കഞ്ചാവ് പിടികൂടാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം; പ്രതി പിടിയിൽ

കൊല്ലം : ഓച്ചിറ കല്ലൂർ മുക്കിന് സമീപം കഞ്ചാവ് വിൽപ്പന നടത്തി വന്ന പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് ഉദ്യാഗസ്ഥന് നേരെ അതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ഓച്ചിറ, വയനകം കൈപ്പള്ളിൽ വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ തരുൺ ജി കൃഷ്ണൻ (32) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഓച്ചിറ കല്ലൂർ മുക്കിന് സമീപം കഞ്ചാവ് വിൽപ്പന നടത്താൻ എത്തിയ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ പോലീസ് ഉദ്യോഗസ്ഥനെ പാറക്കല്ലിന് മുകളിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. വീഴ്ചയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഇടത് കൈയ്യുടെ തോളെല്ലിനും വലത് കാൽമുട്ടിനും പരിക്കേറ്റു. തുടർന്ന് മറ്റ് പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാമോളം വരുന്ന കഞ്ചാവ് പൊതിയും ഇയാളിൽ നിന്നും കണ്ടെടുത്തു. കഞ്ചാവ് പോലെയുള്ള ലഹരി പദാർത്ഥങ്ങൾ ചെറു പൊതികളിലാക്കി ആവശ്യക്കാർക്ക് വിൽപ്പന നടത്തി വരികയായിരുന്നു പ്രതി. വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. ഓച്ചിറ പോലീസ് സബ്ബ് ഇൻസ്‌പെക്ടർ തോമസിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ ശ്രീജിത്ത്, സി.പി.ഒ മാരായ സുനിൽ, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *