കറാച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തല്‍ മെയ് 18 വരെ നീട്ടിയതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ.
ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായതെന്ന് ദാർ പറഞ്ഞു. ഇത് അനുസരിച്ച് ഞാറാഴ്ച വരെ വെടിനിർത്തല്‍ പ്രാബല്യത്തില്‍ ഉണ്ടാകും.
ഇരു രാജ്യങ്ങളുടെയുംഡയറക്ടർ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ)തീരുമാനിച്ച പ്രകാരം അതിർത്തി കടന്നുള്ള എല്ലാ സൈനിക നടപടികളും താല്‍ക്കാലികമായി നിർത്താൻ ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതായി ഇഷാഖ് ദാർ പറഞ്ഞു. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി കൂടിയായ ഇഷാഖ് ദാർ സെനറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കാര്യം അറിയിച്ചത്.
ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാർ നടത്തിയ ചർച്ചയില്‍ ആദ്യം വെടിനിർത്തല്‍ മെയ് 12 വരെയും പിന്നീട് മെയ് 14 വരെ വരെയും. ഇപ്പോഴിതാ മെയ് 14ന് നടന്ന ചർച്ചകള്‍ക്കൊടുവില്‍ വെടിനിർത്തല്‍ മെയ് 18 വരെ നീട്ടാൻ തീരുമാനിച്ചതായി ഇഷാഖ് ദാർ വ്യക്തമാക്കി.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 വിനോദ സഞ്ചാരികളുടെ ജീവൻ നഷ്ടമാകാൻ ഇടയായ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂർ. പുല്‍വാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഉള്‍പ്പടെ 100ലധികം ഭീകരരെ ഇന്ത്യ വധിച്ചു. ഇതിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘർഷം രൂക്ഷമായത്.
തുടർന്ന്, മെയ് 10നാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായത്.