ജീവനക്കാരെ ശത്രുപക്ഷത്ത് നിര്‍ത്തരുത് -ജോയിന്റ് കൗണ്‍സില്‍.

തിരുവനന്തപുരം: ലോകത്തിനാകെ മാതൃകയായ കേരള മോഡല്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന കേരളത്തിലെ സിവില്‍ സര്‍വീസിനെ ശത്രുപക്ഷത്ത് നിര്‍ത്തരുതെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍. 2024 ജൂലൈ 1 മുതല്‍ സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ അടിയന്തിരമായി ആരംഭിക്കുക, കുടിശ്ശികയായ ക്ഷാമബത്ത ഉടന്‍ അനുവദിക്കുക, ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം പ്രഖ്യാപിച്ച അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുക, സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണ്ണയും സെക്രട്ടേറിയറ്റ് നടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വിഷയങ്ങള്‍ എന്നും അനുഭാവപൂര്‍ണ്ണം പരിഗണിക്കുന്ന എല്‍.ഡി.എഫ് നയത്തിനനുസൃതമായി, കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇനിയും വൈകിക്കാതെ ലഭ്യമാക്കാന്‍ വേണ്ട നടപടിയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. 1973 ല്‍ .സി.അച്യുതമേനോന്‍ തുടക്കമിട്ട് പിന്നീടിങ്ങോട്ട് എല്ലാ എല്‍.ഡി.എഫ് സര്‍ക്കാരുകളും നടപ്പിലാക്കി വരുന്ന ശമ്പളപരിഷ്‌ക്കരണ നടപടികള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ ആരംഭം കുറിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് അദ്ധ്യാപക-സര്‍വീസ് സംഘടനാ നേതാക്കളായ എസ്.സുധികുമാര്‍ (കേരള സെക്ര.സ്റ്റാഫ് അസോസിയേഷന്‍), സോയ.കെ.എല്‍(കെ.ജി.ഒ.എഫ്), ഷാജഹാന്‍ (എ.കെ.എസ്.ടി.യു), ജോയിന്റ്കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിനോദ്.വി.നമ്പൂതിരി സ്വാഗതവും  സതീഷ് കണ്ടല നന്ദിയും പറഞ്ഞു. മാര്‍ച്ചിന് ജോയിന്റ് കൗണ്‍സില്‍ നേതാക്കളായ  വി.കെ.മധു, ആര്‍.സിന്ധു, ബീനാഭദ്രന്‍, വി.ബാലകൃഷ്ണന്‍, യു.സിന്ധു, വി.ശശികല, ജി.സജീബ്കുമാര്‍, എസ്.അജയകുമാര്‍, മറിയ എം ബേബി, ആര്‍.സരിത,  ആര്‍.കലാധരന്‍,  എസ്.ജയരാജ്,  ആര്‍.എസ്.സജീവ്,  സി.രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ ജില്ലകളില്‍ നടന്ന മാര്‍ച്ചിനും ധര്‍ണ്ണയും – കൊല്ലത്ത് സംസ്ഥാന ട്രഷറര്‍ പി.എസ്.സന്തോഷ് കുമാറും പത്തനംതിട്ടയില്‍ സംസ്ഥാന സെക്രട്ടറി എസ്.സജീവും, ആലപ്പുഴയില്‍ സംസ്ഥാന സെക്രട്ടറി എം.എം.നജീമും, കോട്ടയത്ത് സംസ്ഥാന വൈസ്‌ചെയര്‍പേഴ്‌സണ്‍ എം.എസ്.സുഗൈദകുമാരിയും ഇടുക്കിയില്‍ സെക്രട്ടേറിയറ്റംഗം എസ്.പി.സുമോദും, എറണാകുളത്ത് സംസ്ഥാന ചെയര്‍മാന്‍ കെ.പി.ഗോപകുമാറും തൃശ്ശൂരില്‍ സംസ്ഥാന സെക്രട്ടറി കെ.മുകുന്ദനും, പാലക്കാട് സെക്രട്ടേറിയറ്റംഗം എ.ഗ്രേഷ്യസും മലപ്പുറത്ത് സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്‍.കൃഷ്ണകുമാറും, കോഴിക്കോട് സംസ്ഥാന വൈസ് ചെയര്‍മാന്‍ വി.സി.ജയപ്രകാശും വയനാട് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സി.ഗംഗാധരനും, കണ്ണൂരില്‍ സംസ്ഥാന വൈസ്‌ചെയര്‍മാന്‍ നരേഷ്‌കുമാര്‍ കുന്നിയൂരും കാസര്‍ഗോഡ് സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി.ബിനിലും ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ വി.വി.ഹാപ്പി, രാകേഷ് മോഹന്‍, ആര്‍.രമേശ്, ജെ.ഹരിദാസ്, നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, ബിന്ദുരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *