സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും പണം തട്ടിയ പ്രതി അറസ്റ്റിൽ.

സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും പണം തട്ടിയ പ്രതി പോലീസിന്റെ പിടിയിലായി. വടകര, ചോളം വയൽ, പുത്തലത്ത് ഹൗസിൽ അബ്ബുൽ മജീദ് മകൻ ഷംഷീർ പുത്തലാത് (34) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക് മെസഞ്ചർ വഴി കൊല്ലം തെക്കേവിള സ്വദേശിയായ യുവതിയുമായി പരിചയപ്പെട്ട ഇയാൾ പിന്നീട് കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്യ്തു. തുടർന്ന് നുണകൾ പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി യുവതിയിൽ നിന്നും 11,52,100/- രൂപ കൈപ്പറ്റുകയായിരുന്നു. ഇതു കൂടാതെ ഇരുപത്തയ്യായിരം രൂപയോളം വില വരുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇയാൾ യുവതിയിൽ നിന്നും വാങ്ങിയെടുത്തു. എന്നാൽ പിന്നീട് ഇയാളുടെ ചതി മനസ്സിലാക്കി പിൻതിരിയാൻ ശ്രമിച്ച യുവതിയെ ഇയാൾ സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രസിദ്ധപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യ്തു. തുടർന്ന് യുവതി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം ആരംഭിച്ച വെസ്റ്റ് പോലീസ് പ്രതിയെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം പോലീസ് സംഘം വടകരയിൽ നിന്നും യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ വേറെയും യുവതികൾ ഇയാളുടെ ചതിക്കുഴിയിൽ അകപ്പെട്ടിട്ടുള്ളതായ് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കൊല്ലം എ.സി.പി ഷെറീഫ് എസ് ന്റെ മേനോട്ടത്തിലും വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്വത്തിലും എസ്.ഐ ജോസ് പ്രകാശ്, എ.എസ്.ഐ ഷാജഹാൻ എസ്.സി.പി.ഒ ശ്രീലാൽ സി.പി.ഓ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *