പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തുന്നതിന് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു.

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തുന്നതിന് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. ദീപുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച സര്‍ജ്ജിക്കല്‍ ബ്ലേഡ് വില്‍പന നടത്തിയ ബ്രദേഴ്‌സ് സര്‍ജിക്കല്‍സ് എന്ന സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
പ്രതി മലയം ചൂഴാറ്റുകോട്ട സ്വദേശി സജീകുമാര്‍ എന്ന ചൂഴാറ്റുകോട്ട അമ്പിളിക്ക് സര്‍ജിക്കല്‍ ബ്ലേഡും, ഗ്ലൗസും നല്‍കിയ സ്ഥാപന ഉടമ സുനില്‍കുമാര്‍ ഒളിവിലാണ്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തിയത്.
പാറശാലയ്ക്ക് പുറമെ നെയ്യാറ്റിന്‍കരയിലും ഇവരുടെ സ്ഥാപനം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. ഇരു സ്ഥാപനങ്ങള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
മെഡിക്കല്‍ ഉപകരണങ്ങള്‍ അനധികൃതമായി വില്‍പന നടത്തിയതിനാണ് കേസ്. തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗസ് കണ്‍ട്രോള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍മാരായ എസ്.അജി, മൈമൂണ്‍ഖാന്‍, വി.എന്‍.സ്മിത, എം.പ്രവീണ്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *