“ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചു”

വിദ്യാഭ്യാസ വകുപ്പില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ സെക്രട്ടറിയേറ്റില്‍ നിന്നും ജീവനക്കാരെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പിലെ പതിനായിരത്തോളം വരുന്നമിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ സാധ്യത വളരെ കുറവാണ്. ജീവനക്കാര്‍ 25 വര്‍ഷത്തിലേറെ ജോലി ചെയ്താലും ഗസറ്റഡ് തസ്തികയിലെത്താതെ വിരമിക്കുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതി തുടങ്ങിയ കാലംമുതല്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ പ്രൊമോഷന്‍ തസ്തിക ആയി ഉണ്ടായിരുന്ന അക്കൗണ്ട്‌സ് ഓഫിസര്‍ തസ്തികകളില്‍ ഏകപക്ഷീയമായി സെക്രട്ടേറിയേറ്റ് ജീവനക്കാരെ നിയമിച്ചത് നിലവിലുള്ള സര്‍വ്വീസ് സംഘടനകളുമായി യാതൊരു ചര്‍ച്ചയും നടത്താതെയാണ്. സെക്രട്ടേറിയറ്റുകാരുടെ സ്ഥാനക്കയറ്റം ലക്ഷ്യമാക്കി വിവിധ വകുപ്പുകളിലേക്ക് നടത്തുന്ന ഇത്തരം ഇറക്കുമതികള്‍ അംഗീകരിക്കാനാവില്ല എന്നും വിദ്യാഭ്യാസ വകുപ്പിലെ പ്രമോഷന്‍ തസ്തികയായ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തിക വകുപ്പിലെ ജീവനക്കാരുടെ പ്രമോഷന്‍ തസ്തികയായി നിലനിര്‍ത്തണമെന്നും ധര്‍ണ്ണ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ആവശ്യപ്പെട്ടു. പ്രതിഷേധ ധര്‍ണ്ണയില്‍ ജോയിന്റ് കൗണ്‍സില്‍ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി നമ്പൂതിരി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറി എം.എം.നജീം, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി. ഹരീന്ദ്രനാഥ്, പി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്‍.സിന്ധു, വി.കെ.മധു, ജി.സജീബ് കുമാര്‍, വി.ശശികല, ബീന ഭദ്രന്‍,എസ്.അജയകുമാര്‍,വി.ബാലകൃഷ്ണന്‍, ആര്‍. സരിത എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *