രോഗം എല്ലായ്പ്പോഴും ശരീരത്തിൽ നിന്നല്ല ആരംഭിക്കുന്നത്. ചിലപ്പോൾ അത് തുടങ്ങുന്നത് പറയപ്പെടാതിരുന്ന വാക്കുകളിൽ നിന്നും, അംഗീകരിക്കപ്പെടാത്ത വികാരങ്ങളിൽ നിന്നും, സൂക്ഷ്മമായി മറച്ചുവെച്ച സംഘർഷങ്ങളിൽ നിന്നുമൊക്കെയാണ്. മനസ്സ് അമർത്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെ ശരീരം ചിലപ്പോൾ ഓർത്തുവയ്ക്കും. ഇങ്ങനെ ശാരീരിക രോഗമായി മാറുന്നതിനെയാണ് വൈദ്യശാസ്ത്രം സൈക്കോ സൊമാറ്റിക് രോഗങ്ങൾ എന്നു പറയുന്നത്. ദീർഘകാല സ്ട്രസ്സ്, ഭയം, കുറ്റബോധം അല്ലെങ്കിൽ വികാരങ്ങൾ അടിച്ചമർത്തൽ തുടങ്ങിയവ ഹോർമോൺ സന്തുലിതാവസ്ഥ തകർക്കുകയും, പ്രതിരോധശേഷി കുറയ്ക്കുകയും ശരീരത്തിലെ അവയവ വ്യവസ്ഥകളെ ബാധിക്കുകയും ചെയ്യുന്നുവെന്ന് ആധുനിക റിസർച്ചുകൾ എല്ലാം പറയുന്നുണ്ട്.
സ്ത്രീകളിൽ സൈക്കോ സൊമാറ്റിക് രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം സമൂഹം കൂടിയാണ്. ബാല്യകാലം മുതൽ ശാന്തരായിരിക്കാനും, എല്ലാവരെയും സന്തോഷിപ്പിക്കാനും, സമൂഹത്തിന് അനുയോജ്യരായിരിക്കാനും ഒക്കെയാണ് അവരെ ശീലിപ്പിക്കുന്നത്. ഇതിനിടയിൽ യഥാർത്ഥ വികാരങ്ങൾ അടിച്ചമർത്തപ്പെടുന്നു. ദേഷ്യം സൗമ്യതയായി മാറ്റേണ്ടി വരുന്നു, ദുഃഖം സഹനമായി മാറുന്നു. ഉത്കണ്ഠകൾ ഒക്കെ ഉത്തരവാദിത്വമായി മാറ്റേണ്ടി വരുന്നു. ഈ നിരന്തര വികാരനിയന്ത്രണം സമൂഹം മഹത്വവൽക്കരിക്കുന്നുണ്ടെങ്കിലും ശരീരത്തിനുള്ളിൽ ഭാരമായി മാറുന്നു. മനസിന്റെ പ്രകടിപ്പിക്കാൻ കഴിയാത്ത വികാരങ്ങൾക്കായി ശരീരം മറ്റൊരു വഴി തേടുന്നു. അങ്ങനെ ക്ഷീണമായും വേദനയായും ഹോർമോൺ വ്യതിയാനങ്ങളുടെ പ്രതിഫലനമായെല്ലാം ശരീരം സംസാരിക്കാൻ തുടങ്ങുന്നു.
“ഒരു മാനസിക സംഘർഷത്തിനു ശേഷം വരുന്ന തലവേദന, ചർമ്മ പ്രതികരണങ്ങൾ, തൈറോയിഡ് അസുഖങ്ങൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, എപ്പോഴും യാദൃശ്ചികം അല്ല. പുറത്ത് പ്രകടിപ്പിക്കാൻ കഴിയാതിരുന്ന ആന്തരിക സംഘർഷങ്ങൾ മനസ്സ് ശരീരത്തോട് പറഞ്ഞതിന്റെ പ്രതിഫലനങ്ങളാണ്.ശരീരം സംസാരിക്കുന്ന ഒരു ഭാഷയായി, മാനസികതലത്തിൽ പരിഹരിക്കപ്പെടാത്ത വികാരങ്ങൾ ശാരീരിക തലത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു.
ഹോമിയോപ്പതിയിൽ കേസെടുക്കുമ്പോൾ രോഗിയുടെ വികാരങ്ങളെ കുറിച്ച് അന്വേഷിക്കുന്നത് ഒരു ഔപചാരികത അല്ല. ഹോമിയോപ്പതി മനസിന്റെയും ശരീരത്തിന്റെയും ആന്തരിക ബന്ധം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്ന ഒരു ചികിത്സാ രീതിയാണ്. അടിച്ചമർത്തപ്പെടുന്ന വികാരങ്ങൾക്ക് പല സ്വഭാവമായിരിക്കും- നിരസിക്കപ്പെടുമെന്ന ഭയമാവാം, കോപം പ്രകടിപ്പിക്കാൻ കഴിയാത്ത അവസ്ഥയാവാം, അല്ലെങ്കിൽ ദീർഘകാല ദുഃഖം ആയിരിക്കാം. ഇതിനനുസരിച്ച് ഔഷധം തിരഞ്ഞെടുക്കാറുണ്ട്. ശരീരത്തെയും മനസിനെയും അതിന്റെ സ്വാഭാവിക താളത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഉദ്ദേശിക്കുന്നത്.
സൈക്കോ സൊമാറ്റിക് രോഗങ്ങൾ കൽപ്പിതമായവയല്ല. വികാരപരമായ അവഗണനയ്ക്കെതിരെ ശരീരം നടത്തുന്ന ബുദ്ധിപൂർവ്വമായ പ്രതികരണമാണത്. വ്യക്തിത്വത്തെയും ആന്തരികാനുഭവങ്ങളെയും ബഹുമാനിക്കുന്ന ഹോമിയോപ്പതി വ്യക്തിയെ മുഴുവനായാണ് കേൾക്കുന്നത്. ഇവിടെ ചികിത്സയുടെ ലക്ഷ്യം വെറും ശാരീരിക ലക്ഷണങ്ങൾ ഇല്ലാതാക്കൽ മാത്രമല്ല. മറിച്ച് വികാര സ്വാതന്ത്ര്യത്തിന്റെ കൂടി പുനസ്ഥാപനമാണ്. അതിനു ബോധവൽക്കരണവും ആവശ്യമാണ്.
“സമൂഹം സ്ത്രീകളിലെ വികാര നിയന്ത്രണത്തെ പൊതുവെ ശക്തിയുടെ അടയാളമായി കാണുമ്പോൾ യഥാർഥത്തിൽ അത് അവരുടെ ആരോഗ്യത്തെ അല്ലെങ്കിൽ അവരുടെ ബയോകെമിസ്ട്രിയെ മാറ്റിമറിക്കുകയാണ് ചെയ്യുന്നത്. കുടുംബങ്ങളിലും, തൊഴിൽ സ്ഥലങ്ങളിലും, അവനവനുള്ളിലും, വിലയിരുത്തലുകളെ പേടിക്കാതെ, വികാരങ്ങളെ പ്രകടിപ്പിക്കാൻ കഴിയുന്ന ഇടങ്ങൾ സൃഷ്ടിക്കുക എന്നത് ഏത് ചികിത്സയെക്കാളും അനിവാര്യമാണ്. മനസിന് സ്വതന്ത്രമായി സംസാരിക്കാൻ പറ്റുമ്പോൾ ശരീരത്തിന് എപ്പോഴും വിളിച്ച് പറയേണ്ടി വരില്ല.
തൃശൂർ കുന്നംകുളം സജനാസ് ഹോമിയോപതിയിലെ ഡോക്ടറാണ് ലേഖിക
കടപ്പാട് സോഷ്യൽ മീഡിയ
