പെരുമഴക്കാലത്തെ തീജ്വാല.സ്വപ്ന എസ് കുഴിതടത്തിൽ.

തോരാമഴ. എങ്ങനേം വീട്ടിലെത്തണം. അമ്മ പേടിക്കുന്നുണ്ടാകും.പലകാര്യങ്ങളും ചെയ്ത് സ്കൂളിൽ നിന്നിറങ്ങിയപ്പോ ഒത്തിരി താമസിച്ചു. ഇത്തിരി നടന്നതേയുള്ളൂ ന്ന് തോന്നുന്നു. നന്നായിട്ട് നേരം ഇരുട്ടി.
പെട്ടെന്നായിരുന്നു ശക്തമായഅടിയേറ്റത്. പിടഞ്ഞു വീണു..കാതടിപ്പിക്കുന്ന ഇടിമിന്നൽ.

ആരൊക്കെയോ..നിലവിളിച്ചോന്നറിയില്ല. ബോധം മറഞ്ഞതറിഞ്ഞില്ല.

ഏതോ തുരങ്കത്തിലൂടെ പോവുകയാണ്. ആരാണെന്നെ വലിച്ചു കൊണ്ടുപോകുന്നത്.
‘ തിരിഞ്ഞു നോക്കരുത് ‘ നേർത്ത മന്ത്രണം.
ശരീരം ഇല്ലേ… ഒരു ഭാരവും ഇല്ലാലോ. തൂവൽ പോലെ.

“ഞാൻ വരില്ലാ ” സർവബലവും എടുത്ത് ഞാൻ കുടഞ്ഞു. തുരങ്കത്തിനപ്പുറം തൂനിലാവ്..

” ഈ തുരങ്കം കഴിഞ്ഞാൽ പിന്നെ തിരിച്ചു പോകാനാകില്ല’ പിന്നെയും ആ മന്ത്രണം.

തുരങ്കത്തിനപ്പുറം എന്നെ നോക്കി നില്ക്കുന്നത് അച്ഛനല്ലേ.. അച്ഛൻ എന്തു സുന്ദരനായിരിക്കുന്നു. അച്ഛൻ എന്നോട് തിരിച്ചു പോകാൻ പറയുന്നു.
“എന്നെ കൊണ്ടുപോകല്ലേ… കുറച്ചു നാൾ കൂടി.എനിക്കീ ഭൂമിയിൽ ജീവിക്കണം”കെഞ്ചി…

നേർത്ത ചിരി.

“നിന്റെ സമയമായില്ലെന്നു തോന്നുന്നു ”

പെട്ടെന്ന് വലിയ ശക്തിയോടെ ആഞ്ഞടിച്ച റബർ പന്തുപോലെ തുരങ്കത്തിലൂടെ തിരിച്ച് വരികയാണ്. വരുന്ന ശക്തിയിൽ തുരങ്കത്തിന്റെ ഭിത്തിയിൽ ആഞ്ഞടിക്കുന്നുണ്ട്.

കണ്ണു തുറന്നപ്പോ ഏതോ മുറിയിലാണ്. പച്ചമരുന്നുകളുടെ മണം. തല കുത്തിപ്പൊളിയുന്നതു പോലെ.

” അനങ്ങണ്ടാ ” ആരോ പറയുന്നു.വീണ്ടും കണ്ണുകളടച്ചു.

“ദൈവകോപം. തമ്പുരാന്റെ വഞ്ചി പൊട്ടിച്ചു..നാടിനാപത്ത്..”

അച്ഛൻ അമ്പലത്തിലെ വഞ്ചിയിലെ പൈസ മോഷ്ടിച്ചെന്ന്..പട്ടിണിയിൽ പൂജാരി ചെയ്തിട്ടുണ്ടാകും.

അച്ഛനെ കെട്ടിയിട്ട ആ നെല്ലിമരം..

പൂജാരിയുടെ മകൾക്ക് മറ്റൊന്നും ചെയ്യാനാകില്ലല്ലോ. പൂജിക്കാനല്ലാതെ ! അഭിഷേകം ചെയ്യാനല്ലാതെ!

പ്രസ്ഥാനത്തിനെ മാത്രം പ്രണയിക്കുന്നവൻ…

ട്രയിനിലിരിക്കുമ്പോൾ നേർത്ത തേങ്ങലുകൾ കേൾക്കുന്ന പോലെ. അതോ തോന്നിയതോ!

” ഒന്നാം ക്ലാസിൽ പോയതോർമ്മയുണ്ടോ നിനക്ക് ” അമ്മ ഓർമയിലാണ്.

“ഉം “മൂളി.

“ഇപ്പോ അമ്മയെ ഞാൻ ഒന്നാം ക്ലാസിൽ ചേർക്കാൻ പോവാ” കുഞ്ഞിനെ പോലെ ഞാനമ്മയെ ചേർത്തുപിടിച്ചു.

” മോളേ നീ കുഞ്ഞുങ്ങളുടെ വായ മൂടിക്കെട്ടരുത്.”

“ഇല്ല”

“മയിൽ പ്പീലിക്കുഞ്ഞുങ്ങളെ ഞെരിച്ചൊടിച്ചുകളയരുത്: അവരിൽ നിന്നും പൂമ്പാറ്റകളേയും തുമ്പികളേയും അകറ്റരുത്… അവരുടെ വിശപ്പിന്റെ നാളങ്ങളെ അറിയാതെ പോകരുത്”

തലയാട്ടി.

“അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി…
അതിനുളളിൽ ആനന്ദ ദീപം കൊളുത്തി…”

ആ നെല്ലിമരത്തിന്റെ ചോട്ടിൽ അസംബ്ലി നടക്കുന്നു. ആ സമയത്താണ് സ്കൂളിലെത്തിയത്… മാറി നിന്നു.
വിഷാദത്തിന്റെ, ദാരിദ്ര്യത്തിന്റെ,ഒക്കെ കരി പുരട്ടിയ കുറച്ചു കുട്ടികൾ.
അസംബ്ലി കഴിഞ്ഞു.
മുമ്പിൽ കണ്ട ഒരു കൂട്ടി യോട് ഓഫീസ് ചോദിച്ചു.

“ദോണ്ടെ” അവൾ ചൂണ്ടി.

“പുതിയ ടീച്ചറാല്ലേ… ” അവൾ ചിരിച്ചു.

“എന്താ പേര് ” അവളോട് ചോദിച്ചു

“മരാളി” ചിരിച്ചു. എന്താ ചിരി! തൂനിലാവ് പോലെ
ഓഫീസിൽ ചെന്നു ഒപ്പിട്ടു. ക്ലാസിലേക്ക് കയറി.
ക്ലാസിൽ തെളിഞ്ഞ പുഞ്ചിരിയോടെ മരാളി. പെട്ടെന്നായിരുന്നു കൂട്ടായത്.

ആദിവാസി ഹോസ്റ്റലിലായിരുന്നു അവൾ.

മരാളിയും നീലീം ചെറുമീം…

“കപ്ലിങ്ങാ കറി മാത്രാ എന്നും കൂട്ടാൻ.”ഒരിക്കൽ അവൾ പറഞ്ഞു.

“ഒന്നും മിണ്ടാൻ പറ്റില്ല. വാർഡൻ അടിക്കും.. ആ കപ്ലിങ്ങാ മരം വെട്ടിക്കള യ്യാൻ പറയ്യോ”

നിശബ്ദത.

” ഈ സ്കൂളിൽ ഞങ്ങളെ ആർക്കും ഇഷ്ടമല്ല. ഡാൻസും, പാട്ടുമൊക്കെ ഇഷ്ടാ.. പക്ഷേ ഞങ്ങളെ ആരും ഒന്നിലും ചേർക്കില്ല”

ഞാനവളെ ചേർത്തു പിടിച്ചു.
“കുട്ടികളുടെ തണലാകണം നീ… “ചിത്രന്റെ ശബ്ദം..

കപ്ലിങ്ങാ മരം മുറിപ്പിക്കാൻ മുൻപിൽ നിന്നപ്പോൾ, പച്ചക്കറിയും മീനും ഒക്കെ ഹോസ്റ്റൽ അന്തേവാസികളുടെ ഭക്ഷണത്തിന്റെ ഭാഗമായപ്പോൾ, ഡാൻസിനും, പാട്ടിനുമൊക്കെ മാറ്റി നിർത്തപ്പെട്ടവരെ ചേർത്തു നിർത്തിയപ്പോൾ..

ഒക്കെയും തുടങ്ങിയത് അവിടെ നിന്നാണ്.
എതിർപ്പുകൾ.. കാടിന്റേയും, കാട്ടാറിന്റേയും സന്തതികളെ, മല്ലീശ്വരന്റേയും, ഭവാനിപ്പുഴയുടേയും സന്തതികളെ ക്രൂരമായ ബാഹ്യലോകത്തുനിന്നും ഭയന്നോടുന്നവരെ ഒക്കെ കൂടെ കൂട്ടിയതിന്… തണലായതിന്.. ആക്രമണത്തിലൂടെ ഇല്ലാതാകാനുള്ള ശ്രമം…

പെട്ടെന്ന് ഞെട്ടിയുണർന്നു. അരികിൽ അമ്മ, മരാളി..
കാട്ടുമൂപ്പൻ.. പിന്നെയാരൊക്കെയോ…
ഒരു ഗ്രാമം മുഴുവൻ എനിക്കായി ഉറക്കമിളച്ചുവത്രേ! ഞാനുറങ്ങിയപ്പോൾ.. ഉറങ്ങാതെ !

അമ്മക്ക് മടുത്തൂന്ന്. നാട്ടിലേക്ക് വിട്ടു.

ട്രാൻസ്ഫർ.. ജനിച്ച നാട്ടിലേക്ക്.. പഠിച്ച സ്കൂളിലേക്ക്… അമ്മയുടെ നിർബന്ധം.

നാട്ടിലെന്തൊക്കെയോ അക്രമങ്ങൾ…

പോലീസിന്റെ വെടിവെയ്പ് നടന്നൂത്രേ! ഒന്നും വ്യക്തമായി അറിയുന്നില്ല.. ചിത്രൻ ഇടയിൽ ഉണ്ടായിരിക്കുമോ… ഒരാളൽ.

“ടീച്ചർ പോവാണോ?” മരാളിയുടെ, നീലിയുടെ, ചെറുമിയുടെ ഒക്കെ തേങ്ങൽ.

റിലീവ് ചെയ്തു.

പുഴയിലൂടെ അക്കരെ കടക്കണം.

“നല്ല മഴയാ ടീച്ചർ… തോണി മുങ്ങിയാലോ?”
അവൾ കഴുത്തിലെ ഉറുക്ക് അഴിച്ചെടുത്തു. “വലിയ ശക്തിയാ..അപ്പൂപ്പൻ മൂപ്പർ പൂജിച്ചു തന്നതാ…”

കഴുത്തിൽ വാങ്ങിച്ചു കെട്ടി.

” പൂജയും, തേവരും, പരിവാരങ്ങളും,മന്ത്രതന്ത്രങ്ങളുമൊക്കെ വെട്ടിപ്പാണ്. “ചിത്രന്റെ ശബ്ദം.

“പക്ഷേ ഈ ഉറുക്ക് സ്നേഹമാണ്. ചിത്രൻ”

” തോണിയെടുക്കുവോ?’ വിളിച്ചു ചോദിച്ചു.

“മഴ പെയ്താൽ പാടാകും” തോണിക്കാരനാണ്.

“സാരല്യ… പോയെ പറ്റൂ”

വഞ്ചിയിൽ കയറി.. ബാഗിനുള്ളിൽ കുറേ നെല്ലിക്ക സ്കൂളിൽ നിന്നെടുത്ത ന്യൂസ് പേപ്പറിൽ പൊതിഞ്ഞിട്ട്.. മരാളി തന്നതാണ്..

“ടീച്ചറേ, നമ്മുടെ നെല്ലിമരത്തിലെയാ..നല്ല മധുര നെല്ലിക്കയാ.. ടീച്ചറെ പോലെ ”

ആത്മാവിന്റെ വൃക്ഷത്തിന്റെ കായ്ഫലം.. ‘വേണ്ട ‘ന്ന് പറയാൻ തോന്നിയില്ല.

വാങ്ങിച്ചു.
തോണി നീങ്ങുകയാണ്…

കാർമേഘം ഉരുളുന്നുണ്ട്… തോണിക്കാരന്റെ മുഖത്ത് ഭാവമാറ്റം പോലെ… തോന്നിയതാകും.
പതുക്കെ പൊതിയെടുത്തു. പേപ്പർ തുറന്നപ്പോ നെല്ലിക്കയെല്ലാം വെള്ളത്തിൽ വീണു. പൊതിതുറന്നത് ശരിയായില്ല..

വിഷമമായി.. കുറേ ദൂരം അവ തോണിയെ അനുഗമിച്ചു. ആത്മാവിന്റെ സ്ഫുരണങ്ങൾ പോലെ…
പേപ്പർ ചുരുട്ടി കളയാനൊരുങ്ങിയതാണ്.
ആ ചിത്രം..

‘പ്രിയ സഖാവേ.. നിങ്ങൾക്ക് മരണമില്ല. ഇനി വരുന്ന ഓരോ പോരാളിയിലും നിങ്ങൾ ജീവിക്കും. രക്തസാക്ഷിയുടെ അമര ജീവിതം’

വിപ്ലവത്തിന്റെ കനൽമുദ്ര എന്ന അടിക്കുറിപ്പിനു താഴെ നിറഞ്ഞ പുഞ്ചിരി യോടെ ചിത്രൻ..

ഞെട്ടിത്തകർന്നു.നിലാവിന്റെ നിറ കുംഭം പൊട്ടിയൊലിക്കുന്നു… പെരുമഴ.. തോണി ആടിയുലയുകയാണ്. തോണി മറിയുന്നോ..
തോണിയുടെ അമരത്ത് ആരാണ്..

ചിത്രൻ…

പുഞ്ചിരിക്കുന്നു… എന്തൊരു ഭംഗ്യാണ്… ആർദ്രതയാണ്…ആ കണ്ണുകളിൽ എന്തൊരു പ്രണയമാണ്!

“അനുരാധേ” ചിത്രൻ വിളിച്ചു.

“എന്തോ “വിളി കേട്ടു.

“പോകാം..”

“ഉം”

ആ കൈകളെന്നെ പൊതിഞ്ഞുപിടിച്ചു.

പോവാണ്. തുരങ്കത്തിലൂടെ.. അകലെ ആ തൂ വെളിച്ചം… ചിത്രൻ… അച്ഛൻ…
പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. തീനാളങ്ങൾ അണയുന്നില്ല. പെരുമഴകൾ പെയ്യാതിരിക്കുന്നില്ല…