വേടന്‍റെ പരിപാടിയില്‍ സംഘാടനത്തില്‍ പിഴവ്; കോട്ടമൈതാനത്ത് തിക്കിലും തിരക്കിലും പെട്ട 15 പേര്‍ ആശുപത്രിയിൽ

പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച വേടന്റെ റാപ്പ് ഷോയിൽ സംഘാടനത്തില്‍ വീഴ്ച. കാണികളുടെ തിരക്ക് നിയന്ത്രിക്കാൻ സംഘടക‍ർക്കും പൊലീസിനും സാധിച്ചില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലം നിരവധി പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആറ് മണിക്കാണ് പരിപാടി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ, ഏഴായിരം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കോട്ടമൈതാനം അഞ്ച് മണിക്ക് തന്നെ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. പരിപാടിയിലേക്ക് സൗജന്യ പ്രവേശനമായിരുന്നു. തുടർന്ന് പ്രധാന കവാടം അടച്ച് സംഘാടകർ പ്രവേശനം അവസാനിപ്പിച്ചെങ്കിലും യുവാക്കൾ അടങ്ങുന്ന ആരാധകർ വീണ്ടും എത്തിച്ചേരാൻ തുടങ്ങി. മരത്തിന് മുകളിൽ കയറി ഇരുന്നും മറ്റുമാണ് പലരും പരിപാടി കണ്ടത്.

ബാരിക്കേഡുകൾ ഉൾപ്പെടെ തകർത്ത് കാണികള്‍ വേദിക്ക് സമീപത്തേക്ക് എത്തിയതോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമല്ലാതായത്. “പാട്ട് പാടാൻ അനുവദിക്കണം” എന്ന് അഭ്യർഥിച്ച് വേടൻ പലതവണ പരിപാടി നിർത്തിവെച്ചിരുന്നു. ഇതിനിടെ പൊലീസ് ലാത്തിവീശി. പൊലീസിന്റെ ലാത്തി വാങ്ങി ചില സംഘാടകരും മർദിച്ചിരുന്നതായി ആരോപണമുണ്ട്. തിക്കിലും തിരക്കിലും പെട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികൾ ഉൾപ്പെടെ 15ഓളം പേരെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *