പെൺമ തുടിക്കും കലാസൃഷ്ടികൾ : സമ്പന്നമാണ് സരസ് മേള

പാലക്കാട് :സ്ത്രീ ശാക്തീകരണത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും വിജയകഥകൾ പറയുന്ന ദേശീയ സരസമേളയുടെ ഓരോ ദിനവും സമ്പന്നമാണ്.പതിമൂന്നാമത് ദേശീയ സരസമേള ആറ് ദിനങ്ങൾ പിന്നിടുമ്പോൾ അനേകായിരം ജീവിത കഥകൾക്ക് കൂടി സാക്ഷ്യം വഹിക്കുകയാണ്.സ്വയംപര്യാപ്തത നേടിയ നൂറായിരം സംരംഭകരുടെ കയ്യൊപ്പാണ് ഈ മേളയുടെ വിജയം. അവുടെ സർഗാത്മകതയ്ക്ക് കൂടി ചാലിശ്ശേരി വേദിയൊരുക്കുമ്പോൾ ദിനംപ്രതി മേളയുടെ ജനപ്രീതി വർധിക്കുകയാണ്.

പെൺ പെരുമ കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ അവതരണ മികവ് കൊണ്ട് ആസ്വാദകരെ ആകർഷിച്ചു. വിപണന സ്റ്റോളിനോട് ചേർന്ന തുറന്ന വേദിയും കൈകൊട്ടി കളി, വീരനാട്യം തുടങ്ങിയവയാൽ സമ്പന്നമായിരുന്നു. വേദിയിലെ ചവിട്ടുകളിയുത്സവത്തിന് കാണികളിൽ നവ്യാനുഭവം പകരാനായി.

ഇന്ത്യയുടെ നാനാ കോണിൽ നിന്നെത്തിയ ഇരുപത്തഞ്ചിൽ പരം വൈവിധ്യമാർന്ന ബിരിയാണികളും ആരോഗ്യ പാനീയങ്ങളും ഷെയ്ക്കുകൾ പലഹാരങ്ങളുമായി ഫുഡ് കോർട്ട് രാവിലെ മുതൽ സജ്ജീവമായിരുന്നു. അട്ടപ്പാടി വനസുന്ദരിക്കും ആവശ്യക്കാരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്.

ഫുഡ് കോർട്ടിനോട് ചേർന്ന അമ്മു സ്വാമിനാഥൻ വേദിയിൽ നടന്ന സർവ്വശ്രീ ലൈവ് മെലഡിയുടെ മാന്ത്രികത തീർന്ന് ആസ്വാദക മനം കവർന്നു. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം ആദര സന്ധ്യ കെ രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്തു.തുടർന്ന് പ്രണയവും വിരഹവും ഇഴ ചേർന്ന ഷഹബാസ് അമൻ്റെ ഗസൽ മന്ത്രികതയിൽ ജനസാന്ദ്രതയോടെ ആറാം ദിനം പര്യവസാനിച്ചു.

മേളയുടെ ഏഴാം ദിനമായ ഇന്ന് (ജനുവരി 8ന്)11മണിക്ക് സെമിനാർ,രണ്ടു മണിക്ക് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ, നാലുമണിക്ക് തിരുവരങ്കൻ ഫോക്ക് അക്കാദമിയുടെ നാടൻപാട്ട് അവതരണം, നാലിന് രവി വേണുഗോപാലിൻ്റെ സോളോ തബല എന്നിവ ഉണ്ടായിരിക്കും.ആറുമണിക്ക് സാംസ്കാരിക സമ്മേളനം ആദരസന്ധ്യ വ്യവസായ കയർ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഏഴു മണിക്ക് ബിൻസിയും ഇമാമും പാടുന്നു സംഗീതവും അരങ്ങേറും.