സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കാസർഗോഡ്:  സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുർഗഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ചുകൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്നതാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു

രാഷ്ട്രപിതാവിന്റെ ജന്മദിനത്തിലാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന് തുടക്കം കുറിക്കുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളോട് ചേർന്നുനിൽക്കുന്ന ആപ്തവാക്യമാണ് ഇത്തവണത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റേത്. ‘കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും’ എന്നതാണ് ആ ആപ്തവാക്യം.

സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്, വിദേശ സർവ്വകലാശാലകളിൽ ഉന്നത ബിരുദം നേടുന്നതിനുള്ള പിന്തുണ നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ഉന്നതി സ്‌കോളർഷിപ്പ്. ആ സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം ആയിരം കടന്നതിന്റെ പ്രഖ്യാപനമാണ് വളരെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് നിർവ്വഹിച്ചത്. ഇത്തവണത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ആപ്തവാക്യവുമായി എത്രമാത്രം ചേർന്നു നിൽക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ എന്ന് മനസ്സിലാക്കാനാണ് ഇത് സൂചിപ്പിച്ചത്.
മഹാത്മജി ഉൾപ്പെടെ സ്വാതന്ത്ര്യസമര സേനാനികൾ വിഭാവനം ചെയ്ത നിലയിലേക്ക് നമ്മുടെ നാട് എത്തിച്ചേർന്നിട്ടുണ്ടോ സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾ പിന്നിട്ടിട്ടും, ഭരണഘടന നിലവിൽ വന്ന് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും പ്രതീക്ഷിച്ച നിലയിൽ പാർശ്വവൽക്കൃത വിഭാഗങ്ങളുടെ ഉന്നമനം കൈവരിക്കാൻ നമ്മുടെ രാജ്യത്തിന് കഴിഞ്ഞിട്ടില്ല ൾ അതോടൊപ്പംതന്നെ രാജ്യത്താകെ പാർശ്വവൽക്കൃത വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

ദേശീയ തലത്തിൽ 25.6 ശതമാനം വരുന്ന പട്ടികവർഗക്കാർക്കായി ബജറ്റിന്റെ 6.3 ശതമാനം മാത്രമാണ് കേന്ദ്ര സർക്കാർ നീക്കിവെക്കുന്നത്. കേരള ജനസംഖ്യയുടെ 9.1 ശതമാനം പട്ടികജാതിക്കാരും 1.45 ശതമാനം പട്ടികവർഗക്കാരുമാണ്. ഇവരുടെ ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ വാർഷിക പദ്ധതി അടങ്കലിൽ യഥാക്രമം 9.81 വും 2.89 ശതമാനവും അടക്കം 12.7 ശതമാനം തുകയാണ് ബജറ്റിൽ നീക്കിവെക്കുന്നത്. ഈ കണക്കുകളിലുണ്ട് രണ്ട് സർക്കാരുകളുടെ സമീപനത്തിലെ വ്യത്യാസം. ഈയൊരു പശ്ചാത്തലത്തിൽ കൂടിവേണം സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തെ കാണാൻ.

അറിവിലേക്കും തൊഴിലിലേക്കും കുതിച്ചുയരാൻ ലക്ഷ്യംവെക്കുന്നതാണല്ലോ ഇത്തവണത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം. *വിജ്ഞാനാധിഷ്ഠിത നവകേരളത്തിലേക്കുള്ള നമ്മുടെ മുന്നേറ്റങ്ങളിൽ പട്ടികവിഭാഗക്കാരായ ആരും പിന്തള്ളപ്പെടരുത് എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ചും സാങ്കേതിക – മെഡിക്കൽ മേഖലകളിൽ നമ്മുടെ കുട്ടികൾക്ക് കൂടുതൽ അവസരങ്ങളും സൗകര്യങ്ങളും സർക്കാർ ഒരുക്കുന്നുണ്ട്.
*
ഐ ടി ഐ, പോളിടെക്‌നിക് തുടങ്ങി സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കുന്ന എല്ലാ പട്ടികവിഭാഗം വിദ്യാർത്ഥികളെയും ആവശ്യമായ നൈപുണ്യ പരിശീലനം നൽകി 6 മാസത്തിനകം തൊഴിലെടുക്കാൻ പ്രാപ്തരാക്കുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്.

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രി രാജ്യത്തിനുതന്നെ മാതൃകയാണ്. ഓരോ വർഷവും 72 പട്ടികവിഭാഗം വിദ്യാർത്ഥികൾക്ക് ഇവിടെ എം ബി ബി എസ് പ്രവേശനം നൽകുന്നുണ്ട്. പാലക്കാട് മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 9 വർഷത്തിനുള്ളിൽ 733.22 കോടി രൂപ ചെലവഴിച്ചു. 2014 മുതൽ 5 ബാച്ചുകൾ പഠനം പൂർത്തീകരിച്ചതിൽ 413 പട്ടികജാതി വിദ്യാർത്ഥികളും 15 പട്ടികവർഗ്ഗ വിദ്യാർത്ഥികളും ഡോക്ടർമാരായി നമ്മുടെ സമൂഹത്തിൽ സേവനമനുഷ്ഠിക്കുന്നു എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്.

വിവിധ പ്രൊഫഷണൽ കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് സർക്കാർ സംവിധാനത്തിൽ പരിശീലനം നൽകുന്ന ട്രെയിനിങ്ങ് ഫോർ കരിയർ എക്‌സലൻസ് (ട്രേസ്) രാജ്യത്തിനു നൽകിയ മറ്റൊരു മാതൃകയാണ്. ഈ പദ്ധതിയിലൂടെ എഞ്ചിനീയറിംഗ്, നിയമം, നേഴ്‌സിംഗ്, പാരാമെഡിക്കൽ, മാനേജ്‌മെന്റ്, ജേണലിസം തുടങ്ങിയ മേഖലകളിൽ 5,000 ത്തിലേറെ പേർക്ക് സ്റ്റൈപ്പന്റോടെ പരിശീലനം നൽകി.

പഠനമുറി പദ്ധതിയിൽ 40,236 വീടുകളിലാണ് അധിക സൗകര്യം ഒരുക്കാനായത്. 2018 മുതൽ ആരംഭിച്ച ഈ പദ്ധതിയിൽ 5-ാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്കും പഠനമുറിക്ക് 2 ലക്ഷം രൂപാ വീതം നൽകുന്നു. പട്ടികവർഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്കായി സ്മാർട്ട് പഠനമുറിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 2.5 ലക്ഷം രൂപയാണ് സ്മാർട്ട് പഠനമുറിക്ക് ചെലവിടുന്നത്. ഈ സാമ്പത്തിക വർഷം 5,000 സ്മാർട്ട് പഠനമുറി നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്.

അധിക തൊഴിൽ ലഭ്യമാക്കുന്ന ട്രൈബൽ പ്ലസ്, വിദൂര ഉന്നതികളിലെ വിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കുകയും തിരിച്ച് കൊണ്ടുപോവുകയും ചെയ്യുന്ന വിദ്യാവാഹിനി പദ്ധതി എന്നിവ നടപ്പാക്കിവരികയാണ്. സാമൂഹികവും സാമ്പത്തികവുമായ പരിമിതികൾ, നമ്മുടെ കുട്ടികൾക്ക് സ്വപ്നങ്ങളെ കൈയെത്തിപ്പിടിക്കുന്നതിനു തടസ്സമാകരുതെന്ന് കരുതുന്ന സർക്കാരാണ് ഇവിടെയുള്ളത്. അത് ഈ ഉന്നതി പദ്ധതിയടക്കമുള്ള പല ഇടപെടലുകളിലും ദൃശ്യമാണ്.

രണ്ടര ലക്ഷത്തിനുമേൽ വരുമാനമുള്ള കുടുംബങ്ങളിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് നൽകാത്തതും, മുമ്പ് നൽകിക്കൊണ്ടിരുന്ന ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സുവരെയുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് നിർത്തലാക്കിയതും നമുക്ക് അറിവുള്ളതാണ്.

എന്നാൽ, സംസ്ഥാന സർക്കാർ വരുമാനഭേദമില്ലാതെ എല്ലാ പട്ടികവിഭാഗ വിദ്യാർത്ഥികൾക്കും ഇ-ഗ്രാന്റ്‌സ് സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളിലുമായി പഠനം നടത്തുന്ന 13 ലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് പ്രീ-മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പുകൾ നൽകുന്നത്. 4.5 ലക്ഷം കുട്ടികൾ പട്ടികജാതി വിഭാഗത്തിലും 80,000 കുട്ടികൾ പട്ടികവർഗ വിഭാഗത്തിലും വിവിധ സ്‌കോളർഷിപ്പുകളോടെ പഠിക്കുന്നുണ്ട്.

ഭൂരഹിതരായ, ഭവനരഹിതരായ എല്ലാ പട്ടികജാതി – പട്ടികവർഗ വിഭാഗക്കാർക്കും ഭൂമിയും വീടും ലഭ്യമാക്കുക എന്നുള്ളത് ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. എല്ലാ പട്ടിക വർഗക്കാർക്കും ഭൂമിയുള്ള ജില്ലയായി ഇതിനോടകം തിരുവനന്തപുരത്തെ മാറ്റിയിട്ടുണ്ട്. മറ്റു ജില്ലകളിൽ അതിനുവേണ്ടി കൈക്കൊണ്ടിട്ടുള്ള നടപടികൾ ഊർജ്ജിതമായി മുന്നോട്ടു പോവുകയാണ്.

ലൈഫ് പദ്ധതിയിൽ പൂർത്തിയായ നാലര ലക്ഷത്തിലധികം വീടുകളിൽ 28 ശതമാനവും പട്ടികവിഭാഗങ്ങൾക്കാണ് ലഭ്യമാക്കിയത്. വീടുകളുടെ പുനരുദ്ധാരണത്തിനായി നടപ്പാക്കുന്ന സേഫ് പദ്ധതിയിൽ 32,680 വീടുകളും സുരക്ഷിതമാക്കി. ഇത്തരത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുമ്പോഴും അതിൽ നിന്ന് ആരും പിന്തള്ളപ്പെട്ട് പോകരുതെന്ന് സർക്കാരിന് നിർബന്ധമുണ്ട്.

വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവർക്കും, ക്ഷേമ പദ്ധതികൾ അർഹരായ എല്ലാവർക്കും എന്നതാണ് ഈ സർക്കാരിന്റെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്കായി സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. അതിനായി സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയാണ്.

ഓരോ നിയോജക മണ്ഡലത്തിലും തദ്ദേശ സ്ഥാപനതലത്തിലും പരിപാടി സംഘടിപ്പിക്കും. വരുന്ന രണ്ടാഴ്ചക്കാലം പ്രത്യേക വിഷയങ്ങളെ അധികരിച്ചുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുക. ശുചിത്വം, ലഹരിവിരുദ്ധ പ്രചാരണങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, തൊഴിൽ ക്യാമ്പയിൻ, തൊഴിലുറപ്പ്, വനാവകാശം, അതിക്രമം തടയൽ, പട്ടികവർഗ ഉന്നതികൾ കേന്ദ്രീകരിച്ചുള്ള ദുരന്ത നിവാരണ അവബോധം സൃഷ്ടിക്കൽ എന്നിങ്ങനെ ഓരോ വിഷയങ്ങളിലും പ്രത്യേകം പരിപാടികളാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

അതോടൊപ്പംതന്നെ പ്രാദേശിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന വികസന സദസുകളുടെയും ഭാഗമായിക്കൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ചർച്ചകളും ഉയർത്തിക്കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.