“ശ്രീനാരായണപുരം ഏലായിൽ ഞെക്കാട് സ്കൂളിലെ കുട്ടികർഷകരുടെ ഞാറ് നടീൽ ഉത്സവം”

ഞെക്കാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റിൻ്റെ നേതൃത്വത്തിൽ “പാഠം ഒന്ന് പാടം ഞങ്ങളും പാടത്തേയ്ക്ക്” എന്ന പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം ഏലായിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ച നെൽകൃഷിയുടെ രണ്ടാം ഘട്ടമായ “ഞാർ നടീൽ ഉത്സവം” കുട്ടികളുടെയും അധ്യാപകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ ‘ഞാറ് നടീൽ ഉത്സവം’ ഉദ്ഘാടനം ചെയ്തു. മണ്ണിലും,ചേറിലും, ചെളിയിലും കഠിനാധ്വാനം ചെയ്യുന്ന കർഷകൻ്റെ വിയർപ്പിൻ്റെ വില വിദ്യാർത്ഥി സമൂഹത്തെ മനസ്സിലാക്കി കൊടുക്കാനുള്ള ഞെക്കാട് സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് അവർ അഭിപ്രായപ്പെട്ടു. യുവതലമുറയിൽ സ്കൂൾതലം മുതൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാനുള്ള പരിശ്രമങ്ങളിൽ അധ്യാപകരും പൊതുസമൂഹവും മുൻകൈയെടുക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.
ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബീന, കൃഷി ഓഫീസർ ലീന, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയും അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റുമായ ഒ.ലിജ, പിറ്റിഎ വൈസ് പ്രസിഡൻ്റ് സി.എ രാജീവ്, ഹൈസ്കൂൾ പ്രഥമാധ്യാപകൻ എൻ.സന്തോഷ്, അധ്യാപക രക്ഷാകർതൃ സമിതി എക്സിക്യൂട്ടീവ് അംഗങ്ങൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ , എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സിജു, അർച്ചന ഉണ്ണി, അധ്യാപക പ്രതിനിധി സംഗീത് തുളസി എന്നിവർ ഞാറ് നടീൽ ഉത്സവത്തിൽ പങ്കാളികളായി. സ്കൂൾ വികസന സമിതി ചെയർമാനും കർഷകനുമായ അനിൽകുമാറിൻ്റെ നേതൃത്വത്തിലാണ് കേഡറ്റുകൾ ശ്രീനാരായണപുരം ഏലായിൽ നെൽകൃഷി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *