“വയനാടിന് കൈത്താങ്ങായി വെട്ടം എ.എച്ച്.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍”

കാരുണ്യക്കുടുക്കയിലൂടെ സമാഹരിച്ച മുക്കാല്‍ ലക്ഷം രൂപ വെട്ടം എ.എച്ച്.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കായിക, ഹജ്ജ്, വഖഫ്, റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ തുക ഏറ്റുവാങ്ങി. പ്രളയത്തിലും കോവിഡിലും ഇത്തരത്തില്‍ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.
കുട്ടികള്‍ ഐസ്, മിഠായി എന്നിവ വാങ്ങി ചെലവഴിച്ചുകളയുന്ന ചില്ലറ തുട്ടുകള്‍ നിക്ഷേപി ക്കാനുള്ളതാണ് സ്‌കൂളിലെ കാരുണ്യക്കുടുക്ക. കുട്ടികള്‍ക്കൊപ്പം അധ്യാപകരും കാരുണ്യക്കുടുക്കയില്‍ പണം നിക്ഷേപിക്കാറുണ്ട്. നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുന്നതോടൊപ്പം കുട്ടികളെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടി പങ്കാളികളാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പ്രളയത്തിലും കോവിഡിലും സമാനമായ രീതിയില്‍ തുക സമാഹരിച്ചുനല്‍കി മുഖ്യമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ വിദ്യാലയം കൂടിയാണ് 120 കുട്ടികള്‍ മാത്രം പഠിക്കുന്ന വെട്ടം എ.എച്ച്.എം.എല്‍.പി സ്‌കൂള്‍.
പി.ടി.എ പ്രസിഡന്റ് പി.പി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലഞ്ചേരി, വൈസ് പ്രസിഡന്റ് രജനി മുല്ലയില്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.പി അബ്ദുല്‍ നാസര്‍, ഗ്രാമപഞ്ചായത്തംഗം കെ.പി രാധ, പ്രധാനാധ്യാപകന്‍ എന്‍.പി ഫൈസല്‍, സ്‌കൂള്‍ മാനേജര്‍ കെ.വി മൂസക്കുട്ടി മാസ്റ്റര്‍, ഐ.സി.എസ് സെക്രട്ടറി കെ.ടി.ഒ മുഹമ്മദ് കുട്ടി, എന്‍.എസ് ബാബു, പിടിഎ വൈസ് പ്രസിഡന്റ് റുബീന കെ ടി, എം.പി.ടി.എ പ്രസിഡന്റ് യു.വി രിഞ്ചുഷ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *