ഓണ്‍ലൈന്‍ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍.

ഓണ്‍ലൈന്‍ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍. വെള്ളിമണ്‍ ഇടവട്ടം രഞ്ജിനി ഭവത്തില്‍ പ്രകാശ് മകന്‍ പ്രവീണ്‍(26) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. വിയറ്റ്‌നാമില്‍ അഡ്വര്‍ടൈസിങ് കമ്പനിയില്‍ ജോലി വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ യുവാക്കളെ കംബോഡിയയിലേക്ക് അനധികൃതമായി കടത്തിയിരുന്നത്. ഇതിനായി പ്രതികള്‍ യുവാക്കളില്‍ നിന്ന് വിസ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെ കൈപ്പറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ടൂര്‍ വിസയില്‍ വിയറ്റനാമിലെത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹോട്ടലുകളില്‍ താമസിപ്പിക്കുകയും, കംബോഡിയന്‍ എജന്റുമാര്‍ യുവാക്കളുടെ പാസ്‌പോര്‍ട്ടും മൊബൈല്‍ഫോണുകളും വാങ്ങി വെച്ചതിന് ശേഷം അനധികൃതമായി അതിര്‍ത്തി കടത്തി കംബോഡിയായില്‍ എത്തിക്കുകയായിരുന്നു. ഇവിടെ ഇവര്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുക എന്ന ജോലിയായിരുന്നു നല്‍കിയിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും തട്ടിപ്പ് നടത്തി പണം കണ്ടെത്താനും ഇവര്‍ക്ക് ടാര്‍ജറ്റ് നല്‍കിയിരുന്നു. കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായ പ്രവീണ്‍ മുമ്പ് കംബോഡിയയില്‍ ജോലിക്കായി പോയി തട്ടിപ്പ്കാരുമായി ബന്ധം സ്ഥാപിച്ച വ്യക്തിയാണ്. തുടര്‍ന്ന് നാട്ടില്‍ തിരിച്ചത്തിയ പ്രതി യുവാക്കളെ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് കംബോഡിയായിലേക്ക് കടത്തുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ പ്രതി ആറു മാസത്തിനുള്ളില്‍ 18 ഓളം പേരെ ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തിയതായി കണ്ടെത്തി. കേരള പോലീസിന്റെ സൈബര്‍ വിങ്ങിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മനുഷ്യക്കടത്ത് സംഘത്തിലെ മറ്റ് പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *