“സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പള വര്‍ധന ഇത് വാഴ്ത്തുപാട്ടുകാരുടെ സുവര്‍ണകാലം:തുളസീധരന്‍ പള്ളിക്കല്‍”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് വാഴ്ത്തുപാട്ടുകാരുടെ സുവര്‍ണ കാലമാണെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ഒരേ സമയം ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും പിന്‍വാതിലിലൂടെ നിയമനം നല്‍കിയും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് വാഴ്ത്തുപാട്ടുകാര്‍ക്ക് വാരിക്കോരി നല്‍കുകയുമാണ്. അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അരങ്ങുവാഴുകയാണ് സര്‍ക്കാരും മുഖ്യമന്ത്രിയും. ആരോഗ്യമേഖലയില്‍ മുഴുസമയവും കഠിനാധ്വാനം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ന്യായമായ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരം മൂന്നൂ മാസത്തോടടുക്കുന്നു. അവരുടെ സഹനസമരത്തെ അനുഭാവപൂര്‍വം പരിഗണിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരാണ് വാഴ്ത്തുപാട്ടുകാര്‍ക്ക് വാരിക്കോരി നല്‍കുന്നത്. അമിത നികുതി ഭാരവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുകയാണ് സംസ്ഥാനത്തെ ജനങ്ങള്‍. പിആര്‍ വര്‍ക്കിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് ഇല്ലാത്ത ഭരണനേട്ടം പ്രചരിപ്പിച്ച് സാധാരണക്കാരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. ഇത്തരം പൊടിപ്പും തൊങ്ങലും വെച്ച പ്രചാരണത്തിന് 12 അംഗ സോഷ്യല്‍മീഡിയ ടീം ആണ് മുഖ്യമന്ത്രിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ശമ്പള ഇനത്തില്‍ മാത്രം പ്രതിമാസം ഏഴു ലക്ഷത്തിലധികം രൂപ വേണം. 2022 മേയില്‍ 6 മാസത്തേക്കു സിഡിറ്റ് വഴി നിയമിക്കപ്പെട്ട കരാര്‍ ജീവനക്കാരെ പിന്നീട് പിആര്‍ഡിക്കു കീഴിലെ കരാര്‍ ജീവനക്കാരാക്കുകയായിരുന്നു. ഇതിനിടെ പല തവണയായി അവരുടെ കാലാവധി നീട്ടിനല്‍കിയിരിക്കുകയാണ്. പുകഴ്ത്തു പാട്ടുകാരെ ജനങ്ങളുടെ ചെലവില്‍ തീറ്റിപ്പോറ്റുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *