അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്കെതിരെ അടുത്ത കാലത്തായി ശാരീരിക ആക്രമണങ്ങൾ വർധിച്ചു വരുന്നു

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യൻ പൗരന്മാർക്കെതിരായ ‌ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകി ഡബ്ലിനിലെ ഇന്ത്യൻ എംബസി. പുറത്തിറങ്ങുന്നവർ മുൻകരുതലുകൾ എടുക്കണമെന്നും, വിജനമായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണെന്നും എംബസി പൗരന്മാർക്ക് നിർദ്ദേശം നൽകി. അക്രമങ്ങൾ വർധിക്കുന്നതിൽ ഇന്ത്യൻ എംബസി ആശങ്ക പ്രകടിപ്പിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാനായി ഹെൽപ്പ് ലൈൻ നമ്പരും ഇമെയിൽ വിലാസവും (08994 23734 – cons.dublin@mea.gov.in) നൽകിയിട്ടുണ്ട്.

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുടെ ഒരു നിശബ്ദ പ്രതിഷേധം നീതിന്യായ വകുപ്പിൽ നടന്നു.കഴിഞ്ഞ വാരാന്ത്യത്തിൽ ടാലയിൽ നടന്ന അക്രമാസക്തവും പ്രകോപനരഹിതവുമായ ആക്രമണത്തിന് ഇരയായ വ്യക്തിയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് നൂറിലധികം പേർ ജാഗ്രതാ പരിപാടിയിൽ പങ്കെടുത്തു.വിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിനിധികൾ നീതിന്യായ മന്ത്രിക്ക് ഒരു നിവേദനം നൽകി.

ജൂലൈ 19 ന് വൈകുന്നേരം 6 മണിയോടെ ഡബ്ലിനിലെ കിൽനാമനാഗിലെ പാർക്ക്ഹിൽ ലോൺസിൽ നടന്ന ആക്രമണത്തിന് സാക്ഷികളെ ആവശ്യമുണ്ടെന്ന് ഗാർഡായി അഭ്യർത്ഥിച്ചു.