രാജ്യത്തെ 334 അംഗീകാരമില്ലാത്ത രാഷ്ട്രീയപാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി,കേരളത്തിലെ ഏഴു പാര്‍ട്ടികള്‍

ന്യൂഡെല്‍ഹി. കേരളത്തിൽ നിന്നുള്ള 7 പാർട്ടികൾ ഉൾപ്പെടെ രാജ്യത്തെ 334 അംഗീകാരമില്ലാത്ത രാഷ്ട്രീയപാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ പാർട്ടികൾക്ക് സംഭാവനകൾ സ്വീകരിക്കാനുള്ള അനുമതിയും ആദായ നികുതിയിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടമാകും. തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കുന്നതിന് ഭാഗമായിട്ടാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
2854 അംഗീകാരമില്ലാത്ത രാഷ്ട്രീയപാർട്ടികൾ ആയിരുന്നു രാജ്യത്തെ നിലവിൽ ഉണ്ടായിരുന്നത്. ഇതിൽ 334 പാർട്ടികളുടെ രജിസ്ട്രേഷൻ ആണ് റദ്ദാക്കിയത്. കേരളത്തിൽ ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി , നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ ), നേതാജി ആദർശ് പാർട്ടി, റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക് ), സെക്കുലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി എന്നിവയും ഇതിൽപെടും.
2019 മുതൽ ആറുവർഷമായി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്തതും, ഭാരവാഹികളുടെയും ഓഫീസ് വിവരങ്ങളും കമ്മീഷനെ അറിയിക്കാത്ത പാർട്ടികളെയുമാണ് പട്ടികയിൽ നിന്ന് നീക്കിയത്. ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും മറുപടി കിട്ടിയിരുന്നില്ല. തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി എടുത്തത്. നിലവിൽ ആറു ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളും ആണ് രാജ്യത്തുള്ളത്. തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ തുടരുമെന്ന് കമ്മീഷൻ അറിയിച്ചു.