊട്ടിയം സി-ആപ്റ്റ് ഉപ കേന്ദ്രത്തിലെ നവീകരിച്ച മന്ദിരവും വെബ് ഓഫ്‌സെറ്റ് മെഷീനിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
സി-ആപ്റ്റിന്റെ സംസ്ഥാനത്തെ മിക്ക കേന്ദ്രങ്ങളും കഴിഞ്ഞ നാല് വർഷത്തിനിടെ സ്വയം പര്യാപ്തത നേടി, അഭിമാനകരമായ പല നേട്ടങ്ങളും കൈവരിച്ചു. ജീവനക്കാരുടെ അവകാശ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കിയതോടൊപ്പം സ്ഥാപനത്തിന്റെ തുടർവികസനത്തിനും നടപടികൾ സ്വീകരിച്ചു. സി-ആപ്റ്റിന് വിവിധ സർവകലാശാലകളുടെ പ്രസിദ്ധീകരണങ്ങൾ, ചോദ്യപേപ്പറുകൾ, പാഠപുസ്തകങ്ങൾ എന്നിവയുടെ പ്രിന്റിംഗ് ഓർഡർ ലഭിക്കാൻ പ്രത്യേക ഉത്തരവുകൾ ഇറക്കി. പഠനത്തോടൊപ്പം വരുമാനവും സാർത്ഥകമാക്കി വിദ്യാർഥികൾക്ക് പ്രിന്റിംഗ്, ബൈൻഡിങ്, മേഖലകളിൽ സ്റ്റൈപ്പന്റോടെ പരിശീലനവും സി-ആപ്റ്റ് കേന്ദ്രങ്ങളിൽ നൽകുന്നു. നിലവിലുള്ള കെട്ടിട നവീകരണത്തിനും വെബ് ഓഫ്സെറ്റ് മെഷീൻ വാങ്ങാനും 1.66 കോടി രൂപയാണ് ചിലവഴിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
എം നൗഷാദ് എം.എൽ.എ അധ്യക്ഷനായി. സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടർ ഡോ. പി സുരേഷ് കുമാർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി പി ജഗതിരാജ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ, ജില്ലാ പഞ്ചായത്ത് മെമ്പർ എസ് സെൽവി, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സിൻഡിക്കേറ്റ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
