ആയുസ്സിന്റെ അടിക്കുറിപ്പ് പി. സ്റ്റാൻലി… അക്ഷരവഴികളിൽ ഒരു നക്ഷത്രവെളിച്ചം കൂടിഉൺമ മോഹൻ.,,

ഒക്ടോബർ 9 വ്യാഴം…
പതിവുപോലെ രാവിലെതന്നെ കമ്പ്യൂട്ടറിനു മുന്നിലേക്ക്. തീരാത്തത്ര ജോലികൾ… പുതിയ പുസ്തകങ്ങളുടെ വർക്കുകൾ ധാരാളം. രാവും പകലും മുഷിഞ്ഞിരുന്നു ജോലിചെയ്യുന്ന പഴയ ശീലത്തിന് ഇന്നും മാറ്റമില്ല. ഇതിനിടയിൽ എഴുത്ത്, വായന, മീറ്റിംഗുകൾ, രോഗ-മരണയിടങ്ങളിൽ സന്ദർശനങ്ങൾ, യാത്ര, കുടുംബകാര്യങ്ങൾ, മറ്റു പൊതുകാര്യങ്ങൾ…

ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരത്തുനിന്നും ഷൈനിയുടെ വിളിവന്നു, കരഞ്ഞുകൊണ്ട്… “പപ്പ പോയി മോഹൻ…”
ഒരുനിമിഷം തരിച്ചിരുന്നു. മണിക്കൂറുകൾക്കുമുമ്പും ഞങ്ങൾ ഫോണിൽ സംസാരിച്ചതാണ്. “പപ്പയുടെ ഏറ്റവും ഇഷ്ടക്കാരനല്ലേ മോഹൻ… എനിക്കെന്തു ചെയ്യണമെന്നറിയില്ല… ”
എനിക്കപ്പോൾ സങ്കടം വന്നു. ഫോൺ വെച്ചു. ദുബായിലുള്ള സുനിലിനെയും, സൗദിയിലുള്ള ബെൺസനെയും വിളിച്ചു. “ഞങ്ങളേക്കാൾ പപ്പയ്ക്ക് മോഹനേട്ടനോടായിരുന്നല്ലോ അടുപ്പം… എന്താണ് വേണ്ടതെന്നുവെച്ചാൽ ചെയ്യണം. ഞങ്ങൾ രാത്രിതന്നെയെത്തും…”

അങ്ങനെ സങ്കടത്തോടെ, എനിക്കു പ്രിയപ്പെട്ട പി. സ്റ്റാൻലി സാറിന്റെ മരണവാർത്ത കമ്പ്യൂട്ടറിൽ അടിക്കാൻ തുടങ്ങി. കൂടാതെ ‘ജനയുഗ’ത്തിന് ഒരു സ്റ്റോറിയും തയ്യാറാക്കി. ഇതെല്ലാംകൂടി മാധ്യമങ്ങൾക്ക് നൽകാനായി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ നന്ദു കലേശിന് തിരുവനന്തപുരത്തേക്ക് സെന്റ് ചെയ്തുകഴിഞ്ഞപ്പോഴേക്കും മൂന്നരമണിക്കൂർ ആരുമറിയാതെ കടന്നുപോയി.

മൂന്നുമണിക്ക് കൊല്ലത്തേക്ക് പോകാനിരുന്നതാണ്. ‘ജനയുഗ’ത്തിൽ വെച്ചു നടക്കുന്ന സഖാവ് ജി. കാർത്തികേയൻ സ്മാരക പുരസ്കാര നിർണ്ണയ സമിതിയുടെ മീറ്റിംഗ് അഞ്ചുമണിക്കാണ്… നാലുമണിയായി.
അല്പം ചോറെടുത്ത് വാരിവലിച്ചു തിന്നു. പ്രത്യേകിച്ച് ഒരു ഒരുക്കവും കൂടാതെ കൊല്ലത്തേക്ക് സ്വയം കാറോടിച്ചു പായുകയാണ്. അപ്പോൾ സ്റ്റാൻലിസാർ അടുത്തിരുന്ന് വാൽസല്യത്തോടെ വാതോരാതെ സംസാരിക്കുന്നുണ്ട്… സാമൂഹികം, രാഷ്ട്രീയം, സാഹിത്യം, സിനിമ…
ഞങ്ങൾ സംസാരിച്ചു തുടങ്ങിയാൽ തീരില്ല. കഴിഞ്ഞ പത്തുപന്ത്രണ്ടുവർഷമായി വ്രതംപോലെ നിത്യേന ഒരു വിളിയുണ്ട്. തലസ്ഥാനത്ത് പോകുമ്പോഴൊക്കെ കണ്ടുമുട്ടും. ഞങ്ങൾ തമ്മിൽ ആത്മബന്ധമോ, ഒരുതരം ആത്മീയബന്ധമോ ഒക്കെയായിരുന്നു ഉണ്ടായിരുന്നത്. ഒരു ജന്മംമുഴുവൻ അടുത്ത ബന്ധുക്കളായിരുന്നു എന്ന തോന്നൽ. എമ്പത്തൊന്നാം വയസ്സിൽ ഹൃദയാഘാതം മൂലമായിരുന്നു മരണം.

യാത്രയ്ക്കിടയിൽ പത്രക്കാരുടെ വിളി നിരന്തരം. പി. സ്റ്റാൻലിയെപ്പറ്റി കൂടുതൽ വിവരങ്ങൾ വേണം, ഫോട്ടോ വേണം… കാറ് നിർത്തി പറഞ്ഞുകൊടുത്തും ഫോണിൽ വിവരങ്ങളയച്ചും സമയം വൈകി. അഞ്ചേമുക്കാലിന് കടപ്പാക്കടയിലെ ‘ജനയുഗ’ത്തിലേക്കു കയറിച്ചെല്ലുമ്പോൾ വല്ലാതെ അണയ്ക്കുന്നുണ്ടായിരുന്നു.
പി.എസ്. സുരേഷ്ചേട്ടൻ ‘ജനയുഗ’ത്തിന്റെ മുഖ്യ കസേരയിലുണ്ട്. പ്രിയപ്പെട്ട രാജൻബാബു സാർ, കിരൺ പ്രഭാകരൻ, ആർ. രാജേന്ദ്രൻ, കെ. സെയ്ദുകുമാർ തുടങ്ങിയ പുരസ്‌കാരസമിതി അംഗങ്ങൾ അവിടെയുണ്ട്.
പണ്ട് പി. സ്റ്റാൻലിക്ക് ഈ സ്ഥാപനവുമായി എത്ര വലിയ ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് അദ്ദേഹത്തിന്റെ ഓർമ്മരചനകളിലൂടെ എനിക്കറിയാവുന്നതാണ്.

കൊല്ലത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, തടി-കയർ വ്യവസായിയുമായിരുന്ന എസ്. പൊലിക്കാർപ്പിന്റെയും മേരിയുടെയും മകനായി 1944ൽ സ്റ്റാൻലി ജനിച്ചു.
ഹൈസ്കൂൾ വിദ്യാഭ്യാസം ക്രേവൻ സ്കൂളിലായിരുന്നു. മദ്രാസ് ഡോൺ ബോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ജേർണലിസവും ഫിലിം ഡയറക്ഷനിൽ പരിശീലനവും നേടി. 1965ൽ കൊല്ലത്ത് സിതാര പ്രിന്റേഴ്സ് ആരംഭിച്ചു. 1966ൽ മദ്രാസിലേക്കു പോയി. അവിടെ സിനിമ പ്രവർത്തനം. 1990ൽ ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് തിരുവനന്തപുരത്തെത്തി നാലാഞ്ചിറയിൽ താമസമാക്കി. ‘വാസ്തുകലാപീഠം’ എന്ന കെട്ടിടനിർമ്മാണ സ്ഥാപനത്തിന്റെ
ഡയറക്ടറും, വാസ്തു കൺസൾട്ടന്റുമായി പിന്നീട്.

മൂന്നു ദശാബ്ദക്കാലം മദ്രാസിൽ സിനിമാരംഗത്ത് എ. വിൻസെന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു. വെളുത്ത കത്രീന, ഏണിപ്പടികൾ, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ, അനാവരണം, പൊന്നും പൂവും തുടങ്ങി ഇരപത്തഞ്ചോളം സിനിമകളുടെ സഹസംവിധായകനായി. തൂവാനത്തുമ്പികൾ, മോചനം, വരദക്ഷിണ, തീക്കളി എന്നിവ ഉൾപ്പെടെ നിരവധി സിനിമകളുടെ നിർമ്മാതാവായി. രാജൻ പറഞ്ഞ കഥ, തോൽക്കാൻ എനിക്ക് മനസ്സില്ല, വയനാടൻ തമ്പാൻ തുടങ്ങിയ സിനിമകളുടെ വിതരണക്കാരനായി.

1960 മുതൽ മുപ്പതുവർഷം സിനിമാരംഗത്തുണ്ടായിരുന്നിട്ടും ഒരിക്കലും മദ്യപാനം തുടങ്ങി ഒരുവിധ കേളികളിലും അദ്ദേഹം പെട്ടുപോയില്ല. അതുകൊണ്ടുതന്നെ ആ രംഗത്ത് തുടരാൻ ഒടുവിൽ താൽപര്യമില്ലാതായി. അതിനിടയിൽ സിനിമ രംഗത്തിന് അദ്ദേഹം എന്തെല്ലാം സംഭാവനകൾ ചെയ്തുകഴിഞ്ഞു!
ഒരുപാട് ജീവിതാനുഭവങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ആ മനസ്സുനിറയെ കരുണയും ആർദ്രതയുമായിരുന്നു. വലിയ മാനുഷികതയുള്ളയാൾ.

എക്കാലവും തികഞ്ഞ
കമ്മ്യൂണിസ്റ്റുകാരനായിരുന്ന സ്റ്റാൻലി ഏറ്റവുമൊടുവിൽ വ്യാകുലപ്പെട്ടതും നിരാശയനുഭവിച്ചതും ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരിന്റെ ഭരണപോരായ്മകളെപ്പറ്റിയും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രകടമായി കാണുന്ന അരക്ഷിതാവസ്ഥകളെപ്പറ്റിയും നിരന്തരം പറഞ്ഞുകൊണ്ടാണ്. വല്ലാത്ത ക്ഷോഭത്തോടെ ഇക്കാര്യം എന്നോടദ്ദേഹം പങ്കുവെയ്ക്കാറുണ്ടായിരുന്നു; പ്രതീക്ഷയറ്റവനെപ്പോലെ.

ഞങ്ങൾ തമ്മിൽ സംസാരിക്കാത്ത സാമൂഹിക വിഷയങ്ങളില്ല. കഴിഞ്ഞ കുറേക്കാലമായി ഈ ലോകത്തോട് അദ്ദേഹം സംവദിച്ചിരുന്നത് എന്നിലൂടെയാണെന്നു തോന്നിയിട്ടുണ്ട്. വലിയ തോതിൽ രാഷ്ട്രീയ അവബോധമുള്ള ആളായിരുന്നല്ലോ. അതൊക്കെ നേടിയത്, ചെറിയ പ്രായത്തിൽ കൊല്ലം രണ്ടാംകുറ്റിയിലെ പൊലിക്കാർപ്പിന്റെ ‘ത്യാഗഭവനം’ വീട്ടിൽ വന്ന് ഒളിവിലും തെളിവിലും താമസിക്കാറുണ്ടായിരുന്ന സി. അച്യുതമേനോൻ, കെ.ആർ. ഗൗരിയമ്മ, എൻ.ഇ. ബാലറാം, എം.എൻ. ഗോവിന്ദൻ നായർ, പി.ടി. പുന്നൂസ്, റോസമ്മ പുന്നൂസ്, എൻ.സി. ശേഖർ, ജെ. ചിത്തരഞ്ജൻ, ടി.വി. തോമസ്, ചടയംമുറി, പന്തളം പി.ആർ., പി.കെ.വി. തുടങ്ങിയ നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കളിലൂടെയായിരിക്കണം.

എന്റെ ദൈനംദിന
വിശേഷങ്ങളറിയാൻ ആ മനുഷ്യൻ വളരെ ഉത്സുകനായിരുന്നു. എന്റെ ഏതു സന്തോഷവും സങ്കടവും, സാംസ്കാരിക പ്രവർത്തന വിശേഷങ്ങളും, സാമൂഹിക ഇടപെടലുകളും, കുടുംബ കാര്യങ്ങളുംവരെ സ്റ്റാൻലി സാർ താല്പര്യത്തോടെ അറിഞ്ഞിരുന്നു. എന്റെ മനസ്സിനൊപ്പം ആ മനസ്സ് സദാ സഞ്ചരിച്ചു. അതൊരു ആശ്വാസമായിരുന്നു. കണിമോളുടെ കവിതകൾ ‘മാതൃഭൂമി’യിൽ സ്ഥിരമായി വായിച്ച് എന്നോട് അഭിപ്രായം പറയുമായിരുന്നു. മികച്ച കാവ്യാസ്വാദകനുമായിരുന്നു അദ്ദേഹം.
അടുത്തിടെ തിരുവനന്തപുരം പാറോട്ടുകോണത്തുള്ള വീട്ടിൽച്ചെന്ന് ഞാനും കണിയും അദ്ദേഹത്തെ കണ്ടിരുന്നു. സിദ്ധാർത്ഥനെയും സീതയെയും വലിയ ഇഷ്ടമായിരുന്നു. സീതയ്ക്ക് മുമ്പൊരിക്കൽ ഒരു ഗിത്താർ നൂറനാട്ട് കൊണ്ടുവന്നു സമ്മാനിച്ചത് ഓർക്കുന്നു.

സ്വകാര്യമായ എന്തു വിഷമങ്ങളും സന്തോഷങ്ങളും, ലോകത്തുനടക്കുന്ന സാമൂഹിക കാര്യങ്ങളും വരെ പറയാൻ ഞാനദ്ദേഹത്തെ വിളിക്കും. അദ്ദേഹവും അങ്ങനെതന്നെ.
പണ്ടൊക്കെ ഈ സ്ഥാനത്ത് എനിക്ക് ആശ്വാസമായുണ്ടായിരുന്നത്, ഞങ്ങളുടെ മദ്ധ്യതിരുവിതാംകൂറിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സഖാവ് പുന്നയ്ക്കാകുളങ്ങര മാധവനുണ്ണിത്താനായിരുന്നു. 85 വയസ്സുള്ളപ്പോൾ 1991ൽ അദ്ദേഹം മരിച്ചുപോയി. എല്ലാവർക്കുമുണ്ടാവും ഹൃദയം തുറന്നുവയ്ക്കാൻ ചില നല്ല സൗഹൃദങ്ങൾ. അത് പല പ്രായക്കാരും തരക്കാരുമാകാം. എന്നെ സംബന്ധിച്ച് എന്നിലെ അകംബോധത്തിന്റെ വാതിലുകൾ തുറന്നിട്ടത് ഇങ്ങനെ ചില കാരണവന്മാരാണ്; പി.ടി. ഭാസ്കരപ്പണിക്കർ, പി.എൻ. പണിക്കർ, പുതുപ്പള്ളി രാഘവൻ, അമ്പലപ്പുഴയിലെ ദർശനം പങ്കജാക്ഷക്കുറുപ്പ്, പുത്തൻകാവ് ഭാരത്ഭവൻ കെ.ഇ. കോശി…. പലരുമുണ്ട്. അവരിൽ ഏറ്റവും ഒടുവിലത്തെ ആളും ഇപ്പോൾ പോയിമറഞ്ഞു.
സിനിമ രാഷ്ട്രീയ സാമൂഹിക ചരിത്രങ്ങൾ ഞാനേറെയറിഞ്ഞു സ്റ്റാൻലി സാറിലൂടെ.

അദ്ദേഹം പലവട്ടം നൂറനാട്ട് വന്നിട്ടുണ്ട്. 2017ൽ രണ്ടാമതൊരു വീടുകൂടി പണിയണമെന്നാഗ്രഹിച്ചപ്പോൾ, വാസ്തുവിദ്യാ വിദഗ്ധൻകൂടിയായ സ്റ്റാൻലിസാർ അതിനെ പ്രോത്സാഹിപ്പിച്ചു. ‘ഉൺമ’ എന്ന ആ വീടിന്റെ സ്ഥാനം കാണുന്ന ദിവസം അദ്ദേഹം ഇവിടേക്കുവന്നു. കട്ടിളവെപ്പുചടങ്ങിലും പങ്കെടുത്തു. തറയിലിടാനുള്ള ടൈൽസെടുക്കാൻ അദ്ദേഹം എന്നെയും കൂട്ടിക്കൊണ്ട് തിരുവനന്തപുരം കാട്ടാക്കടയിൽ പോയി. ടൈൽ സെലക്ട് ചെയ്തത് ഞങ്ങൾ രണ്ടുപേരും കൂടിയാണ്. അന്ന് അതിന്റെ പണം അദ്ദേഹം മുടക്കി. വട്ടപ്പാറയിൽ നിന്നുളള തടിപ്പണിക്കാരെ ഏർപ്പാടാക്കിയതും അദ്ദേഹമാണ്.

2018ൽ കൊച്ചി അമൃത ആശുപത്രിയിൽ ഒരു മേജർ സർജറിക്ക് വിധേയനായി ഞാൻ ഐസിയുവിൽ കഴിയുമ്പോൾ, സ്റ്റാൻലിസാർ മക്കളായ ബെൺസനും സുനിലുമൊത്ത് എന്നെ കാണാൻ വന്നത് ഇന്ന് വേദനയോടെ ഓർക്കുന്നു.

തിരുവനന്തപുരത്ത് ലൈബ്രറി കൗൺസിൽ- നിയമസഭ പുസ്തകോത്സവം നടക്കുമ്പോൾ “മോഹൻ ലോഡ്ജിൽ മുറിയെടുത്ത് പണം കളയരുതെന്ന്” സ്റ്റാൻലിസാർ കാലേകൂട്ടി പറയും. അദ്ദേഹത്തിന്റെ ആ വലിയ വീട്ടിൽ എത്രയോ ദിവസം രാത്രികളിൽ ഞാൻ താമസിച്ചിരിക്കുന്നു. രാത്രി വൈകി കയറിവരുന്ന എനിക്കുവേണ്ടി ഗേറ്റും വീടിന്റെ മുൻവാതിലും പൂട്ടാതെ ചാരിയിട്ടിരിക്കും. സാറും, സഹായിയായ നേപ്പാൾ സ്വദേശി കുൽദീപും അപ്പോഴേക്കും ഉറങ്ങിയിരിക്കും. മുമ്പ് സഹായിയായിരുന്നത് നേപ്പാൾക്കാരനായ കൃഷ്ണനായിരുന്നു. ഇങ്ങനെ ഓർക്കാൻ ഒത്തിരിയുണ്ട്. മുമ്പ് പലപ്പോഴും സ്റ്റാൻലിസാറിനെപ്പറ്റി ഞാനെഴുതിയിട്ടുള്ളതാണ്.

കഴിഞ്ഞ ആറുമാസത്തിലേറെയായി ശാരീരിക സുഖമില്ലായിരുന്നു അദ്ദേഹത്തിന്. അതിനിടയിലും പുതിയൊരു പുസ്തകമെഴുതി എന്നെയേൽപ്പിച്ചു; ‘ആയുസ്സിന്റെ അടിക്കുറിപ്പുകൾ’ എന്ന ആ ഓർമ്മപ്പുസ്തകത്തിന്റെ പണി പൂർത്തിയാകുന്നതേയുള്ളു. അതിന്റെ കവർ ഡിസൈൻ കണ്ട് അദ്ദേഹം വലിയ സന്തോഷത്തിലായിരുന്നു.അദ്ദേഹത്തിന്റെ പത്ത് പുസ്തകങ്ങളും വെളിച്ചം കണ്ടത് ‘ഉൺമ’ പബ്ലിക്കേഷൻസിയിലൂടെയാണ്. കനൽവഴിലെ നിഴലുകൾ, മാന്ത്രികപ്പുരത്തിന്റെ കഥ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികൾ, ചുവന്ന ഘടികാരം, ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം എന്നീ നോവലുകൾ, ഓർമ്മകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും എന്നീ ഓർമ്മപ്പുസ്തകങ്ങൾ, ‘വാസ്തുസമീക്ഷ’ എന്ന ശാസ്ത്ര പുസ്തകം, ‘ഒരിടത്തൊരു കാമുകി’ എന്ന കഥാസമാഹാരം.

സിനിമാരംഗം വിട്ട് തിരുവനന്തപുരത്ത് താമസമാക്കിയതിനുശേഷം അദ്ദേഹം സാഹിത്യ സിനിമ രംഗങ്ങളിലെ ആരുമായും അധികം ബന്ധങ്ങളില്ലായിരുന്നു. പത്തുപന്ത്രണ്ട് വർഷത്തിനുമുമ്പ് ഞാനുമായുള്ള സൗഹൃദം തുടങ്ങിയതിനുശേഷമാണ് അദ്ദേഹം വീണ്ടും പേനയെടുത്തത്. അങ്ങനെയാണ് പത്തു പുസ്തകവും പുറത്തുവന്നത്; വളരെ ശ്രദ്ധേയമായ പുസ്തകങ്ങൾ.

ഭാര്യ സാലമ്മയുടെ മരണം അദ്ദേഹത്തെ തളർത്തിയിരുന്നു.
മൂന്നു മക്കളും, അവരുടെ കുടുംബാംഗങ്ങളുംതങ്ങളുടെ പപ്പയെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കണ്ടത്. അത്രമാത്രം കരുതലും ശ്രദ്ധയും മൂന്നു മക്കളും അദ്ദേഹത്തിന് നൽകി.

ഈയടുത്ത കാലത്തും എന്നോടദ്ദേഹം പറയുകയുണ്ടായി, ബുദ്ധിമുട്ടുന്ന മനുഷ്യരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ കർമ്മം. ചുറ്റുമുള്ള ആരെയും കണ്ടില്ലെന്നു നടിക്കരുത്. എന്റെ സ്വഭാവശൈലി സാറിന് നന്നായിട്ടറിയാം. അദ്ദേഹത്തിന്റെ മനസ്സും എന്റെ മനസ്സും പല കാര്യങ്ങളിലും ഒരുപോലെയാണെന്ന് തോന്നിയിട്ടുണ്ട്. മറ്റുള്ളവരെ സാമ്പത്തികമായിട്ടും മറ്റ് പല തരത്തിലും സഹായിച്ച് ഞങ്ങൾ രണ്ടാളും ഒരുപാട് അബദ്ധങ്ങളിൽ ചെന്നുചാടിയിട്ടുള്ളതാണ്. ഒട്ടേറെ വിഷമങ്ങൾ അക്കാര്യത്തിൽ ഞങ്ങളനുഭവിച്ചു.

മരിക്കുന്നതിന് കുറച്ചു ദിവസംമുമ്പ് ആവേശത്തോടെ അദ്ദേഹം സംസാരിച്ചത്, ഭാര്യ സാലമ്മയുടെ സഹോദരീപുത്രി സോഫി സ്വന്തമായൊരു സിനിമയെടുത്തതിനെപ്പറ്റിയായിരുന്നു. കഥ തിരക്കഥ സംഭാഷണം ഗാനരചന അഭിനയം തുടങ്ങി മറ്റ് സാങ്കേതിക പ്രവർത്തനങ്ങൾ മുഴുവനും സ്വയം നിർവഹിച്ച സോഫിയുടെ സിനിമ കണ്ടിട്ട് സ്റ്റാൻലിസാർ എന്നെ വിളിച്ച് വാചാലമായി സംസാരിച്ചു. ആരെയും പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം ഒട്ടും പിശുക്കു കാണിച്ചിട്ടേയില്ല.

ആ നന്മവെളിച്ചം കെട്ടുപോയി…
വല്ലാത്ത സങ്കടമുണ്ട്.
മാധ്യമങ്ങൾ അദ്ദേഹത്തിന്റെ വിയോഗ വാർത്തയ്ക്ക് വലിയ പ്രാധാന്യം നൽകി.

ഒക്ടോബർ 11ന് ശനിയാഴ്ച ഉച്ചയ്ക്ക് മുട്ടട ഹോളി ക്രോസ് ചർച്ചിൽ മരണാനന്തര ചടങ്ങിന് അവസാനംവരെ സാക്ഷ്യം വഹിക്കാൻ ഞാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽപ്പെട്ട ഇന്നത്തെ പ്രശസ്ത നോവലിസ്റ്റ് ജോയ്സി, വിക്രമൻ പട്ടാഴി, രാമചന്ദ്രൻപിള്ള എന്നിവരുമുണ്ടായിരുന്നു. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ, സഖാവ് പന്ന്യൻ രവീന്ദ്രൻ എന്നിവരും സ്റ്റാൻലി സാറിനെ കാണാൻ വന്നു.

എന്റെ അക്ഷരവഴികളിൽ ഒരു നക്ഷത്രംകൂടി വെളിച്ചം പകർന്നുതുടങ്ങിയതായി ഞാനറിയുന്നു.