“17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോകകപ്പ് ചാമ്പ്യൻമാർ “

ബാര്‍ബഡോസ്: 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ അവിശ്വസനീയ പോരാട്ടം വീര്യം പുറത്തെടുത്തു ഇന്ത്യ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 7 റണ്‍സിന്റെ നടകീയ ജയം.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനു ഒടുവില്‍ ലോക കിരീട നേട്ടത്തിന്റെ അഭിമാനവുമായി പടിയിറങ്ങാം. ക്യാപ്റ്റന്‍ രോഹിതിനും അവിസ്മരണീയ മുഹൂര്‍ത്തം. അപരാജിത മുന്നേറ്റത്തില്‍ ബാര്‍ബഡോസില്‍ പുത്തന്‍ ഗാഥ.

ഒരിക്കല്‍ കൂടി ഇന്ത്യ ടി20 ലോക ചാമ്പ്യന്‍മാര്‍. 2007ല്‍ പ്രഥമ കിരീടം നേടിയ ശേഷമുള്ള അഭിമാന നിമിഷം. ഇതോടെ രണ്ട് ലോക കിരീടങ്ങള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം പേരെഴുതി ചേര്‍ക്കാനും ഇന്ത്യക്കായി. നടകീയതയും ആവേശവും അവസാന ഓവര്‍ വരെ നീണ്ട ഉദ്വേഗവും ഫൈനല്‍ ഒരു വിരുന്നാക്കി മാറ്റാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചു.

അവസാന ഓവറില്‍ 16 റണ്‍സായിരുന്നു പ്രോട്ടീസിനു വേണ്ടിയിരുന്നത്. ഈ ഓവറില്‍ അവര്‍ക്ക് 8 റണ്‍സേ നേടാനായുള്ളു. രണ്ട് വിക്കറ്റും നഷ്ടമായി

അവസാന മൂന്ന് ഓവറുകള്‍ എറിഞ്ഞ ജസ്പ്രിത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവരുടെ ബൗളിങാണ് കൈവിട്ട കളി ഇന്ത്യക്ക് അനുകൂലമാക്കിയത്.

20ാം ഓവറില്‍ ഇന്ത്യക്ക് ഭീഷണിയായി നിന്ന ഡേവിഡ് മില്ലറെ ഹര്‍ദികിന്റെ പന്തില്‍ ബൗണ്ടറി ലൈനിനരികില്‍ നിന്നു പിടിച്ച് പുറത്താക്കിയ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച് ദക്ഷിണാഫ്രിക്കയുടെ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ചു. മില്ലര്‍ 21 റണ്‍സുമായി മടങ്ങി. പിന്നീടെത്തിയ റബാഡയേയും മടക്കി ഹര്‍ദിക് അവരുടെ പതനം ഉറപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *