“ടിവി കാണാന്‍ ചെലവേറും?ഇനി നിയന്ത്രണമില്ല”

ന്യൂഡല്‍ഹി: ചാനല്‍ പാക്കേജുകള്‍ക്ക് നിശ്ചയിച്ചിരുന്ന മേല്‍ത്തട്ട് പരിധി നീക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. നാല് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ കേബിള്‍ ടിവി, ഡിടിഎച്ച് നിരക്ക് പരിധി നിയന്ത്രണമാണ് (നെറ്റ്വര്‍ക്ക് കപ്പാസിറ്റി സീലിങ്) ഒഴിവാക്കിയത്. ഇനിമുതല്‍, വിപണിയിലെ സാഹചര്യമനുസരിച്ച് കമ്പനികള്‍ക്ക് നിരക്ക് തീരുമാനിക്കാം. ഇതോടെ ടിവി ചാനലുകള്‍ കാണാന്‍ ഉപഭോക്താക്കള്‍ക്ക് ചെലവേറും.

നിലവില്‍ നികുതി കൂടാതെ 130 രൂപയ്ക്ക് 200 ചാനലുകള്‍ നല്‍കണമെന്ന വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്. നികുതി ഉള്‍പ്പെടെ 153 രൂപയ്ക്കായിരുന്നു ജനങ്ങള്‍ക്ക് 200 ചാനലുകള്‍ ലഭിച്ചിരുന്നത്. 200 ചാനലുകളില്‍ കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ 160 രൂപ നല്‍കിയാല്‍ മതിയായിരുന്നു. എല്ലാ സൗജന്യ ചാനലുകള്‍ക്കും ഉപഭോക്താക്കള്‍ പ്രതിമാസം അടയ്ക്കേണ്ട പരമാവധി തുക 160 രൂപയായി നിജപ്പെടുത്തിയിരുന്നു.

പുതിയ ദേഭഗതി 90 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുന്നതോടെ കമ്പനികള്‍ക്കും സേവന ദാതാക്കള്‍ക്കും ഇഷ്ടമുള്ള നിരക്ക് ജനങ്ങളില്‍ നിന്ന് ഈടാക്കാനാകും. നിരക്കുകള്‍ എത്ര ഉയര്‍ന്നതാണെങ്കിലും കമ്പനികള്‍ അത് പ്രസിദ്ധീകരിച്ചാല്‍ മാത്രം മതിയെന്ന് വിജ്ഞാപനം പറയുന്നു. പുതിയ താരിഫ് നിരക്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നാണ് ട്രായ്യുടെ അവകാശവാദം. പരിധി ഒഴിവാക്കിയത് വിപണിയില്‍ മത്സരക്ഷമത ഉറപ്പാക്കുമെന്നാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *