ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്രബഡ്ജറ്റില്‍ പ്രതിഷേധിക്കുക 500 കേന്ദ്രങ്ങളില്‍ സമരകാഹളം തീര്‍ക്കും:ജോയിന്റ് കൗണ്‍സില്‍”

കേരളമുള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിക്കുന്ന കേന്ദ്രബഡ്ജറ്റ് നമ്മുടെ ഭരണഘടന ഊന്നിപ്പറയുന്ന ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കേരളം ആവശ്യപ്പെട്ട 24000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചില്ലെന്ന് മാത്രമല്ല ദീര്‍ഘനാളായുള്ള കേരളത്തിന്റെ പൊതുവികാരമായ എയിംസിന് സ്ഥലമുള്‍പ്പെടെ നല്‍കിയിട്ടും ബഡ്ജറ്റില്‍ അവഗണിക്കുകയാണുണ്ടായത്. സ്വന്തം മുന്നണിയുടെ താല്‍പ്പര്യം സംരക്ഷിക്കാനായി ചില സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കുകയും ഇതര സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തിന്റെ നഗ്നമായ ലംഘനമാണ്. രാജ്യത്തിന്റെ അഭിമാനമായി മാറുന്ന വിഴിഞ്ഞം തുറമുഖ വികസനത്തിനും ശബരി റെയില്‍പാതയ്ക്കും ഫണ്ട് അനുവദിച്ചില്ല. അമേരിക്ക ക്യൂബയ്‌ക്കെതിരെ നടത്തിയ സാമ്പത്തിക ഉപരോധത്തെ ഓര്‍മ്മപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന വിവേചനപരമായ നിലപാടുകള്‍.
കേരളം എന്ന വാക്കു പോലും എവിടെയും പറയാതിരിക്കാന്‍ ശ്രദ്ധിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിനുള്ള പ്രഖ്യാപനം ബഡ്ജറ്റില്‍ ഇല്ല. തൊഴില്‍ പൂര്‍ണ്ണമായും സ്വകാര്യ മേഖല വഴി എന്നതാണ് ബഡ്ജറ്റ് നല്‍കുന്ന സന്ദേശം. 10 ലക്ഷം തസ്തികളില്‍ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നു. കേന്ദ്ര നികുതി വിഹിതത്തിലെ കുറവും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതത്തിലെ വിവേചനവും സാമ്പത്തിക തകര്‍ച്ചയിലേക്ക് നമ്മുടെ സംസ്ഥാനത്തെ കൊണ്ട് ചെന്നെത്തിക്കും. സര്‍വ്വീസ് പെന്‍ഷന്‍ കുടിശികയും ക്ഷാമബത്താ കുടിശികയും മറ്റ് ക്ഷേമപെന്‍ഷനുകളും നല്‍കാനാവാത്തവിധം സാമ്പത്തിക ഞെരുക്കം നേരിടുന്ന കേരളത്തിന് കേന്ദ്ര ബഡ്ജറ്റ് ഇരട്ടി ആഘാതം സൃഷ്ടിക്കും.കേരളത്തെ മറന്ന കേന്ദ്ര ബജറ്റിനെതിരെ – കേരളമെന്നൊരു നാടുണ്ടിവിടെ – എന്ന ടാഗ് ലൈനോടെ 500 കേന്ദ്രങ്ങളില്‍ ഇന്ന് (25/7/2024 ) ജോയിന്റ് കൗണ്‍സില്‍ സമരകാഹളം നടത്തുമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും അറിയിച്ചു.
ഫെഡറല്‍ തത്വങ്ങള്‍ മറന്ന് കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി പ്രതിരോധിക്കാനാണ് സമരകാഹളം നടത്തുന്നത്. ഉച്ചക്ക് 12.30ന് സംസ്ഥാനത്തെ 500 സര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങള്‍ക്കു മുന്നിലാണ് സമരകാഹളം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *