എവിടെയോ ഒരു മരം കാത്തുനിൽക്കുന്നുവോ!നൂറനാട് മോഹൻ എഴുതുന്നു….

കഴിഞ്ഞ ദിവസം ജോയിന്റ് കൗൺസിൽ കൊല്ലം ജില്ലാ സമ്മേളനത്തിൽ സാംസ്കാരിക പ്രഭാഷണം നടത്തുന്നതിന് ഈയുള്ളവൻ നിയോഗിക്കപ്പെട്ടിരുന്നു. മുഖത്തലയിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയത് മഴയിലൂടെയാണ്. കാറോടിച്ചു പോകുമ്പോൾ മുമ്പില്ലാത്തവിധം മനസ്സിൽ വെറുതെ കടന്നുകൂടിയ ഒരു ചിന്ത, ‘എനിക്കായ് റോഡുവക്കിലെവിടെയാണ് ഒരു മരം കാത്തുനിൽക്കുന്നത്’ എന്നായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ അത്തരം ദുരന്തവാർത്തകൾ വിഷമത്തോടെ കേട്ടു. ഈ ആശങ്ക പ്രസംഗാരംഭത്തിൽ തന്നെ സൂചിപ്പിക്കുകയും ചെയ്തു.
ധാരാളം മരങ്ങൾ കാവൽ നിൽക്കുന്ന ഭരണിക്കാവ്, കല്ലട, കുണ്ടറ പാതയിലൂടെയുള്ള രാത്രിമടക്കവും മഴയിലൂടെയാണല്ലോ!
മരങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നിടത്താണ് നാം ഇപ്പോൾ അവയെ ഭയപ്പെടുകകൂടി ചെയ്യുന്നത്.
മരങ്ങളും മലകളും പുഴകളും കാട്ടുമൃഗങ്ങളും മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന ഈ പുതുകാലത്തോട് എങ്ങനെയാണ് പൊരുത്തപ്പെടുക.
ഈ കുറിപ്പെഴുതുമ്പോഴും കർണാടകയിലെ അങ്കോളയിൽ മണ്ണിനടിയിലായ മനുഷ്യരെ കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിന്റെ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്.
പ്രകൃതി മനുഷ്യരോട് കാട്ടുന്നത് പ്രതികാരത്തിന്റെയും പ്രതിഷേധത്തിന്റെയും നിശ്ശബ്ദ പോരാട്ടമാകണം. നാമത് ഉൾക്കൊണ്ട് മുന്നോട്ടുപോകുന്നത് നന്നായിരിക്കും. ശിക്ഷിക്കപ്പെടുന്നത് ചിലപ്പോൾ നിരപരാധികളാവും.

സിനിമാനടൻ ആസിഫ് അലിയെ വട്ടപൂജ്യമാക്കാൻ സംഗീതജ്ഞൻ രമേശ് നാരായണൻ ശ്രമിച്ചതിനെയും ആ സമ്മേളനത്തിൽ ഞാൻ അപലപിച്ചു.
എന്തൊരു അശ്രീകരമാണ് ആ വീഡിയോ ചിത്രത്തിൽ കാണുന്നത്. സംഗീതത്തിനുമപ്പുറം ആ മനുഷ്യന്റെ മനസ്സിനെ ഭരിക്കുന്നത് വർഗ്ഗീയ ചിന്തയാണോ? അതോ താൻ വലിയൊരു സംഭവമാണെന്ന അഹങ്കാര ഭാവമോ? ആരാണവിടെ ‘സീറോ’ ആയത്? കലാകാരൻമാർ സമൂഹത്തിന് മാതൃകയാകേണ്ടവരാണെന്ന ബോധമുണ്ടായില്ലെങ്കിൽ ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുകതന്നെ ചെയ്യും.
അതുല്യ കലാകാരനായ ആർ.എൽ.വി. രാമകൃഷ്ണനെ ഒരു നർത്തകി അധിക്ഷേപിച്ചപ്പോഴും ഇതേ വികാരമാണ് മനസ്സിലുണർന്നത്. ഒടുവിൽ ആ സ്ത്രീയുടെ അവസ്ഥയെന്തായി!

മനുഷ്യർ അതിജീവനത്തിനായി ഈ ഭൂമിയിൽ കിടന്ന് പെടാപ്പാട് പെടുമ്പോഴാണ്, പരണത്തുകിടന്ന് ചക്രശ്വാസം വലിക്കുന്ന ജാതിമതാന്ധതയുടെ പേരിലുള്ള ചിലരുടെ ഭ്രാന്തും, സ്വതസിദ്ധമായ ഹുങ്കും!
നാളെ എല്ലാവരും ഈ സുന്ദര ഭൂമി വിട്ടുപോകേണ്ടവരാണെന്ന സത്യം മറന്നുപോകരുത്.

Leave a Reply

Your email address will not be published. Required fields are marked *