മലപ്പുറം. കെഎസ്എഫ്ഇ മലപ്പുറം വളാഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തായി. പത്ത് മാസത്തിനിടെ നടന്നത് ഏഴ് കൊടിയുടെ തട്ടിപ്പ് എന്ന് കണ്ടെത്തൽ.ശാഖയിലെ ഗോൾഡ് അപ്രൈസർ കൊളത്തൂർ സ്വദേശി രാജനെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെ KSFE ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ആണ് 7 കോടിയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.പത്ത് അകൗണ്ടുകളിലായാണ് മുക്കുപണ്ടം പണയം വെച്ചത്.പ്രതികൾ നിരവധി തവണ വളാഞ്ചേരി ശാഖയിൽ മാത്രം ഇടപാട് നടത്തിയിട്ടുണ്ട്.സംഭവത്തിൽ ശാഖയിലെ ഗോൾഡ് അപ്രൈസർ മലപ്പുറം കൊളത്തൂർ സ്വദേശി രാജനെ പൊലീസ് കാസ്റ്റഡിയിൽ എടുത്തു.
അപ്രൈസർ അറിയാതെ തട്ടിപ്പ് നടത്താനാകില്ല എന്നാണ് പൊലീസിന്റെ നിഗമനം. മുക്കുപണ്ടം പണയം വെച്ച് ഒരു കോടി നാല്പത്തി എട്ടായിരം രൂപ തട്ടി എടുത്തു എന്നായിരുന്നു ശാഖാ മാനേജർ പൊലീസിൽ നൽകിയ പരാതി.
രാജന് പുറമെ പാലക്കാട് സ്വദേശികളായ പടപ്പേതൊടി അബ്ദുൽ നിഷാദ്,കൊരക്കോട്ടിൽ മുഹമ്മദ് അഷ്‌റഫ്,പറങ്ങാട്ടുതൊടി റഷീദലി,കാവുംപുറത്ത് മുഹമ്മദ് ശരീഫ് എന്നിവർ ആണ് പ്രതികൾ.ഇതിന് പുറമെ മറ്റൊരു അപ്രൈസറെ കൂടി പ്രതി ചേർത്തിട്ടുണ്ട്.അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടേക്കും.പ്രതികൾ ഉന്നത സ്വാധീനം ഉള്ളവർ ആണ് എന്നാണ് സൂചന.