പട്ടികജാതിയിൽ കൂടുതൽ പിന്നാക്കമുള്ളവർക്കു പ്രത്യേക ക്വോട്ട; സുപ്രീംകോടതി.

ന്യൂഡൽഹി: പട്ടികജാതിയിൽ കൂടുതൽ പിന്നാക്കമുള്ളവർക്കു പ്രത്യേക ക്വോട്ട അനുവദനീയമാണെന്നു സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ (6–1) വ്യക്തമാക്കി. ഇത്തരത്തിൽ ഉപതരംതിരിവ് അനുവദിക്കുമ്പോൾ ഒരു ഉപവിഭാഗത്തിനു മാത്രമായി മുഴുവൻ സംവരണവും അനുവദിക്കാൻ കഴിയില്ലെന്നും കോടതി വിശദീകരിച്ചു.

ഉപവിഭാഗങ്ങളുടെ പ്രതിനിധ്യക്കുറവ് ശാസ്ത്രീയവും കൃത്യവുമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ സർക്കാരിന് നീതീകരിക്കാൻ കഴിയണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഉപവർഗീകരണം സാധ്യമല്ലെന്ന 2004ലെ സുപ്രീം കോടതി വിധി (ഇ.വി.ചിന്നയ്യയും ആന്ധ്രപ്രദേശ് സർക്കാരും തമ്മിലുള്ള കേസ്) റദ്ദാക്കിയാണ് ഭൂരിപക്ഷ ബെഞ്ച് വിധി പറഞ്ഞത്. ജസ്റ്റിസ് ബേല എം.ത്രിവേദി ഭൂരിപക്ഷ അഭിപ്രായത്തോടു വിയോജിച്ചു ഭിന്നവിധി എഴുതി. ഇതുൾപ്പെടെ ആകെ ആറ് വിധിന്യായങ്ങളാണ് ഏഴംഗബെഞ്ച് പുറപ്പെടുവിച്ചത്.

2010 ലെ പഞ്ചാബ്–ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്തു പഞ്ചാബ് സർക്കാർ നൽകിയതുൾപ്പെടെയുള്ള 23 ഹർജികൾ ബെഞ്ച് പരിഗണിച്ചു. എസ്‌സി സംവരണത്തിൽ 50 ശതമാനം വാൽമീകി, മസാബി സിഖ് വിഭാഗക്കാർക്ക് ഉപസംവരണം ചെയ്തുള്ള പഞ്ചാബ് സർക്കാരിന്റെ 2006 ലെ പിന്നാക്ക സംവരണ നിയമത്തിലെ ചട്ടം പഞ്ചാബ്–ഹരിയാന ഹൈക്കോടതി 2010ൽ റദ്ദാക്കിയിരുന്നു. ഇതിനെതിരായ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. പട്ടിക ജാതികളിൽതന്നെ ഏറ്റവും പിന്നാക്കമായവർക്കായി നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2020 ഓഗസ്റ്റിൽ നിരീക്ഷിച്ചിരുന്നു. അതു 2004 ൽ അഞ്ച് അംഗ ബെഞ്ച് തന്നെ നൽകിയ വിധിക്കു വിരുദ്ധമായതിനാലാണ് വിഷയം ഏഴംഗ ബെഞ്ചിൻ്റെ വിധി.

Leave a Reply

Your email address will not be published. Required fields are marked *