സർവീസ് ജീവിതത്തിൽ ജീവനക്കാരുടെ അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയ നേതാക്കൾ സർവീസിൽ നിന്ന് പടിയിറങ്ങി

ജയശ്ചന്ദ്രന്‍ കല്ലിംഗല്‍.

തിരുവനന്തപുരം:അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനറും ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജയശ്ചന്ദ്രന്‍ കല്ലിംഗല്‍  സര്‍വീസില്‍ വിരമിച്ചു. 1997 ല്‍ തിരുവനന്തപുരം കളക്ടറേറ്റില്‍ ക്ലാര്‍ക്കായി സര്‍വീസില്‍ പ്രവേശിച്ച ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ തഹസില്‍ദാര്‍ ആന്റ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് തസ്തികയില്‍ നിന്നാണ് വിരമിക്കുന്നത്. ജോയിന്റ് കൗണ്‍സില്‍ വഞ്ചിയൂര്‍ ബ്രാഞ്ച് സെക്രട്ടറി, തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികളിലൂടെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. കേരള റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് നടത്തിയ പ്രക്ഷോഭങ്ങള്‍ , പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാ സമിതി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതിനു വേണ്ടി സുപ്രീംകോടതി വരെ നീണ്ടു നിന്ന നിയമ പോരാട്ടം നടത്തിയത്, സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരം, കോവിഡ് കാലത്ത് ആരംഭിച്ച വിശക്കരുതാര്‍ക്കും എന്ന പേരിലുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ബോട്ടില്‍ ബൂത്തുകള്‍, പരിസ്ഥിതി സംരക്ഷണ യാത്രകള്‍, എല്ലാ രണ്ടാം ശനിയാഴ്ചയും 15 കേന്ദ്രങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ പ്രത്യേക സ്‌ക്വാഡുകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതാണ്. 2023 നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 7 വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ പദയാത്രയ്ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം കളക്ടര്‍ ഡോക്ടറെ വിളിച്ചു വരുത്തി ചികിത്സിച്ചതിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചെങ്കിലും ആ വിഷയത്തില്‍ ശക്തമായ ജനപിന്തുണ ലഭിക്കുകയുണ്ടായി. 2002 ലെ 32 ദിവസം നീണ്ടു നിന്ന പണിമുടക്കം, 2013 ലെ പങ്കാളിത്ത പെന്‍ഷന്‍ വിരുദ്ധ പണിമുടക്കം തുടങ്ങിയവയ്ക്ക് തിരുവനന്തപുരം ജില്ലയില്‍ നേതൃത്വം നല്‍കിയതിന്റെ പേരില്‍ 6 മാസത്തോളം സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2025 ജനുവരി 22 ന് നടത്തിയ സൂചനാ പണിമുടക്കത്തിന് നേതൃത്വം നല്‍കി. നിലവില്‍ വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയാണ്. വഴിയരികില്‍ ഒരു നിമിഷം എന്ന യാത്രാവിവരണ ഗ്രന്ഥം പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔദ്യോഗിക യാത്രയയപ്പുകള്‍ സംഘടിപ്പിക്കുന്നില്ല. പത്തനാപുരം ഗാന്ധിഭവനില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടാണ് വിരമിച്ചത്. ഉപഹാരങ്ങള്‍ക്ക് പകരം ലഭിച്ച ബെഡ്ഷീറ്റ്, ഡയപ്പര്‍ തുടങ്ങി കിടപ്പുരോഗികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് കൈമാറി

ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ ആയിരുന്ന പി.എസ്.സന്തോഷ്‌കുമാര്‍, സംസ്ഥാന സെക്രട്ടറിയായിരുന്ന എം.എം.നജീം, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ നാരായണന്‍ കുഞ്ഞിക്ക.ണ്ണോത്ത്, പി.ഹരീന്ദ്രനാഥ് എന്നിവരും ഇന്ന് സര്‍വീസില്‍ നിന്നും വിരമിച്ചു.
പി.എസ്.സന്തോഷ്‌കുമാര്‍.
കല്ലട ജലസേചന പദ്ധതി അടൂര്‍ സര്‍ക്കിള്‍ ഓഫീസില്‍ 1990 ല്‍ ക്ലര്‍ക്കായി സര്‍വ്വീസില്‍ പ്രവേശിച്ച പി.എസ്.സന്തോഷ്‌കുമാര്‍ പാലക്കാട് ശിരുവാണി പ്രൊജക്ട് സര്‍ക്കിള്‍ ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയില്‍ നിന്നാണ് വിരമിക്കുന്നത്. ജോയിന്റ് കൗണ്‍സില്‍ അടൂര്‍ താലൂക്ക് കമ്മിറ്റിയംഗമായി തുടങ്ങി ബ്രാഞ്ച് താലൂക്ക് പ്രസിഡന്റ്, സെക്രട്ടറി, ആലപ്പുഴ ജില്ലാ സെക്രട്ടറി ,പ്രസിഡന്റ് , സംസ്ഥാന സെക്രട്ടറി, ട്രഷറര്‍ വരെയുള്ള സംഘടനാ ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. 2002 ലെ 32 ദിവസത്തെ പണിമുടക്കില്‍ കുട്ടനാട് സമരസമിതി കണ്‍വീനര്‍ ആയിരുന്നു. 2013 – ല്‍ പങ്കാളിത്തപെന്‍ഷനെതിരായ അനിശ്ചിതകാല സമരത്തില്‍ ആലപ്പുഴ ജില്ലാ കണ്‍വീനറെന്ന നിലയില്‍ നേതൃത്വം നല്‍കി. 2025 ജനുവരി 22 ല്‍ ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തിയ ഏകദിന പണിമുടക്കിന് നേതൃത്വപരമായ പങ്ക് വഹിച്ചു
എം.എം.നജീം.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയും കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ എം.എം. നജീം സര്‍വ്വീസില്‍ നിന്നും ഇന്ന് വിരമിക്കുന്നു. 1999 ല്‍ റവന്യൂ വകുപ്പില്‍ നെടുമങ്ങാട് താലൂക്കാഫീസില്‍ ജോലിയില്‍ പ്രവേശിച്ച എം.എം. നജീം ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ തസ്തികയില്‍ നിന്നാണ് വിരമിക്കുന്നത്. ജോയിന്റ് കൗണ്‍സില്‍ തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് , സെക്രട്ടറി, ദീര്‍ഘകാലം വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോയിന്റ് കൗണ്‍സില്‍ മുഖപത്രമായ കേരള എന്‍.ജി.ഒ മാസികയുടെ മാനേജരും അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെ ജില്ലാ കണ്‍വീനറുമായിരുന്നു. 2025 ജനുവരി 22 ല്‍ ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തിയ ഏകദിന പണിമുടക്കിന് നേതൃത്വപരമായ പങ്ക് വഹിച്ചു.
നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന നാരായണന്‍ കുഞ്ഞിക്കണ്ണോത്ത് പടിയൂര്‍ ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നാണ് വിരമിക്കുന്നത്. 2025 ജനുവരി 22 ല്‍ ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തിയ ഏകദിന പണിമുടക്കിന് നേതൃത്വപരമായ പങ്ക് വഹിച്ചു.
പി.ഹരീന്ദ്രനാഥ്.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന പി.ഹരീന്ദ്രനാഥ് വട്ടിയൂര്‍ക്കാവ് കൃഷിഭവനില്‍ നിന്നും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ആയാണ് വിരമിച്ചത്. 2025 ജനുവരി 22 ല്‍ ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തിയ ഏകദിന പണിമുടക്കിന് നേതൃത്വപരമായ പങ്ക് വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *