നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതൽ തടവിലാക്കി. കൊല്ലം ജില്ലയിൽ, കോട്ടക്കേറം, കിഴക്കേവിള വീട്ടിൽ, മോഹനൻ മകൻ മഞ്ചേഷ് (33) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. 2021 മുതൽ ഇതുവരെ പാരിപ്പള്ളി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്യ്തിട്ടുള്ള ആറ് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. കൊലപാതകശ്രമം, വ്യക്തികൾക്ക് നേരെയുള്ള കൈയ്യേറ്റം, നരഹത്യാശ്രമം എന്നീ ഗുരുതര കുറ്റകൃത്യങ്ങളിലാണ് ഇയാൾ ഉൾപ്പെട്ടിട്ടുള്ളത്.
ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ദേവിദാസ് എൻ ഐ.എ.എസ്സ് ആണ് കരുതൽ തടങ്കലിന് ഉത്തരവായത്. ഇയാളെ കരുതൽ തടവിൽ പാർപ്പിക്കുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു. ഈ വർഷം കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലേക്ക് അയക്കുന്ന ഇരുപത്തിയൊന്നാമത്തെ കുറ്റവാളിയാണ് മഞ്ചേഷ്. പൊതുജനങ്ങളുടെ സൈ്വര ജീവിതത്തിന് ഭീഷണിയായി മാറുന്ന ഇത്തരം കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി കാപ്പാ നിയമപ്രകാരം തുടർന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് അറിയിച്ചു.