മറന്നുവോ വല്ലാർപാടം? കെ സഹദേവൻ എഴുതുന്നു………

വിഴിഞ്ഞം തുറമുഖത്ത് മദര്‍ഷിപ്പ് വന്നു…
അദാനിത്തൊപ്പിയും ആര്‍പ്പുവിളികളുമായി വിപ്‌ളവ സിങ്കങ്ങള്‍ കപ്പലിനെ വരവേറ്റു. കൂട്ടത്തില്‍ ഗണപതി ഹോമവും.
തുറമുഖത്തിന്റെ ഏഴയലത്ത് മത്സ്യത്തൊഴിലാളികളെ കണ്ടുപോകരുതെന്ന് മുന്നെതന്നെ തിട്ടൂരമിറക്കിയിരുന്നു. അത് മത്സ്യത്തൊഴിലാളികളുടെ സുരക്ഷയെ കരുതിയാണെ ന്യായവാദവും വന്നുകഴിഞ്ഞു.
ഇനി കേരളത്തിന്റെ മുഖച്ഛായ മാറും. ‘സ്വപ്‌നം നങ്കൂരമിട്ടു”വെന്ന് ദേശാഭിമാനി തലക്കെട്ടെഴുതി…

ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം മുമ്പും ഇത്തരത്തില്‍ ഒരു ‘സ്വപ്‌ന നങ്കൂരം’ കേരളത്തിന്റെ കൊച്ചി കടല്‍ത്തീരത്ത് ആഴ്ന്നിറങ്ങിയിരുന്നു. വല്ലാര്‍പാടത്ത്.

ദുബൈ ആസ്ഥാനമാക്കിയുള്ള ഡിപി വേള്‍ഡ് എന്ന കമ്പനി നിയന്ത്രിക്കുന്നതാണ് വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടൈനര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനല്‍. വല്ലാര്‍പാടത്തെ നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കിയിട്ടായിരുന്നു കേരളത്തിന്റെ മുഖഛായ മാറ്റാന്‍ തുറമുഖം പണിതത്.

1.2 ദശലക്ഷം TEU (Twenty-foot Equvalent Unit) ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര കണ്ടൈയ്‌നര്‍ ടെര്‍മിനല്‍ ആയാണ് വല്ലാര്‍പാടം പണിതത്. ശ്രീലങ്കയിലെ കൊളംബോ തുറമുഖ ടെര്‍മിനലിനെ ആശ്രയിക്കുന്നതില്‍ നിന്ന് രക്ഷനേടാനാണ് വല്ലാര്‍പാടം വിഭാവനം ചെയ്തത്. ഇതുവഴി രാജ്യത്തെ കയറ്റിറക്കുമതിയിലെ അനാവശ്യ ചെലവ് ഒഴിവാക്കാമെന്നായിരുന്നു സ്വപ്നം.

എന്നിട്ടോ?

വല്ലാര്‍പാടം തുറമുഖം പ്രവര്‍ത്തനമാരാംഭിച്ച 2011 മുതല്‍ക്കിങ്ങോട്ടുള്ള ഇക്കാലയളവിലൊന്നും തന്നെ കാര്യമായ ചരക്ക് ഇറക്കുമതി വല്ലാര്‍പാടത്ത് ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതായത്, കയറ്റിറക്കുമതിക്കായി ഇപ്പോഴും കൊളംബോ തുറമുഖത്തെത്തന്നെയാണ് നാം ഇപ്പോഴും ആശ്രയിക്കുന്നതെന്ന്!!
പ്രതിവര്‍ഷം 3 ദശലക്ഷം TEU ചരക്കുകളാണ് ഇന്ത്യയില്‍ നിന്നും കൊളംബോ, സിംഗപ്പൂര്‍ ഇത്യാദി തുറമുഖങ്ങളെ ഇപ്പോഴും ആശ്രയിക്കുന്നത്.

വല്ലാര്‍പാടം ടെര്‍മിനലിന്റെ 40% ശേഷി പോലും ഉപയോഗപ്പെടുത്താന്‍ സാധി്ച്ചിട്ടില്ലെന്ന് ചുരുക്കം.

അദാനിക്ക് വേണ്ടി കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും പരവതാനി വിരിച്ചുകൊടുത്തു.
സര്‍ക്കാര്‍ വക ഭൂമി അദാനിക്ക് നല്‍കി പദ്ധതിച്ചെലവിന്റെ മൂന്നിലൊന്ന് മാത്രം അദാനി ചെലവാക്കിയാല്‍ മതിയാകും. പദ്ധതി ആരംഭിച്ച് 15 വര്‍ഷം കഴിഞ്ഞാല്‍ ലാഭത്തിന്റെ 1% മാത്രം സര്‍ക്കാരിന് നല്‍കിയാല്‍ മതിയാകും. ഇനിയും വല്ല പ്രയാസവും അദാനി മുതലാളിക്ക് നേരിടുകയാണെങ്കില്‍ അതും പരിഹരിച്ചുതരാനുള്ള ഇരട്ടച്ചങ്ക് ഇടതുപക്ഷത്തിനുണ്ടെന്നും തെളിയിച്ചതാണ്.
സമയബന്ധിതമായി പണി പൂര്‍ത്തിയാക്കഞ്ഞ പരാതിയില്‍ അദാനിക്കെതിരെ 911 കോടി രൂപ പിഴയൊടുക്കാനുള്ള ആര്‍ബിട്രേഷന്‍ നടപടി പിന്‍വലിച്ചതും നമ്മളല്ലോ….

വിഴിഞ്ഞം വരുമ്പോള്‍ വല്ലാര്‍പാടം വഴിമാറും….
ഒരു ചോദ്യവും ആരും ഉന്നയിക്കില്ല…

അഥവാ വല്ല ചോദ്യവും വന്നാല്‍ ഐസക്കിനെ അഴിച്ചുവിടും ….

ഐസക്ക് 2015ലും 2017ലും എഴുതിയ ഫേസ്ബുക്ക് പോസ്റ്റുകള്‍ ആവശ്യാനുസരണം തിരിച്ചും മറിച്ചും പോസ്റ്റും അത്രതന്നെ…

Leave a Reply

Your email address will not be published. Required fields are marked *