ഓറഞ്ച് അലർട്ട്: പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം-കൊല്ലം ജില്ലാ കലക്ടർ

കൊല്ലം: ജില്ലയിൽ മെയ്‌ 26 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ എൻ ദേവിദാസ് അറിയിച്ചു.

പരമാവധി വീടിനുള്ളിൽ തന്നെ കഴിയണം. പ്രളയ- മണ്ണിടിച്ചിൽ സാധ്യതാ മേഖലകളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തണം.

ബീച്ചുകളിൽ ഇറങ്ങരുത്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാം. ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്. ചാലുകൾ / ചപ്പാത്തിന് മുകളിലൂടെ ശക്തമായ നീരൊഴുക്കിലൂടെ മുറിച്ച് കടക്കാൻ പാടില്ല.

ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലയിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കണം.

പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണം. കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം. ജില്ലയിലെ ജലാശയങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം; പ്രധാനപ്പെട്ട രേഖകൾ അടക്കമുള്ള വിലപ്പെട്ട വസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം.

അടിയന്തര സഹായത്തിനായി 1077 ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *