“70-ാമത് നെഹ്റു ട്രോഫി :കളിവള്ളം തുഴയുന്ന നീലപൊന്മാന്‍”

ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ഡി.എം. വിനോദ് രാജ് അധ്യക്ഷനായി. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. മുഖ്യാതിഥിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍.ടി.ബി.ആര്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ സ്‌നേഹോപഹാരം വിനോദ് രാജ് നല്‍കി.
ഇത്തവണത്തെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീല പൊന്മാനെ തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ്. ഗ്രാഫിക് ഡിസൈനറാണ് ബിജിമോള്‍. മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് അധ്യാപകരായ
വി. ജെ. റോബര്‍ട്ട്, വി.ഡി. ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യ ചിഹ്നം തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *