ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്യ്ത് സൈബർ തട്ടിപ്പ്; പ്രതികൾ പിടിയിൽ.

ഷെയർ ട്രേഡിംഗിലൂടെ വൻ തുക ലാഭം ഉണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യ്ത് ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ പണം തട്ടിയ സംഘത്തിലെ അംഗങ്ങൾ മലപ്പുറത്ത് നിന്നും കൊല്ലം സിറ്റി സൈബർ പോലീസ് സംഘത്തിന്റെ പിടിയിലായി. മലപ്പുറം പൊന്നാനി ചീയന്നൂർ കൊട്ടിലിങ്ങൽ വീട്ടിൽ അബ്ദുൾ മജീദ് മകൻ ഷംസുദ്ദീൻ(33), മലപ്പുറം തീരൂരങ്ങാടി പിലാത്തോട്ടത്തിൽ വീട്ടിൽ ഹഫീദ് റഹ്‌മാൻ മകൻ ഫസലു റഹ്‌മാൻ(21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആഴ്ച രജിസ്റ്റർ ചെയ്യ്ത രണ്ട് വ്യത്യസ്ഥ കേസുകളിലാണ് ഇവർ അറസ്റ്റിലായത്. ഷെയർ ട്രേഡിംഗിലൂടെ വൻ തുക ലാഭം ഉണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യ്ത് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ അംഗമാക്കിയ ശേഷം പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുതലായവ കൈക്കലാക്കുകയും തുടർന്ന് വ്യാജമായ ലാഭകണക്കുകൾ കാണിച്ച് ഇരകളായവരുടെ വിശ്വാസം നേടിയെടുത്ത ശേഷം പ്രലോഭിപ്പിച്ച് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഇപ്രകാരം നിക്ഷേപിക്കുന്ന പണം പല വിധത്തിൽ ട്രേഡിംഗ് നടത്തി ചുരുങ്ങിയ കാലയളവിൽ തന്നെ വൻ ലാഭം നേടിയെടുക്കാൻ സഹായിക്കാമെന്ന മോഹന വാഗ്ദാനമാണ് തട്ടിപ്പുകാർ നൽകുന്നത്. ഇപ്രകാരം കൊല്ലം സ്വദേശിയായ നിക്ഷേപകനിൽ നിന്നും 13799000/- (ഒരു കോടി മുപ്പത്തിയേഴ് ലക്ഷത്തി തൊണ്ണൂറ്റിഒമ്പതിനായിരം) രൂപയാണ് പ്രതിയായ ഷംസുദ്ദീൻ ഉൾപ്പെട്ട തട്ടിപ്പ് സംഘം തട്ടിയെടുത്തത്. സമാനമായ രീതിയിൽ ബ്ലോക്ക് ട്രേഡിംഗ് നടത്തി വൻ ലാഭം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്യ്ത് ഓച്ചിറ സ്വദേശിയിൽ നിന്നും 948150/-(ഒമ്പത്‌ലക്ഷത്തി നാൽപ്പത്തെണ്ണായിരത്തി ഒരുന്നൂറ്റി അമ്പത്) രൂപയാണ് ഫസലു റഹ്‌മാൻ ഉൽപ്പെട്ട സംഘം തട്ടിയെടുത്തത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി ചൈത്ര തെരേസ ജോൺ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി എ.സി.പി നസീർ എ യുടെ മേൽനോട്ടത്തിലുള്ള പോലീസ് സംഘം പ്രതികൾക്കായുള്ള അന്വേഷണം നടത്തി വരവെ മലപ്പുറം സ്വദേശികാളായ പ്രതികളെ പറ്റി വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് കൊല്ലം സിറ്റി സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ അബ്ദുൾ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നന്ദകുമാർ, നിയാസ് സി.പി.ഓ മാരായ ജോസ് ജോൺസൺ, ജിജോ, ഹരി കുമാർ, ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *