തട്ടുകടയില്‍ ആക്രമണം; ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി അറസ്റ്റില്‍ .

കരുനാഗപ്പള്ളി ആലുംമുട്ടിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി അറസ്റ്റിലായി. കരുനാഗപ്പള്ളി പടവടക്ക് കുന്നേല്‍ പടിഞ്ഞാറേതറയില്‍ സലീം മകന്‍ സജിന്‍(26) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. മാര്‍ച്ച് മാസം പതിനഞ്ചാം തീയതി രാത്രിയില്‍ കരുനാഗപ്പള്ളി ആലുംമൂട്ടിലെ തട്ടുകടയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭക്ഷണം കഴിക്കാനെത്തിയ തൊടിയൂര്‍ സ്വദേശികളായ യുവാക്കളെ സജിനും സംഘവും മാരകമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കമ്പിപ്പാര ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പ്രതികളായ പടവടക്ക് ശ്രീലകത്തില്‍ പ്രഭാത് (27), പടവടക്ക് കുന്നേല്‍ പടിഞ്ഞാറേതറയില്‍ ബ്രിട്ടോ എന്ന് വിളിക്കുന്ന മുഹമ്മദ് സലില്‍ (30) എന്നിവരെ നേരത്തെ തന്നെ കരുനാഗപ്പള്ളി പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ മുഖ്യ പ്രതിയായ സജിന്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് സംസ്ഥാനങ്ങളിലടക്കം തിരച്ചില്‍ നടത്തിവരവെ കഴിഞ്ഞ ദിവസം ഇയാള്‍ പുനലൂരില്‍ നിന്നും അന്വേഷണ സംഘത്തിന്‍റെ വലയിലാവുകയായിരുന്നു. തന്ത്രപരമായ രഹസ്യ നീക്കത്തിലൂടെയാണ് കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്‍റെ മേല്‍നോട്ടത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ മോഹിത്തിന്‍റെ നേത്യത്യത്തില്‍ എസ്.ഐ മാരായ ജിഷ്ണു, ഷിജു, ഷാജിമോന്‍, എ.എസ്.ഐ വേണുഗോപാല്‍, എസ്.സി.പി.ഓ മാരായ ഹാഷിം, രാജീവ് കുമാര്‍, സി.പി.ഓ നൗഫന്‍ജന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്യ്തു.

Leave a Reply

Your email address will not be published. Required fields are marked *