മഴ തീവ്രമാകുന്നതിന് മുമ്പ് പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണം: മന്ത്രി ഒ ആർ കേളു

ജില്ലയിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം

-കോടനാട് പ്ലാന്റെഷൻ സ്ഥലത്ത് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി നിർമ്മിച്ച തടയണയിലെ വെള്ളം ഒഴുക്കി വിടാൻ നിർദേശം

കാലവർഷം തീവ്രമാകുന്നതിന് മുന്നോടിയായി ചെയ്യേണ്ട നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കണമെന്നും പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. കളക്ടറേറ്റ് എ പി ജെ ഹാളിൽ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുക യായിരുന്നു മന്ത്രി.

ജില്ലയിൽ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ദുരിതാശ്വാസക്യാമ്പുകൾ നടത്തുന്നതിന് കേന്ദ്രങ്ങൾ കണ്ടെത്തി ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും നിലവിൽ 251 ഓളം അത്തരം കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും തദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.

അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റാനും റോഡ്- ഗതാഗത തടസങ്ങൾ നീക്കാനും വൈദ്യുതി മുടക്കം, വന്യമൃഗ ശല്യം തുടങ്ങിയ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ മന്ത്രി നിർദ്ദേശിച്ചു.

തദ്ദേശഭരണ സ്ഥാപനതലത്തിൽ ട്രീ കമ്മിറ്റി ചേർന്ന് അപകട ഭീഷണിയുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാൻ മരങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്കൂൾ പ്രവേശനത്തിനു മുന്നോടിയായി വളണ്ടിയർമാരുടെയും സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച് സ്കൂൾ ഫിറ്റ്നസ്സ് ഉറപ്പാക്കാൻ യോഗം തീരുമാനമെടുത്തു. സ്കൂൾ പരിസരത്ത് ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റാനും കുടിവെള്ള സ്രോതസ്, ഭക്ഷണം എന്നിവയുടെ ഗുണമേന്മ പരിശോധന ഉറപ്പാക്കാനും തീരുമാനിച്ചു.

അക്കാദമിക് മികവ് വർധിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി. ഗോത്ര മേഖലയുടെ സമഗ്ര പുരോഗതിക്ക് കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും എല്ലാ മാസവും പട്ടികവർഗ വികസന സമിതി യോഗം ചേരാനും ധാരണയായി.

ജില്ലയിലെ വിവിധ എസ്റ്റേറ്റുകളിലെ അടിക്കാട് വെട്ടിമാറ്റുന്നതിന് നിർദ്ദേശം നൽകിയിട്ടും പാലിക്കാത്ത വൈത്തിരി താലൂക്കിലെ എല്ലാ തോട്ട ഉടമകൾക്കും വില്ലേജ് ഓഫീസർ മുഖേന നോട്ടീസ് നൽകി. കാട് മൂടികിടക്കുന്ന തോട്ടഭൂമി കണ്ടെത്തി സോണൽ ലാന്റ് ബോർഡ് ചെയർമാന് റിപ്പോർട്ട് ചെയ്യുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു.

മേപ്പാടി ഗ്രാമപഞ്ചായത്ത് 22-ാം വാർഡിൽ ഉൾപ്പെടുന്നതും തൃക്കൈപ്പറ്റ വില്ലേജിൽ കോടനാട് പ്ലാന്റെഷൻ ഉടമസ്ഥതയിലുള്ളതുമായ സ്ഥലത്ത് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി തടയണ നിർമ്മിച്ച വിഷയത്തിൽ തടയണയിൽ വെള്ളം കെട്ടി നിർത്താതെ ഒഴുക്കി വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കോടനാട് എസ്റ്റേറ്റ് മാനേജർക്ക് നിർദേശം നൽകി.

ജില്ലയിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം അടിയന്തരമായി പരിഹരിക്കാൻ ജില്ല വികസന സമിതി യോഗത്തിൽ ധാരണയായി. ഈർപ്പം കൂടുതലാണെന്ന് പറഞ്ഞു കർഷകരിൽ നിന്നും നെല്ല് സ്വീകരിക്കാത്ത പ്രവണതക്ക് പരിഹാരം കാണാനും വരും വർഷങ്ങളിൽ മഴക്ക് മുന്നോടിയായി കർഷകരിൽ നിന്നും നെല്ല് സംഭരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ നിർദ്ദേശിച്ചു. മഴയിൽ 110 ഹെക്ടറോളം നെല്ല് ജില്ലയിൽ നശിച്ചു.
നെല്ല് സംഭരിക്കാൻ മില്ല് തയ്യാറായിട്ടുണ്ടെന്നും
അടുത്ത ദിവസങ്ങളിൽ തന്നെ നെല്ല് സംഭരിക്കുമെന്നും പ്രിൻസിപ്പൾ അഗ്രി കൾച്ചറൽ ഓഫീസർ അറിയിച്ചു. സംസ്ഥാനവിഹിതം 5.32 രൂപയും കേന്ദ്ര വിഹിതം 23 രൂപയുമായി മൊത്തം 28.32 രൂപ താങ്ങുവില നെൽ കർഷകർക്ക് നേരിട്ട് നൽകുന്നുണ്ട്.

ജനപ്രതിനിധികൾ, എഡിഎം കെ ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ജില്ലാ പ്ലാനിങ് ഓഫീസർ എം പ്രസാദൻ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *