തൃശൂര്‍:ആധുനിക ശാസ്ത്രസാങ്കേതിവിദ്യയുടെ സംഭാവനയായ നിര്‍മ്മിതബുദ്ധിയെ പൊതു ഉടമസ്ഥതയില്‍ കൊണ്ടവരണം എന്നതാണ് സി പി ഐ നിലപാട് എന്ന് പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ്ബാബു പറഞ്ഞു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവേണ്ടി തൃശൂര്‍ ടൗണ്‍ഹാളില്‍ നടത്തിയ മേഖലായോഗം ഉദ്ഘാടനം ചെയ്ത് റിപ്പോര്‍ട്ടിംഗ് നടത്തുകയായിരുന്നു അദ്ദേഹം.
മുതലാളിത്തത്തിന്റെ ഉപകരണമായി എ ഐയെ ദുരുപയോഗിച്ച് ഏതാനും ബഹുരാഷ്ട്ര കുത്തക ഭീമന്മാരില്‍ കൊള്ളലാഭം കൊയ്യാനും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കാനും മാത്രമാണ് ആധുനിക സാങ്കേതികവിദ്യകളെ ഉപയോഗിക്കുന്നത്. ഈ നയം തിരുത്തപ്പെടണം. സമ്പത്തിന്റെ ഭയാനകയമായ കേന്ദ്രീകരണവും തൊഴില്‍രഹിത സാമ്പത്തികവളര്‍ച്ച ഉണ്ടാക്കാനുമുള്ള പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അനധികൃതമായ കുടിയൊഴിപ്പിക്കല്‍, വനമേഖലകളിലെ അശാസ്ത്രീയ ഖനനം മുതലായവ ഇതിന്റെ ഉദാഹരണങ്ങളാണ്. ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതോടൊപ്പം അതിദരിദ്രരുടെ എണ്ണം ഭീതിദമായ വിധത്തില്‍ കുതിച്ചുയരുന്നു. ഈ പ്രതിസന്ധി സൃഷ്ടിക്കാന്‍ മുതലാളിത്തം ശ്രമിക്കുമ്പോള്‍ അതിന് നിര്‍ലജ്ജം കൂട്ടുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
2026 മാര്‍ച്ച് മാസത്തോടുകൂടി നക്‌സല്‍മുക്തഭാരതം എന്ന അമിത്ഷായുടെ പ്രഖ്യാപനം രാജ്യവ്യാപകമായി നക്‌സലുകളെയും മാവോയിസ്റ്റുകളെയും വേട്ടയാടുന്നതിനുള്ളതാണ്. എന്നാല്‍, അവര്‍ ഉയര്‍ത്തുന്ന വിഷയങ്ങളെ രാഷ്ട്രീയമായി കാണുകയും ചര്‍ച്ചകൡലൂടെ അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്നതിനു പകരം അവരെ വേട്ടയാടി ഇല്ലാതാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. നക്‌സലുകളും മാവോയിസ്റ്റുകളും ആയുധം ഉപേക്ഷിച്ച് ജനാധിപത്യത്തിന്റെ വഴിയിലേക്ക് വരണമെന്ന നിലപാടും കെ പ്രകാശ്ബാബു വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ പി സുരേഷ് രാജ് അദ്ധ്യക്ഷത വഹിച്ചു.ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ പി രാജേന്ദ്രന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ വത്സരാജ്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ അഡ്വ. വി എസ് സുനില്‍കുമാര്‍, രാജാജി മാത്യു തോമസ്, പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ്, തൃശൂര്‍ ജില്ലാ അസി.സെക്രട്ടറി ഇ എം സതീശന്‍, പാലക്കാട് ജില്ലാ അസി.സെക്രട്ടറിമാരായ കെ ഷാജഹാന്‍, കെ രാമചന്ദ്രന്‍, മുതിര്‍ന്ന നേതാവ് സി എന്‍ ജയദേവന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങൾ പങ്കെടുത്തു. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ സ്വാഗതവും അസി.സെക്രട്ടറി അഡ്വ. ടി ആര്‍ രമേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.