പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മാതാവിന്‍റെ സുഹൃത്തായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. ചാത്തന്നൂര്‍, കുമ്മല്ലൂര്‍ ജയേഷ് ഭവനില്‍ പളനിയുടെ മകന്‍ ജ്യോതിഷ്(30) ആണ് ചവറ പോലീസിന്‍റെ പിടിയിലായത്. കുട്ടിയുടെ മാതാവുമായുള്ള മുന്‍പരിചയം മുതലെടുത്ത പ്രതി 2022 ജൂണ്‍ മാസം മുതല്‍ 2024 മെയ് മാസം വരെയുള്ള കാലയളവില്‍ പല സന്ദര്‍ഭങ്ങളിലായി കേവലം 11 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയില്‍ നിന്നും പീഢന വിവരം മനസ്സിലാക്കിയ അധ്യാപിക വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്സോ നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ പോലീസ് ഇന്‍സ്പെക്ടര്‍ അജീഷ് വി.എസ് ന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഗോപന്‍, ശ്രീഗോവിന്ദ്, എസ്.സി.പി.ഒ മാരായ അനില്‍, മനീഷ്, സി.പി.ഓ ശ്യാം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.