ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 1964 ൽ ഉണ്ടായ പിളർപ്പിനു കാരണം ഡാങ്കെ കത്തു
കളുടെ ചർച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ടല്ലോ. ഈ സന്ദർഭത്തിൽ എന്താണ് ഈ കത്തുകളെന്നും എന്താണിതിന്റെ വസ്തുതയെന്നതും വിശദമാക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറയിട്ട പലരെയും 1921-22 ലെ പെഷവാർ ഗൂഢാലോചനക്കേസുകളിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോഴും 1924 ൽ കാൺപൂർ ബോൾഷേവിക് ഗൂഢാലോചനക്കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമ്പോഴും ബ്രിട്ടീഷ് പൊലീസ് റിപ്പോർട്ട് ചെയ്തത് കമ്മ്യൂണിസം എന്ന ആശയത്തെതന്നെ വേരോടറുത്തുകളയാൻ കഴിഞ്ഞിട്ടുണ്ട്, ഇനി അവരാരും തലപൊക്കുകയില്ല എന്നാണ്. ആ കാൺപൂർ ബോൾ ഷവിക് ഗൂഢാലോനക്കേസി
ൽ 13 പ്രതികളാണ് അവസാനം വിചാരണയ്ക്കുണ്ടായിരുന്നത്. എങ്കിലും നാല് പേരെയാണ് കോടതി 3 വർഷത്തേക്ക് ശിക്ഷിച്ചത്. എസ് എ ഡാങ്കെ, മുസഫർ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, നളിനി ഭൂഷൻദാസ് ഗുപ്ത. ഇതിൽ മുസഫർ അഹമ്മദിനെയും നളിനിദാസ് ഗുപ്തയേയും ക്ഷയരോഗബാധയെത്തുടർന്ന് പിന്നീട് ജയിലിൽ നിന്നും വിട്ടയച്ചു. ശിക്ഷാകാലാവധി പൂർത്തിയാകുന്നതുവരെ ജയിലിൽ കിടന്നത് എസ് എ ഡാങ്കെയും ഷൗക്കത്ത് ഉസ്മാനിയും. ഡാങ്കെയും കൂട്ടരും ജയിലിൽ കിടന്നുകൊണ്ട് തങ്ങളെ മോചിപ്പിക്കണമെന്നും തങ്ങളാരും ഇനി ബ്രിട്ടീഷ് ഗവൺമെന്റിനെതിരെയുള്ള ഒരു പ്രവർത്തനത്തിനും പോവുകയില്ലായെന്ന് മാപ്പെഴുതി അപേക്ഷിച്ചു എന്നതാണ് 1964 ൽ കണ്ടുപിടിച്ച ആകെയുള്ള ഒൻപത് കത്തുകളുടെ ചുരുക്കം. അതിൽ നാല് കത്തുകൾ എസ് എ ഡാങ്കെയുടെ പേരിലും ഒരെണ്ണം ഡാങ്കെയും നളിനിദാസ് ഗുപ്തയും കൂടി ഒരുമിച്ച് എഴുതിയതാണെന്നും ഡൽഹിയിലെ നാഷണൽ ആർക്കൈവ്സിന്റെ ഫയലിൽ ഈ കത്തുകളുണ്ടെന്നും വാർത്ത പ്രചരിച്ചു. 1964 ൽ പാർട്ടി നേതൃത്വം ഈ ഫയലുകളും കത്തുകളും പരിശോധിക്കുമ്പോൾ ഇവ നാഷണൽ ആർക്കൈവ്സിൽ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു എന്നാണറിഞ്ഞത്. 40 വർഷങ്ങൾക്ക് മുമ്പ് ഡാങ്കെ എഴുതിയെന്നു പറയുന്ന കത്തിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയവും നാഷണൽ ആർക്കൈവ്സും ഗവേഷകരുമെല്ലാം അതുവരെ അജ്ഞരായിരുന്നു.
ഒന്നാമത്തെ കത്ത് 1924 മെയ് 24 ന് കാൺപൂർ ജയിലിൽ നിന്നും തന്റെ സ്വന്തം നാടായ ബോംബെ പ്രോവിൻസിലെ ബോംബെ (യർവാഡാ) ജയിലിലേക്ക് മാറ്റണമെന്നുള്ള ശ്രീപത് അമൃത് ഡാങ്കെയുടെ മാത്രമായ കത്തും മറ്റ് മൂന്നുപേരും അവരവരുടെ പ്രോവിൻസുകളിലുള്ള ജയിലുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒറ്റയ്ക്കും കൂട്ടായിട്ടും എഴുതിയ കത്തുകളുമാണ്. രണ്ടാമത്തെ ഫയലിലുള്ള കത്ത് എസ് എ ഡാങ്കെയും നളിനിദാസ് ഗുപ്തയും കൂടി ഒപ്പിട്ട് കാൺപൂർ ജയിലിൽ നിന്നും 1924 ജൂലൈ 7 ന് ജില്ലാ മജിസ്ട്രേറ്റിന് അയച്ച കത്താണ്.
മൂന്നാമത്തേത് 1924 ജൂലൈ 26 ന് എസ് എ ഡാങ്കെ ബ്രിട്ടീഷ് ഗവർണർ ജനറലിന് സീതാപൂർ ജയിലിൽ നിന്നും അയച്ചതായ ഒരു കത്ത്. നാലാമത്തേത് 1924 നവംബർ 16 ന് എസ് എ ഡാങ്കെ ബ്രിട്ടീഷ് ജനറലിന് അയച്ച മറ്റൊരു കത്ത്. ആ ഫയലിൽതന്നെ വ്യത്യസ്തമായ മറ്റൊരു കയ്യക്ഷരത്തിലുള്ള കത്തുമുണ്ട്. ഗോരഖ്പൂർ ജയിലിൽ നിന്ന് നളിനിദാസ് ഗുപ്ത എഴുതിയൊപ്പിട്ട ഈ കത്തിന്റെ സൈക്ളോസ്റ്റൈൽ കോപ്പിയാണ് ബാസവപുന്നയ്യ ഡാങ്കെയുടെ മുഖംമൂടി അഴിഞ്ഞു എന്നപേരിൽ പ്രചരിപ്പിച്ചത്.
ഈ കത്തുകളെക്കുറിച്ച് കേട്ടപ്പോൾ എസ് എ ഡാങ്കെ പ്രതികരിച്ചത് ഈ വ്യാജകത്തുകൾ ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസി
യുടെ സൃഷ്ടിയാകാമെന്നാണ്. 1964 ഏപ്രിലിൽ കൂടിയ നാഷണൽ കൗൺസിൽ യോഗത്തിന് മൂന്നോ നാലോ മാസങ്ങൾക്ക് മുമ്പ് ഈ കത്തുകളുടെ കോപ്പികൾ കേന്ദ്ര ആഭ്യന്തരമന്ത്രി ഗുൽസാരിലാൽ നന്ദയിൽ നിന്നും നാഷണൽ ആർക്കൈവ്സിൽ നിന്നും സംഘടിപ്പിച്ചു എന്നവകാശപ്പെട്ടവർ പത്രങ്ങളിൽക്കൂടിയും വീക്കിലികളിൽക്കൂടിയും കത്ത് പ്രചരിപ്പിച്ചെങ്കിലും പാർട്ടി നേതൃത്വത്തിന് നൽകുകയോ കമ്മിറ്റികളിൽ ഉന്നയിക്കുകയോ ചെയ്തിരുന്നില്ല. ഒരു അമേരിക്കൻ അനുകൂല വീക്കിലിയായ ദി കറന്റ് ആണ് 1964 ൽ ഈ കത്ത് ആദ്യം പ്രചരിപ്പിക്കുന്നത്. ഏപ്രിലിൽ കൂടിയ സെൻട്രൽ എക്സിക്യൂട്ടീവിന്റെയും നാഷണൽ കൗൺസിലിന്റെയും യോഗത്തിന് ഏതാനും ദിവസങ്ങൾ മുമ്പ് ബാസവപുന്നയ്യ, ജ്യോതിബാസു തുടങ്ങിയ സഖാക്കൾ ഈ കത്തുകൾ അടുത്ത യോഗത്തിൽ ചർച്ചചെയ്യിക്കുമെന്നും ഡാങ്കെയെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റുമെന്നും പത്രപ്രതിനിധികളോട് പറഞ്ഞിരുന്നു. ഇതും പാർട്ടിക്കുള്ളിൽ വലിയ ഒച്ചപ്പാടുണ്ടാക്കി.
1964 ഏപ്രിൽ 10 ന് ചെയർമാൻ എസ് എ ഡാങ്കെയുടെ അധ്യക്ഷതയിൽ നാഷണൽ കൗൺസിൽ യോഗം ആരംഭിച്ചു. 96 നാഷണൽ കൗൺസിൽ അംഗങ്ങളും ത്രിപുരയിൽ നിന്നുള്ള ഒരു ക്ഷണിതാവുമാണ് ആദ്യദിവസത്തിൽ യോഗത്തിനുണ്ടായിരുന്നത്. സെൻട്രൽ എക്സിക്യൂട്ടീവ് അംഗീകരിച്ച അജൻഡ സഖാവ് യോഗീന്ദ്രശർമ്മ അവതരിപ്പിച്ചു. നേതൃത്വനിരയിലെ പാർട്ടി സഖാക്കളുടെ പാർട്ടി വിരുദ്ധവും വിഭാഗീയവുമായ പ്രവർത്തനങ്ങൾ, ഡാങ്കെ കത്തുകളുടെ പരിഗണന, ബഹുജന പ്രസ്ഥാനങ്ങളുടെ കടമ എന്നിവയായിരുന്നു പ്രധാന അജൻഡ. അജൻഡ വായിച്ചുകഴിഞ്ഞപ്പോൾതന്നെ സഖാവ് ജ്യോതിബാസു ഒരു പ്രസ്താവനയുമായി എഴുന്നേറ്റു. അതിൽ
രണ്ടാമത്തെ ഐറ്റമായ ഡാങ്കെ കത്തുകൾ ആദ്യം ചർച്ചയ്ക്കെടുക്കണമെന്നും ആ കത്തുകൾ ചർച്ചചെയ്യുമ്പോൾ എസ് എ ഡാങ്കെ അധ്യക്ഷസ്ഥാനത്തുനിന്നും ഒഴിഞ്ഞുനിൽക്കണമെന്നും അടുത്ത പാർട്ടി കോൺഗ്രസ് വരെയെങ്കിലും നമുക്ക് ഒരുമിച്ച് പോകണമെന്നും ആവശ്യപ്പെട്ടു. ഡാങ്കെയുടെ കത്തുകൾ ചർച്ചചെയ്യുമ്പോൾ ഡാങ്കെ അധ്യക്ഷസ്ഥാനത്തുനിന്നും മാറിയിരിക്കുന്നതാണ് ഒരു കമ്മിറ്റി മര്യാദയെന്നും ജ്യോതിബസു പറഞ്ഞു. പത്രസമ്മേളനം നടത്തി ഇവിടെ പറഞ്ഞതെല്ലാം വിളിച്ചുപറഞ്ഞവർ ഇപ്പോൾ പറയുന്ന ബൂർഷ്വാമര്യാദയിൽ താൻ വിശ്വസിക്കുന്നില്ലെന്നും അധ്യക്ഷസ്ഥാനത്തിരുന്ന് ഡാങ്കെയും പ്രതികരിച്ചു. ഭൂപേഷ് ഗുപ്ത നടത്തിയ അഭിപ്രായപ്രകടനത്തിൽ യോജിച്ച ഒരു തീരുമാനം എടുക്കുന്നതിനുവേണ്ടി അൽപസമയത്തേക്ക് യോഗം നിർത്തിവയ്ക്കണമെന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് സംസാരിച്ച സി രാജേശ്വരറാവു അടുത്ത പാർട്ടി കോൺഗ്രസിലേക്ക് യോജിച്ച് പോകണമെന്ന അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട്
അതുവരെ പാർട്ടിയുടെ എല്ലാ സംഘടനാതത്വങ്ങളെയും ബലികഴിച്ച് പരസ്യപ്രസ്താവനയും നടത്തി പത്രസമ്മേളനങ്ങളും നടത്തുന്നതിന് ഒരു വിഭാഗത്തിന് അനുമതി വേണമെന്നാണോ ജ്യോതിബസു ആവശ്യപ്പെടുന്നത് എന്ന് ആരാഞ്ഞു. ഡാങ്കെ എഴുതിയെന്ന് പറയുന്ന കത്തുകൾ മൂന്ന് നാലുമാസമായി കയ്യിൽകിട്ടിയിട്ട്. ഇന്നുവരെ പാർട്ടി സെൻട്രൽ എക്സിക്യൂട്ടീവിനോ കൗൺസിലിനോ ആ കത്തുകൾ നൽകാതിരുന്നത് എന്തുകൊണ്ട്? പകരം നിങ്ങൾ അത് പത്രങ്ങൾക്ക് നൽകി. തന്നെയുമല്ല ഡാങ്കെ അധ്യക്ഷസ്ഥാനത്തുനിന്നും മാറിയിരുന്നില്ലെങ്കിൽ നാഷണൽ കൗൺസിൽ യോഗത്തിൽ ഞങ്ങൾ പങ്കെടുക്കുകയില്ലെന്നും പത്രസമ്മേളനം നടത്തി മൂൻകൂട്ടി പ്രഖ്യാപിച്ചു. പത്രസമ്മേളനത്തിൽ പറയാതെ നിങ്ങൾ കൗൺസിലിൽ വന്നതിനുശേഷം അങ്ങനെ ഒരു നിലപാടെടുത്താൽ പോരായിരുന്നോ? തുടങ്ങിയ ചോദ്യങ്ങൾ നിരത്തി. രണ്ട് സമാന്തര പാർട്ടികളായി ഇത് പ്രവർത്തിക്കുന്നുവെന്ന് എല്ലാ ബൂർഷ്വാപത്രങ്ങളെക്കൊണ്ടും പ്രചരിപ്പിച്ചു. ആന്ധ്രയിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ റിബൽ സ്ഥാനാർഥിയെ നിർത്തിയതും ബംഗാളിൽ ഭൂപേഷ് ഗുപ്തയെ തങ്ങൾ പിന്തുണയ്ക്കുകയില്ലെന്ന് ഒരു വിഭാഗം സന്ദേശം നൽകിയതും സി രാജേശ്വരറാവു ചൂണ്ടിക്കാണിച്ചു. ഡാങ്കെയെ ബ്രിട്ടീഷ് ചാരനായി ചിത്രീകരിച്ചവരിൽ പത്തുപേർ വാക്കൗട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് തടയാൻ നമുക്ക് ആവില്ലായെന്നും രാജേശ്വരറാവു അഭിപ്രായപ്പെട്ടു.
തുടർന്ന് സംസാരിച്ച ബാസവപുന്നയ്യ പിളർപ്പിന്റെ ഭീഷണി ഒരു യാഥാർഥ്യമാണെന്നും പാർട്ടിയിൽ വിഭാഗീയത നിലനിൽക്കുന്നുവെന്നത് വസ്തുതയാണെന്നും കത്തുകൾ മൂന്ന് മാസം മുമ്പ് കിട്ടിയെന്നതും അംഗീകരിച്ചു. അഞ്ചോ, ആറോ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറന്മാരോട് താൻ കത്തിന്റെ വിവരം നേരത്തേതന്നെ പറഞ്ഞിരുന്നുവെന്നും ബാസവപുന്നയ്യ വ്യക്തമാക്കി. തുടർന്ന് സ. എച്ച് കെ വ്യാസിനുശേഷം എസ് എ ഡാങ്കെയുടെ വിശദീകരണത്തിൽ അധ്യക്ഷസ്ഥാനത്തുനിന്നും താൻ മാറിനിൽക്കുകയെന്ന് പറഞ്ഞാൽ പ്രഥമദൃഷ്ട്യാ ഒരു കേസുണ്ടെന്നും താൻ അത് അംഗീകരിക്കുന്നുവെന്നും വ്യാഖ്യാനം വരും. താൻ എഴുതാത്ത കത്തുകളുടെ കാര്യത്തിൽ താൻ അതിന് തയ്യാറല്ലെന്നും വ്യക്തമാക്കി. (1962 മുതൽ പാർട്ടി ചെയർമാൻ എന്ന നിലയിൽ ഡൽഹിയിലെ നോർത്ത് അവന്യൂവിലെ ഒരു സിപിഐ എം പിയുടെ ഫ്ളാറ്റിലാണ് ഡാങ്കെ താമസിച്ചിരുന്നത്. നാഷണൽ കൗൺസിൽ കൂടുന്നതിന്റെ തലേദിവസം ഡാങ്കെയ്ക്ക് ആ എം പിയുടെ ഒരു കത്തുകിട്ടി. അതിൽ ഫ്ളാറ്റ് ഒഴിഞ്ഞുകൊടുക്കണമെന്നും ഡാങ്കെയോട് എം പി ആവശ്യപ്പെട്ടിരുന്നു). അതും കൗൺസിലിൽ ഡാങ്കെ വിശദീകരിച്ചു. നാഷണൽ കൗൺസിൽ ഒരു കോടതിയായി തന്നെ കുറ്റവിചാരണ ചെയ്യാൻ ഡാങ്കെ ആവശ്യപ്പെട്ടു. താൻ വിചാരണയ്ക്ക് തയ്യാറാണെന്നും അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാമെന്നും അതിനുശേഷം ഉചിതമായ തീരുമാനം എടുക്കാമെന്നും ഡാങ്കെ പറഞ്ഞു. ഡാങ്കെ അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് ഉറപ്പായപ്പോൾ സഖാവ് ജ്യോതിബസുവും രണൻസെന്നും ഇടപെട്ട് തൽക്കാലം യോഗം ഇന്ന് നിർത്തിവയ്ക്കാമെന്ന് പറയുകയും ഡാങ്കെ അതിനോട് യോജിച്ചുകൊണ്ട് പിറ്റേന്ന് കൂടാൻ തീരുമാനിച്ച് പിരിഞ്ഞു. ജ്യോതിബസു, ഇഎംഎസ് നമ്പൂതിരിപ്പാട്, ഭൂപേഷ് ഗുപ്ത തുടങ്ങിയവരുമായി ചില ചർച്ചകൾക്ക് ശേഷമാണ് പിറ്റേന്നും യോഗം കൂടിയത്. ആദ്യം ചെയർമാൻ ഡാങ്കെ നേതാക്കൾ തമ്മിൽ നടന്ന ചർച്ചയെക്കുറിച്ച് വിശദീകരിച്ചു. ഡാങ്കെ വിട്ടുപോയതായി ചില ഭാഗങ്ങൾ ഉണ്ട് എന്നുപറഞ്ഞുകൊണ്ട് ജ്യോതിബസുവും പിന്നീട് ഇഎംഎസ് നമ്പൂതിരിപ്പാടും സംസാരിച്ചു. ജ്യോതിബസു പറഞ്ഞ അഭിപ്രായങ്ങളോട് യോജിച്ചുകൊണ്ടുതന്നെ ഇഎംഎസ് പറഞ്ഞു. സെക്രട്ടേറിയറ്റിലേയും നാഷണൽ കൗൺസിലേയും ഭൂരിപക്ഷക്കാർ പല തെറ്റുകളും ഇക്കാര്യത്തിൽ വരുത്തിയിട്ടുണ്ടെങ്കിലും പാർട്ടിയിലെ ഇടതുപക്ഷ സഖാക്കൾ എടുത്ത എല്ലാ നിലപാടുകളും നീതീകരിക്കാൻ കഴിയുന്നതല്ല. തന്നെയുമല്ല അച്ചടക്കത്തിന്റെ നടപടി ഏറ്റവും ഉയർന്ന ഘടകത്തിൽ നിന്ന് തുടങ്ങണം. കത്തുകൾ മാത്രം ചർച്ചചെയ്താൽ മതിയെന്ന് വാദിച്ചാൽ പാർട്ടിക്കുള്ളിലെ വിഭാഗീയതക്കെതിരായ യുദ്ധം ഉപേക്ഷിച്ചിരിക്കുന്നു എന്നാണർഥം. ഞാൻ അതിനോട് യോജിക്കുന്നില്ല. ഈ കാര്യം ഞാൻ പറഞ്ഞതായി ഡാങ്കെ റിപ്പോർട്ട് ചെയ്യാൻവിട്ടു ജനറൽ സെക്രട്ടറി ഇഎംഎസ് കത്തുകളെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി. ഡാങ്കെ കത്ത് ചർച്ചചെയ്യുമ്പോൾ അധ്യക്ഷസ്ഥാനത്തുനിന്നും മാറണമെന്നത് ആവർത്തിച്ചു. ഇവിടെ ഭൂരിപക്ഷ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കുകയാണെങ്കിൽ ഈ ചർച്ചയിൽ പങ്കെടുക്കുന്നില്ല. ജനറൽ സെക്രട്ടറികൂടിയായ ഇഎംഎസ് നമ്പൂതിരിപ്പാട് ചർച്ച പൂർത്തിയാക്കി വാക്കൗട്ട് നടത്തി. കൂടെ നാഷണൽ കൗൺസിലിലെ 31 പേരും ഇറങ്ങിപ്പോയി.
തുടർന്ന് കൂടിയ യോഗത്തിൽ കത്തുകളെന്ന അജൻഡ ചർച്ചയ്ക്കെടുക്കുമ്പോൾ അധ്യക്ഷനായ ഡാങ്കെ സ്വയം എഴുന്നേറ്റുനിന്ന് പറഞ്ഞു ഞാൻ തൽക്കാലം അധ്യക്ഷസ്ഥാനത്ത് ഇരിക്കുന്നില്ല മറ്റാരുടെയെങ്കിലും അധ്യക്ഷതയിൽ യോഗം തുടരട്ടേയെന്ന് പറഞ്ഞു. തുടർന്ന് സഖാവ് ജി അധികാരിയുടെ അധ്യക്ഷതയിൽ കമ്മിറ്റി യോഗം ഏഴുപേരുള്ള ഒരു അന്വേഷണ കമ്മിഷനെ ഈ കത്തുകളുടെ നിജസ്ഥിതി മനസിലാക്കി റിപ്പോർട്ട് ചെയ്യുന്നതിനായി നിയോഗിച്ചു. സഖാക്കൾ എസ് വി ഘാട്ടെ, ഡോ. ജി അധികാരി, ഭൂപേഷ് ഗുപ്ത, ഹിരൺ മുഖർജി, സി. രാജേശ്വരറാവു, സി അച്യുതമേനോൻ, സോഹൻസിങ് ജോഷ് എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. സഖാവ് എസ് വി ഘാട്ടെയെ കൺവീനറായും തീരുമാനിച്ചു.
ഈ വിഷയത്തിൽ താൽപ്പര്യമുള്ള എല്ലാ പാർട്ടി അംഗങ്ങൾക്കും തെളിവുകൾ സഹിതം കമ്മിഷനെ സമീപിക്കാമെന്ന് അറിയിപ്പ് നൽകി. ഡാങ്കെ കത്തുകൾ അടങ്ങുന്ന ഫയൽ പരിശോധിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രാലയത്തിനും കമ്മിഷൻ കത്തെഴുതി. സഖാക്കൾ ധരണിഗോസ്വാമി, പി സി ജോഷി, എസ് എസ് മിറാജ്കർ, കെ എൻ ജോഗ്ള്ലോക്കർ, എസ് എ ഡാങ്കെ, മുസഫർ അഹമ്മദ് തുടങ്ങി നിരവധി പാർട്ടി നേതാക്കളുടെ മൊഴികളും പല പ്രസിദ്ധീകരണങ്ങളും ആഭ്യന്തരമന്ത്രാലയത്തിലെ ബന്ധപ്പെട്ട ഫയൽ രേഖകളും കമ്മിഷൻ പരിശോധിച്ചു. 40 വർഷം മുമ്പ് എഴുതിയെന്ന് പറയുന്ന കത്തുകൾ ഇപ്പോൾ ഡൽഹി ആർക്കൈവ്സിൽ എങ്ങനെ എത്തിയെന്ന് കമ്മിഷനിലെ ചിലർ അന്വേഷിച്ചു. 1920 കളിലെ ഇത്തരം ബ്രിട്ടീഷ് പൊലീസുമായി ബന്ധപ്പെട്ട രേഖകൾ ബോംബെ ആർക്കൈവ്സിലാണ് സൂക്ഷിക്കേണ്ടത്. അങ്ങനെയെങ്കിൽ അത് ഡൽഹിയിൽ ആഋ, എങ്ങനെ എത്തിച്ചു?, ഈ കത്തുകൾ ദി കറന്റ് വീക്കിലിയിൽ എങ്ങനെ കിട്ടി? മുൻകൂർ എഴുതിവാങ്ങിയ അനുമതിയില്ലാതെ കമ്മിഷൻ അംഗങ്ങളായ മുതിർന്ന നേതാക്കൾക്കുപോലും കാണാൻ കിട്ടാത്ത ഫയലുകളും അതിലിരിക്കുന്ന കത്തുകളും വീക്കിലിക്കും പത്രങ്ങൾക്കും ചില പാർട്ടി റിബൽ നേതാക്കൾക്കും അനുമതിയില്ലാതെ എങ്ങനെ കിട്ടി? കാൺപൂർ കേസിൽ ഡാങ്കെയോടൊപ്പം ഉണ്ടായിരുന്ന (പിന്നീട് സിപിഐ വിട്ട) മുസഫർ അഹമ്മദ് പറയുന്നത് കത്തിന്റെ കയ്യക്ഷരം ഡാങ്കെയുടെ കയ്യക്ഷരം പോലിരിക്കുന്നു. എന്നാൽ പേരെഴുത്തും ഒപ്പും നളിനീദാസ് ഗുപ്തയുടേതാണെന്ന് തോന്നുന്നുവെന്നും ഡാങ്കെയുടെ ഇംഗ്ളീഷ് ഭാഷാ പ്രയോഗം വളരെ മെച്ചമായതുകൊണ്ടുതന്നെ വാചകഘടനയും സ്പെല്ലിങും തെറ്റായി ഉപയോഗിച്ചുകണ്ട കത്തുകൾ ഡാങ്കെ എഴുതിയതാകുമോ? 40 വർഷത്തിനുശേഷവും കത്തിന്റെ പുതുമ നഷ്ടപ്പെടാതെ എങ്ങനെ സൂക്ഷിച്ചു. ജയിലിൽ നിന്നും പ്രോവിൻസ് ജയിലിലേക്ക് മാറ്റണമെന്നാണ് എല്ലാവരും ആദ്യത്തെ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതിൽ തെറ്റുമില്ല. എന്നിട്ടും ഡാങ്കെ എന്തിനത് നിഷേധിക്കുന്നു? ഇതെല്ലാം കമ്മിഷൻ പരിശോധിച്ചു. എല്ലാവരുടെയും മൊഴികളും രേഖകളും പരിശോധിച്ച് കമ്മിഷനിലെ 5 അംഗങ്ങൾ ഒരുമിച്ച് ഒപ്പിട്ട ഒരു റിപ്പോർട്ടും രണ്ട് സഖാക്കളുടെ പ്രത്യേക റിപ്പോർട്ടും 1964 ഡിസംബർ 12 ന് സമർപ്പിച്ചു. എസ് വി ഘാട്ടെ, സി രാജേശ്വരറാവു, ഡോ. ജി അധികാരി, സി അച്യുതമേനോൻ, ഹിരൺ മുഖർജി എന്നിവർ ഒപ്പിട്ട റിപ്പോർട്ടിൽ ഈ കത്തുകൾ വ്യാജമാണെന്ന് തോന്നുന്നുവെന്നും അതുകൊണ്ട് എസ് എ ഡാങ്കെ കത്തുകൾ നിഷേധിച്ച നിലപാട് ശരിയാണെന്നും അഭിപ്രായപ്പെട്ടു. എന്നാൽ സഖാക്കൾ ഭൂപേഷ് ഗുപ്തയും സോഹൻസിങ് ജോഷും ഒപ്പിട്ട റിപ്പോർട്ടിൽ ഡാങ്കെയെ ബ്രിട്ടീഷ് ചാരൻ എന്നുവിളിച്ചത് കമ്മിഷനെ ഏറെ വേദനിപ്പിക്കുന്നുവെന്നും ഈ കത്തുകൾ ശരിയായാലും വ്യാജനായാലും പത്രങ്ങൾക്കും മറ്റും ചോർത്തി പ്രചരണം നടത്തിയതിൽ സഖാക്കൾ ബാസവപുന്നയ്യ, ദ്വിജെൻ നന്ദി എന്നിവർക്കാണ് പൂർണ ഉത്തരവാദിത്തമെന്നും ചൂണ്ടിക്കാണിച്ചു. 1924 മെയ് 24 ന് ജയിൽ മാറ്റത്തിനുവേണ്ടി എഴുതിയ കത്ത് ശരിയാകാനാണ് സാധ്യതയെന്ന് ഈ രണ്ടംഗങ്ങൾ കണ്ടെത്തി. എന്നാൽ ഡാങ്കെയെ ബ്രിട്ടീഷ് ചാരൻ എന്ന് വിളിക്കാൻ കഴിയുന്ന എന്തെങ്കിലും തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായെന്നും അങ്ങനെയെങ്കിൽ കാൺപൂർ കേസിലെ ശിക്ഷാ കാലാവധി മുഴുവനും ജയിലിൽ കിടന്നതുകൂടാതെ അതിനുശേഷം മീററ്റ് കേസിൽ 4 വർഷവും തുടർന്ന് രണ്ടാംലോക യുദ്ധകാലത്ത് അറസ്റ്റുചെയ്ത് ജയിലിലായതുൾപ്പെടെ 12 വർഷം ബ്രിട്ടീഷ് സർക്കാരിന്റെ ജയിലിൽ കിടക്കേണ്ടിവന്നതും അവർ ചൂണ്ടിക്കാണിച്ചു. മറ്റ് കത്തുകളെ സംബന്ധിച്ച് ഒരു ശരിയായ നിഗമനത്തിലെത്താൻ കഴിയുന്നില്ലെന്നും കൂടുതൽ പരിശോധിക്കുന്നതിൽ അർഥമില്ലായെന്നും അവർ അഭിപ്രായപ്പെട്ടു.
1978 ലെ ഭട്ടിൻഡ കോൺഗ്രസിലെ തീരുമാനങ്ങളോട് വിയോജിപ്പുള്ള ആളായിരുന്നു എസ് എ ഡാങ്കെ. എങ്കിലും ഭൂരിപക്ഷ തീരുമാനം അംഗീകരിച്ച് പാർട്ടി ചെയർമാൻ സ്ഥാനത്ത് തുടർന്നു. പക്ഷെ അദ്ദേഹത്തിന്റെ മകൾ റോസാ ദേശ്പാണ്ഡെയുടെ നേതൃത്വത്തിൽ ഓൾ ഇന്ത്യാ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുകയും അതിന്റെ പ്രവർത്തനങ്ങളുമായി ഡാങ്കെ സഹകരിച്ചും അവരെ സഹായിച്ചും പ്രവർത്തിച്ചപ്പോൾ എസ് എ ഡാങ്കെയെ 1981 ഏപ്രിൽ 13 ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു വ്യക്തി അയാൾ എത്രതന്നെ ഉന്നതനായാലും പുകഞ്ഞകൊള്ളി പുറത്തുതന്നെ. അന്വേഷണ റിപ്പോർട്ട് വിവരിക്കാനോ എസ് എ ഡാങ്കെയെ ന്യായീകരിക്കാനോ അല്ല ഇത് ഇവിടെ വിവരിക്കുന്നത്. ചരിത്രം വളച്ചൊടിക്കാനുള്ളതല്ല എന്ന് ഓർമ്മിപ്പിക്കാൻ മാത്രം. സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സാർവദേശീയ റിവിഷനിസം എന്നുവിളിച്ച് ആക്ഷേപിച്ചും എല്ലാ രാജ്യങ്ങളിലേയും കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഭിന്നിപ്പ് ഉണ്ടാക്കിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പിളർപ്പൻ പദ്ധതിയുടെ സ്വാധീനത്തിൽപ്പെട്ട് ഇന്ത്യയിലും റിവിഷനിസ്റ്റ് ആക്ഷേപം ഉണ്ടാക്കി പിളർപ്പിലേക്ക് നയിച്ച സാഹചര്യങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിക്കുമ്പോഴാണ് ഡാങ്കെ കത്തുകൾ പ്രസക്തമാകുന്നത്.
ഇറങ്ങിപ്പോകാൻ മുൻകൂറായി നിശ്ചയിച്ചുവന്നവർക്ക് ഒരായുധമായിരുന്നു ആ വ്യാജകത്തുകൾ.
കടപ്പാട് FB post