“ലോക കായിക മാമാങ്കത്തിന് പാരീസിൽ ഇന്ന് ഔദ്യോഗിക തുടക്കം: എല്ലാ കണ്ണുകളും സെൻ നദിയിലേക്ക്‌”

പാരീസ്:മുപ്പതാം ഒളിമ്പിക്‌സിന് ഇന്ന് പാരീസിൽ ഔദ്യോഗിക തുടക്കമാകും. പാരീസ് നഗരത്തിനെ ചുറ്റിയൊഴുകുന്ന സെൻ നദിയിലേക്ക് ലോക കായിക ലോകം ഇന്ന് ചുരുങ്ങും. ഇതാദ്യമായാണ് സ്‌റ്റേഡിയത്തിന് പുറത്ത് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് അടക്കം നദിയിലൂടെയാകും നടക്കുക.

നൂറോളം നൗകകളിലായി 10,500 അത്‌ലറ്റുകൾ അണിനിരക്കും. ആസ്റ്റർലിറ്റ്‌സ് പാലത്തിന് സമീപത്ത് നിന്ന് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് ജർദിൻ ഡെസ് പ്ലാന്റ്‌സിൽ അവസാനിക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിയോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

ദീപം തെളിയിച്ച ശേഷം ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനവും സെൻ നദിയിൽ തന്നെയാണ്. അതേസമയം ഒളിമ്പിക്‌സിന്റെ സുപ്രധാന ചടങ്ങായ ദീപം തെളിയിക്കലിന്റെ സസ്‌പെൻസ് തുടരുകയാണ്. ആരാണ് ദീപം തെളിയിക്കുന്നത് എന്ന് ഇതുവരെ സംഘാടകർ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *