ടിക് ടോക് വെബ്സൈറ്റ് ഇന്ത്യയിൽ ലഭ്യമായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്.

ന്യൂഡൽഹി:ടിക് ടോക് വെബ്സൈറ്റ് ഇന്ത്യയിൽ ലഭ്യമായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രക്തസാക്ഷികളുടെ ജീവത്യാഗം അവഗണിച്ച് ചൈനയുമായി ഒത്തുതീർപ്പുണ്ടാക്കിയെന്ന് കോൺഗ്രസ് ആരോപിച്ചു. “ചൈനീസ് കമ്പനിയായ ‘ടിക് ടോക്കി’ന്റെ വെബ്സൈറ്റ് ഇന്ത്യയിൽ പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുകയാണ്. ചൈനയുമായുള്ള ഏറ്റുമുട്ടലിൽ നമ്മുടെ 20 ധീര ജവാന്മാർ രക്തസാക്ഷിത്വം വരിച്ചത് ഓര്‍ക്കുക. ആ സംഭവത്തിൽ തുടക്കത്തിൽ നരേന്ദ്ര മോദി ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. കോൺഗ്രസ് സമ്മർദ്ദം ചെലുത്തിയപ്പോൾ ‘ടിക് ടോക്’ നിരോധിച്ച് പത്രങ്ങളുടെ തലക്കെട്ടിൽ‍ ഇടംപിടിച്ചു,” കോൺഗ്രസ് എക്സ് പോസ്റ്റിൽ പറഞ്ഞു.ഇപ്പോൾ മോദി വീണ്ടും ചൈനയുമായി അടുപ്പം കാണിക്കുകയും രക്തസാക്ഷികളുടെ ചെലവിൽ ഒത്തുതീർപ്പിൽ എത്തുകയും ചെയ്തിരിക്കുന്നതായി കോൺഗ്രസ് ആരോപണം ഉന്നയിച്ചു.ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചൈന സന്ദർശിക്കാൻ പദ്ധതിയിടുകയും ചെയ്യുകയാണ് മോദി.