മുന്‍വിരോധം നിമിത്തം യുവാവിനെ സംഘം ചേര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. കയ്യാലക്കല്‍ തേജസ് നഗര്‍ 76, ഫാത്തിമ മന്‍സിലില്‍ മന്‍സൂര്‍ മകന്‍ സെയ്തലി(26), വടക്കേവിള മണക്കാട് അല്‍ത്താഫ് മന്‍സിലില്‍ ഷറഫുദ്ദീന്‍ മകന്‍ അച്ചു എന്ന അസറുദ്ദീന്‍ (26), കയ്യാലക്കല്‍ തേജസ് നഗര്‍ 60 ല്‍ സനോജ് മന്‍സിലില്‍, സുബൈര്‍ മകന്‍ സുല്‍ഫിക്കര്‍ (35), തട്ടാമല, ഹസീന മന്‍സിലില്‍ അന്‍സര്‍ മകന്‍ റോഷന്‍(23) എന്നിവരാണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്. കയ്യാലക്കല്‍ സ്വദേശി സനീര്‍ (44) നെയാണ് പ്രതികള്‍ മര്‍ദ്ദിച്ച് അവശനാക്കിയത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതികളായ അസറുദ്ദീനെയും മാഹീനെയും വാഹന മോഷണ കേസില്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ ഇടയാക്കി എന്ന വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30 മണിയോടെ ഇരവിപുരം നിവ്യ ജംഗ്ഷന് സമീപത്തുവച്ച് ബൈക്കില്‍ വരികയായിരുന്ന സനീറിനെ പ്രതികള്‍ കമ്പിവടിയും മറ്റ് മാരകായുധങ്ങളുമായി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തലയിലും മുതുകത്തും അടിയേറ്റ് നിലത്തുവീണ സനീറിനെ പ്രതികള്‍ മൃഗീയമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സനീറിന്‍റെ നാല് വിരലുകള്‍ക്ക് പൊട്ടല്‍ സംഭവിക്കുകയും ശരീരമാസകലം പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ് അവശനായ സനീറിനെ വഴിയരികില്‍ ഉപേക്ഷിച്ച് കടന്ന സംഘം ഇയാളുടെ ഒന്നര പവന്‍റെ സ്വര്‍ണ്ണമാലയും പോക്കറ്റില്‍ ഉണ്ടായിരുന്ന 52,000 രൂപയും മോഷ്ടിച്ചെടുത്തു. സനീറിന്‍റെ പരാതിയില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ രാജീവിന്‍റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍മാരായ ജയേഷ്, സിദ്ദീഖ് സി.പി.ഒ മാരായ സുമേഷ്, അനീഷ്, വൈശാഖ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.