കൊല്ലം കെഎംഎംഎല്‍ എംഡിക്ക് കോടതി പണികൊടുത്തു.

കൊച്ചി: നിയമവിരുദ്ധമായി സര്‍ക്കാര്‍ എംബ്ലവും നെയിംബോര്‍ഡും ഘടിപ്പിച്ച വാഹനത്തില്‍ ഫ്‌ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തില്‍ യാത്ര ചെയ്ത കൊല്ലം കെഎംഎംഎല്‍ എംഡിയെ കുടഞ്ഞ് ഹൈക്കോടതി. ഈ മാസം ഏഴിന് രാവിലെ 11.30നാണ് ആലുവ മേല്‍പ്പാലത്തിലൂടെ, അടിയന്തര വാഹനങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള ഫ്‌ലാഷ് ലൈറ്റുമിട്ട് കെഎംഎംഎല്‍ എംഡിയുടെ വാഹനം പാഞ്ഞുപോയത്. എംഡിയുടെ വാഹനം കസ്റ്റഡിയിലെടുക്കാനും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിട്ടു.

വാഹനത്തിന്റെ മുന്‍വശത്തു കൊടിയും ഉപയോഗിച്ചിരുന്നെന്ന് കോടതി പറഞ്ഞു. ഇതിന്റെ ചിത്രം കോടതി കണ്ടു. കൊല്ലം ജില്ലാ പൊലീസ് മേധാവി വഴി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ (എന്‍ഫോഴ്‌സ്‌മെന്റ്) സാന്നിധ്യത്തില്‍ പരിശോധനയ്ക്കായി നിയോഗിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി.

അനധികൃതമായി നെയിം ബോര്‍ഡും ഫ്‌ലാഷ് ലൈറ്റുകളും ഉപയോഗിക്കുന്നതു തടയുന്നത് സംബന്ധിച്ച് കോടതി ഉത്തരവുകള്‍ നിലവിലുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ക്കും പൊലീസിനും അതിനു കഴിയുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഇത്തരം വാഹനങ്ങള്‍ നടപ്പാതകളില്‍പോലും പാര്‍ക്ക് ചെയ്യുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *