ന്യൂഡൽഹി: ചാരപ്രവർത്തനത്തിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപും പാകിസ്ഥാൻ സന്ദർശിച്ചെന്ന് ഹരിയാന പൊലീസ്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ സ്വാധീനമുള്ളവരെ പാക് രഹസ്യാന്വേഷണ ഏജൻസികൾ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഹരിയാന പൊലീസ് പറഞ്ഞു. ജ്യോതിയുടെ വരുമാനത്തിന്‍റെ ഉറവിടം സംബന്ധിച്ചും വിദേശ യാത്രകൾ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ജ്യോതി പാകിസ്ഥാനിലേക്ക് പോയതെല്ലാം സ്പോൺസർമാരുടെ സഹായത്തോടെയാണ്.ഡൽഹിയിലെ പാകിസ്ഥാൻ ഹൈകമ്മീഷനിൽ നടന്ന ഇഫ്താർ വിരുന്നിലും ജ്യോതി പങ്കെടുത്തു. ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥൻ ഡാനിഷ് അടക്കമുള്ളവരോടൊപ്പമുള്ള ജ്യോതിയുടെ വീഡിയോ യൂട്യൂബ് ചാനലിലുണ്ട്. മെയ് 13 ന് ഈ ഉദ്യോഗസ്ഥനോട് ഇന്ത്യ വിടാൻ അധികൃതർ നിർദേശിച്ചിരുന്നു.
പാകിസ്ഥാനിൽ നിന്നുള്ള ജ്യോതിയുടെ ഏറ്റവും പുതിയ വീഡിയോകൾ കഴിഞ്ഞ മാസമാണ് പോസ്റ്റ് ചെയ്തത്. മാർച്ച് 22ന് ജ്യോതി മൽഹോത്ര അവർ മറ്റ് രണ്ട് ഇന്ത്യൻ യൂട്യൂബർമാരോടൊപ്പം പാകിസ്ഥാൻ ഹൈക്കമ്മീഷനിലാണെന്ന് പറഞ്ഞ് ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു.
ചാരപ്രവർത്തനത്തിന് ഇതുവരെ ജ്യോതി മൽഹോത്ര (വ്ലോഗർ, ഹരിയാന), ദേവേന്ദർ സിംഗ് ധില്ലൺ (വിദ്യാർത്ഥി, ഹരിയാന)
നൗമാൻ ഇലാഹി (യുപി), ഗുസാല (പഞ്ചാബ്),
യാമീൻ മൊഹമ്മദ്(പഞ്ചാബ്),
അർമാൻ നൂഹ്(ഹരിയാന),
പാലക് ഷേർ മാസിഹ്- (അമൃത്സർ),
സുരാജ് മാസിഹ്- (അമൃത്സർ),
ഷഹ്സാദ് (യുപി) എന്നീ
ഒൻപത് പേരാണ് അറസ്റ്റിലായത്.