അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ അപ്രസക്തമാക്കുന്ന സര്‍ക്കുലര്‍ പിന്‍വലിക്കുക -ജോയിന്റ് കൗണ്‍സില്‍ .

തിരുവനന്തപുരം:ജീവനക്കാരുടെ നിയമനം /സര്‍വീസ് സംബന്ധമായി സര്‍ക്കാരോ വിവിധ വകുപ്പുകളോ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ പരാതി സമര്‍പ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. 1985 ലെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമം അനുസരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരോ വിവിധ വകുപ്പുകളോ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ അപ്പീല്‍ നല്‍കിയ ശേഷം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുവാന്‍ നിയമത്തിലെ സെക്ഷന്‍ 20 അനുസരിച്ച് കഴിയും. എന്നാല്‍ ഈ വകുപ്പിന് ഇപ്പോള്‍ സര്‍ക്കാര്‍ കാലപരിധി നിശ്ചയിച്ച് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ജനാധിപത്യവിരുദ്ധമാണ്. സര്‍ക്കുലറില്‍ അപ്പീല്‍ സമര്‍പ്പിച്ച് 6 മാസം കഴിഞ്ഞ് മാത്രമേ ജീവനക്കാരന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുവാന്‍ കഴിയൂ എന്ന വ്യവസ്ഥയാണ് സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇത് നിലവിലെ സര്‍വീസ് നിയമങ്ങളില്‍ ഒരിടത്തും സൂചിപ്പിച്ചിട്ടില്ലാത്ത കാലദൈര്‍ഘ്യമാണ്. 6 മാസം കഴിയുമ്പോള്‍ പല ഉത്തരവുകളുടെയും പ്രസക്തി നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. നിലവില്‍ സ്ഥലംമാറ്റങ്ങള്‍ ഓണ്‍ലൈനില്‍ നടത്തണമെന്ന ഉത്തരവ് 2017 ല്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും മഹാഭൂരിപക്ഷം വകുപ്പുകളിലും നടപ്പിലാക്കിയിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതിന് പകരം ജീവനക്കാര്‍ക്ക് നീതി നിഷേധിക്കുന്ന വിധത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ ദുര്‍ബലമാക്കുന്ന ജൂലൈ 26 ലെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും സര്‍ക്കാരിനോടാവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *