കഴിഞ്ഞ ദിവസം ഞാനും,ഒരു സുഹൃത്തും കൂടി തിരുവനന്തപുരത്ത് നിന്ന് ഉച്ചക്ക് ശേഷം തമ്പാനൂർ KSRTC സ്റ്റാൻ്റിൽ നിന്നും തൃശൂരിൽ അവസാനിക്കുന്ന സൂപ്പർ ഫാസ്റ്റ് ബസിൽ മുവാറ്റുപുഴ വരെ എത്തിയ അനുഭവ കുറിപ്പാണ് ഇവിടെ കുറിക്കുന്നത്..
തിരുവനന്തപുരത്ത് നിന്നും സീറ്റിംഗ് യാത്രക്കാരുമായി സ്റ്റാൻ്റിൽ നിന്നും പുറത്തേക്ക് വന്ന തൃശൂർ ബോർഡ് വച്ച ബസിൽ ഒന്നും നോക്കാതെ ചാടിക്കയറി.ബാക്കിലെ കണ്ടക്ടർ സീറ്റിന് എതിർവശത്തായി ഇരിപ്പിടം കിട്ടി. നഗരത്തിൽ മേൽപ്പാലം പണിയുന്നതിനാൽ ബസ് ടൗണിൽ നിന്നും മറ്റ് വഴികളിലൂടെ സഞ്ചരിച്ചാണ് വെഞ്ഞാറമൂട് വരെ എത്തിയത്. കുഴപ്പമില്ലാതെ സഞ്ചരിച്ചു കൊണ്ടിരുന്ന പോകുന്ന ബസിൽ ടിക്കറ്റെല്ലാം കൊടുത്ത് കഴിഞ്ഞ് കണ്ടക്ടർ സീറ്റിൽ ഇരുന്ന് ഇടക്കിടെ സ്വയം പിറുപിറുക്കുന്നുണ്ടായിരുന്നു. കിളിമാനൂർ എത്തിയപ്പോൾ ബസ് സ്റ്റാൻ്റിൻ്റെ മദ്ധ്യഭാഗത്ത് നിർത്തിയപ്പോൾ കണ്ടക്ടർ ഡ്രൈവറെ നോക്കി അലറുന്നുണ്ടായിരുന്നു ബസ് മുൻപിലേക്ക് കേറ്റി പിടിക്ക് എന്ന് പറഞ്ഞ്. വണ്ടി അല്പം നീങ്ങി തുടങ്ങിയപ്പോൾ ഡ്രൈവറിൻ്റെ പുറകിൽ ചെന്ന് ശകാരിക്കുന്നുണ്ടായിരുന്നു. അപ്പോഴും ഞങ്ങൾക്ക് ഒന്നും മനസ്സിലായിരുന്നില്ല. ഞങ്ങൾ ശ്രദ്ധിക്കാനും മെനക്കെട്ടില്ല. ബസ് അടൂർ ഭാഗത്ത് എത്തിയപ്പോൾ റോഡ് ഡ്രൈവർക്ക് തെറ്റിപ്പോയി..പിന്നീട് ബസിൻ്റെ മുൻ സീറ്റിൽ ഇരുന്ന സ്ത്രീകൾ വഴി പറഞ്ഞ് കൊടുത്ത് ബസ് മറ്റു വഴികളിലൂടെ കുറച്ച് സഞ്ചരിച്ചാണ് അടൂർ സ്റ്റാൻ്റിൽ എത്തിയതും യാത്രക്കാരെ കേറ്റി യാത്ര തുടർന്നതും. അന്നേരം ചെറുതായൊന്നു ഞങ്ങൾ ആലോചിച്ചു വഴി പരിചയം ആയിട്ടില്ലാത്ത ഡ്രൈവർ ആയിരിക്കും എന്ന്. ഇത്രയും ഒക്കെ ആയിട്ടും യാതൊരു തിരക്കും ഇല്ലാത്ത ബസ്സിൽ കണ്ടക്ടർ ഡ്രൈവറുടെ ഇടത് വശത്ത് നിരവധി സീറ്റുകൾ ഒഴിഞ്ഞ് കിടന്നിട്ടും അവിടെ ചെന്നിരിക്കാനോ വഴി മുൻകൂട്ടി പറഞ്ഞ് കൊടുക്കാനോ മെനക്കെട്ടില്ല എന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് ഇതൊന്ന് ശ്രദ്ധിക്കണമെന്ന് തോന്നി. യാത്ര തുടർന്നു ചെറുവണ്ടികളും, വലിയ വാഹനങ്ങളും അതിവേഗതയിൽ വന്നു കൊണ്ടിരുന്നു. ബസ് കൊട്ടാരക്കര സ്റ്റാൻ്റിലേക്ക് ഇറങ്ങുന്ന സമയത്ത് ഡ്രൈവർക്ക് പരിചയമില്ലാത്തതിനാൽ ട്രാക്ക് കിട്ടിയില്ല. ബസ് റിവേഴ്സ് എടുക്കേണ്ട സമയത്ത് എന്തോ സ്വയം പറഞ്ഞ് കൊണ്ട് കണ്ടക്ടർ ബെല്ലിനോട് ദേഷ്യം സ്വയം തീർക്കുന്നത് പുറകിൽ ഇരുന്നത് കൊണ്ട് കാണാമായിരുന്നു. പിന്നീട് ട്രാക്കിലേക്ക് ബസ് ഇട്ടു അത്യാവശ്യം ആളുകൾ കയറി ( സീറ്റിംഗ് മാത്രം) യാത്ര തുടർന്നു…ഇടക്ക് ഇറങ്ങി എന്തെങ്കിലും കുടിക്കാനോ കഴിക്കാനോ കണ്ടക്ടറോട് കോട്ടയത്ത് സമയം ഉണ്ടോ എന്ന ഞങ്ങളുടെ ചോദ്യത്തിന് 10 മിനിറ്റ് സമയമുണ്ട് എന്ന മാന്യമായ മറുപടിയും നൽകി. ബസ് പതിവിലും താമസിച്ച് സൂപ്പർ ഫാസ്റ്റ് വേഗത മാറ്റി വച്ച് സമയം വൈകി ഒടുവിൽ രാത്രി 10.30 ന് കോട്ടയം സ്റ്റാൻ്റിൽ എത്തി. സ്റ്റാൻ്റിലേക്ക് ബസ് കയറുന്ന സ്ഥലത്ത് പരിചയ കുറവ് കൊണ്ടാകാം ബസ് നേരെ നിറുത്തി യാത്രക്കാരെ ഇറക്കി. സമയം ഉണ്ടെന്ന കണ്ടക്ടറുടെ നേരത്തെയുള്ള ഉറപ്പിൽ ഞങ്ങളും ചാടിയിറങ്ങി. പുറകിൽ സ്റ്റാൻ്റിലേക്ക് വരുന്ന മറ്റ് ബസുകളുടെ അലാറം അപ്പോൾ മുഴങ്ങുന്നുണ്ടായിരുന്നുതൊട്ടടുത്ത ഹോട്ടലിലേക്ക് ഞങ്ങൾ നടക്കുന്നതിനിടയിൽ ബസ് വിശ്രമ ട്രാക്കിലേക്ക് തിരിച്ച് ഇടുന്നുണ്ടായിരുന്നു.
ചായ കുടിക്കാനിരുന്നപ്പോൾ എതിർ വശത്ത് കണ്ടക്ടറും ഡ്രൈവറും വന്നിരുന്നു. കണ്ടക്ടർ മൂന്ന് ദോശയും ഓംലെറ്റും ചായയും ഓർഡർ പറഞ്ഞ് കഴിക്കുന്നുണ്ടായിരുന്നു. ഡ്രൈവറോട് ഹോട്ടൽ ജീവനക്കാരൻ എന്താ വേണ്ടത് എന്ന് ചോദിക്കുന്നത് ഞങ്ങൾ കേട്ടു പാവം ഒരു ചായ മാത്രം മതിയെന്ന മറുപടി നൽകി .അത് കിട്ടിയപ്പോൾ കുടിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേരും പരസ്പരം പറഞ്ഞു ഈ വണ്ടി തൃശൂർ ചെല്ലുമ്പോൾ ഒരു നേരമാകും പാവം പട്ടിണിയാണല്ലോ എന്താകും കഴിക്കാത്തത് എന്നല്ലാം.ഞങ്ങൾ എണീറ്റ് വണ്ടിയുടെ മുൻവശം ചെന്നപ്പോൾ ഹെഡ് ലൈറ്റ് കത്തി കിടക്കുന്നു. അപ്പോൾ തന്നെ മറ്റൊരു ജീവനക്കാരൻ വണ്ടിയിൽ കയറി ഓഫാക്കാൻ നോക്കിയെങ്കിലും ഓഫാക്കാൻ പറ്റിയില്ല. ചായ മാത്രം കഴിച്ചതിനാൽ ഡ്രൈവർ വേഗം വണ്ടിയുടെ പുറക് വശം വന്നു.ഞങ്ങൾ പറഞ്ഞു ലൈറ്റ് ഓണായി കിടക്കുന്നു എന്ന്. നോക്കിയിട്ട് ഓഫാക്കാൻ പറ്റുന്നില്ല എന്ന മറുപടി നൽകി. ഇത്തവണ ഞങ്ങൾ ഡ്രൈവറുടെ രണ്ട് സീറ്റിന് പിന്നിൽ ഇരിപ്പിടം ഉറപ്പിച്ചു. അപ്പോഴെക്കും കോഴിക്കോട് -വഴിക്കടവ് സൂപ്പർ ഫാസ്റ്റ് വന്ന് യാത്രക്കാരുടെ ട്രാക്കിൽ വന്നു. കുറച്ച് യാത്രക്കാർ ഞങ്ങളുടെ ബസിൽ നിന്നും ആ ബസിലേക്ക് ഓടി കയറാനായി പോകുന്നുണ്ടായിരുന്നു. ഇതിനിടയിൽ സ്റ്റേഷൻ മാസ്റ്ററെ കാണാൻ പോയ കണ്ടക്ടർ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു വണ്ടി വരാനായി.. ഡ്രൈവർ കാണാത്തതിനാൽ കണ്ടക്ടർ വണ്ടിയിലേക്ക് വന്നു ഒച്ചയെടുത്തു. ആ ബസ്സിൻ്റെ ഒപ്പം വക്കണ്ടെ എന്ന് പറഞ്ഞ്. (രണ്ടും ഒരേ റൂട്ടിലെ ബസാണ്) വഴിക്കടവ് ബസ് അപ്പോഴും ട്രാക്കിൽ തന്നെ. നമ്മുടെ ബസ് എടുത്ത് അതിൻ്റെ അടുത്ത് എത്തിയപ്പോൾ കണ്ടക്ടർ പുറകിൽ നിന്നും ദേഷ്യത്തോടെ നിറുത്തണ്ട വേഗം പോകാനുള്ള ഡബിൾ ബെല്ലടിച്ചു. പക്ഷെ വഴിക്കടവ് ബസിൽ കയറിയ യാത്രക്കാർ ആ ബസിന് എവിടെയോ ചായ കുടിക്കാൻ താമസമുണ്ട് എന്ന് പറഞ്ഞതിനാൽ ഈ ബസിന് കൈ കാണിച്ചു. കണ്ടക്ടർ ഡബിൾ ബെല്ലടിച്ച ബസ് ഡ്രൈവർ നിർത്തി ആളെ കയറ്റി. ( സീറ്റിംഗ് യാത്രക്കാർ മാത്രം) ബസ് പതുക്കെ നീങ്ങി ഇത്തവണ മുൻവശത്ത് കോട്ടയം നഗരത്തിൽ നിന്നും വഴി തെറ്റാതെ ബസിന് പുറത്ത് കടക്കാൻ ഒരു യാത്രക്കാരൻ സഹായിക്കുന്നത് കാണാമായിരുന്നു. അപ്പോഴും കണ്ടക്ടർ തിരക്കില്ലാതെ തൻ്റെ സീറ്റിൽ ഡ്രൈവറോടുള്ള നീരസം മുഖത്ത് പ്രകടിപ്പിച്ച് ഇരിക്കുന്നത് കാണാമായിരുന്നു. കോട്ടയത്ത് നിന്ന് കാക്കിയിട്ട ഒരു KSRTC ജീവനക്കാരനും ഡ്യൂട്ടി കഴിഞ്ഞ് ഡ്രൈവറുടെ ഇടത് വശത്തുള്ള സീറ്റിൽ ഇരുന്നു. ഏറ്റുമാനൂർ ഭാഗത്ത് നിന്ന് തൃശൂർ വഴി അദ്ദേഹം പറഞ്ഞു കൊടുക്കുന്നത് കാണാൻ കഴിഞ്ഞു. വണ്ടി പൊതുവേ സ്പീഡ് കുറഞ്ഞു തടി വണ്ടികൾ മുന്നിൽ.. കേറി പോകാൻ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ ഒന്ന് രണ്ട് സ്ഥലങ്ങളിൽ വനിതകൾ ഇറങ്ങാൻ എണീറ്റ് നിന്നു. ഡ്രൈവർ കാണാത്തതിനാൽ വണ്ടി നീങ്ങി ഒടുവിൽ ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞ് ഡ്രൈവറോട് പുറകിൽ ചെന്ന് പറഞ്ഞ് വണ്ടി നിർത്തിയ സന്ദർഭം ഉണ്ടായി. ബസ് പതുക്കെയാണേലും നീങ്ങുന്നുണ്ടായിരുന്നു. കൂത്താട്ടുകുളം സ്റ്റാൻ്റിന് എത്താറായപ്പോൾ ഡ്യൂട്ടി കഴിഞ്ഞ് പോയ ജീവനക്കാരൻ സ്റ്റാൻ്റിൻ്റെ വഴി കാണിച്ച് ഇടതുവശം കേറി പോകണമെന്ന് ഡ്രൈവറോട് പറഞ്ഞു. പക്ഷെ ചെറു വഴിയും പരിചയക്കുറവും കൊണ്ട് ബസ് കുറച്ച് നീങ്ങിപ്പോയി നിർത്തി അവിടെ ഒരു വനിത ഇറങ്ങിയപ്പോൾ വഴി പറയുന്ന ആ ജീവനക്കാരൻ ഡ്രൈവറോടും, പുറകിലേക്ക് തിരിഞ്ഞ് ഇവിടെ കയറുന്നില്ലേ എന്ന് ചോദിച്ചത് കാണാൻ കഴിഞ്ഞു. പോകണ്ട എന്ന മറുപടിയാണ് കണ്ടക്ടർ നൽകിയത്. അങ്ങനെ വണ്ടി സ്റ്റാൻ്റിൽ കയറാതെ സഞ്ചരിച്ചു തുടങ്ങി. ഞാൻ പലപ്പോഴും താമസിച്ച് വരുമ്പോൾ പോലും ഏത് ബസാണെങ്കിൽ പോലും കൃത്യമായി ഇത്തിരി കേറി പോയി കൃത്യമായി ആളെയും കയറ്റി പോകുന്നത് ഓർമ്മയിൽ വന്നു. ഈ കാര്യം ഒന്ന് അന്വേഷിക്കണം. ഞാൻ ഈ വിഷയം ഒന്ന് പഠിക്കട്ടെ എന്ന് സുഹൃത്തിനോട് അനുവാദം ചോദിച്ച് സീറ്റിൽ നിന്നും എഴുന്നേറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന ജീവനക്കാരൻ്റെ അടുത്ത് ചെന്നിരുന്ന് പരിചയപ്പെട്ടു. അദ്ദേഹം പെരുമ്പാവൂർക്കാണ്. ദൂരെയുള്ള ഒരു ഡിപ്പോയിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് പോകുന്നതാണ്. സ്റ്റാൻ്റിൽ കയറാത്ത കാര്യവും ഉറപ്പായും അവിടെ യാത്രക്കാർ ഉണ്ടാകും എന്ന കാര്യവും ഞാൻ ചോദിച്ചപ്പോൾ ആദ്യം അതിനെ ന്യായീകരിച്ചെങ്കിലും പിന്നീട് അദ്ദേഹം പറഞ്ഞു അത് തെറ്റായ കാര്യമാണ് എന്ന്. പിന്നീട് ഡ്രൈവറുടെ കാര്യങ്ങൾ ഞാൻ തിരക്കി. വാഹനം ഓടിക്കുന്നതിൽ കുറച്ചൊക്കെ അപാകതയുണ്ടന്നും (ഞാനും നേരിൽ കണ്ടതാണ്) പാവം മടുത്ത് കാണുമെന്നും ഇവരെല്ലാം എം. പാനൽ ജീവനക്കാരാണന്നും അതുകൊണ്ടായിരിക്കാം കണ്ടക്ടർ സഹകരിക്കാത്തത് എന്ന മറുപടിയും അദ്ദേഹം നൽകി. അപ്പോഴാണ് സംഗതി മുഴുവൻ എനിക്കും കൂട്ടുകാരനും മനസ്സിലാകുന്നത്. ആദ്യമായി കേറിയ ഡ്രൈവർക്ക് കൃത്യമായി വഴി പറഞ്ഞ് കൊടുത്ത് പരസ്പരം സഹകരിച്ച് പോകേണ്ടവർ ഇവിടെ എന്ത് സന്ദേശം നൽകുന്നു. വണ്ടി കൂത്താട്ടുകുളം പിന്നിട്ട് മുവാറ്റുപുഴ എത്താൻ പോകുന്നു സമയം. 10.30. KSRTC സ്റ്റാൻ്റിൽ കേറാൻ ഡ്രൈവർ കൂട്ടാക്കുന്നില്ല എന്ന് എനിക്ക് നേരത്തെ അറിയാൻ സാധിച്ചു കാരണം മറ്റൊന്നുമല്ല ഡ്രൈവർക്ക് സ്ഥല പരിചയമില്ല പറഞ്ഞു കൊടുക്കാനും ആരുമില്ല. ഒടുവിൽ സ്റ്റാൻ്റ് എത്താറായ പ്പോൾ ഞാനും പെരുമ്പാവൂർക്ക് പോകുന്ന KSRTC ജീവനക്കാരനും ചോദിച്ചു സ്റ്റാൻ്റിൽ കയറുന്നില്ലേ എന്ന് ഡ്രൈവർ മറുപടി നൽകി വേണ്ട കുഴപ്പമില്ല എന്ന്. ഞങ്ങൾ പെട്ടെന്ന് ചെറിയ ക്ലാസ് പോലെ മുവാറ്റുപുഴ സ്റ്റാൻ്റിൻ്റെ പ്രത്യേകതയും റോഡ് സൈഡിലെ സ്റ്റാൻ്റും പറഞ്ഞ് കൊടുത്തു. ഒടുവിൽ സ്റ്റാൻ്റിൻ്റെ അടുത്തെത്തി ഇക്കുറി ഞാൻ വഴി പറഞ്ഞു നൽകി. ബസ് ചെന്ന് നിന്നതും നിരവധി യാത്രക്കാർ കയറുന്നതിനായി വന്നു. ഞങ്ങൾ ബസിൽ നിന്നിറങ്ങി, ഞാൻ ആദ്യം ഡ്രൈവർ സൈഡിലേക്ക് ചെന്ന് പറഞ്ഞു പേടിക്കണ്ട ധൈര്യമായി പൊക്കോ..എല്ലാം പഠിച്ചോളും കണ്ടക്ടർ പറയുന്നത് കാര്യമാക്കണ്ട എന്ന്. ഞാൻ നൽകിയ ചെറുതായ ആത്മവിശ്വാസത്തിൽ ചെറു പുഞ്ചിരിയോടെ തലയാട്ടി ഡ്രൈവർ മറുപടി നൽകി ഒകെ യെന്ന്.. ബസ് ആളെ കയറ്റി പുറത്തേക്ക് പോകുന്നത് ഞങ്ങൾ നോക്കി നിന്നു. പെരുമ്പാവൂർ വരെ ആ ജീവനക്കാരൻ ഇരിക്കുന്നത് കൊണ്ട് സാരമില്ല ബാക്കി പിന്നീട്.. ഞങ്ങൾ പരസ്പരം പറഞ്ഞു ശരിയാകും.
ഇവിടെയാണ് നാം കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. ആരും എല്ലാം തികഞ്ഞിട്ടില്ല ഓരോ സ്ഥലത്തേക്കും എത്തപ്പെടുന്നത്. അറിവില്ലാത്തവരെയും, പുതുതായി ജീവിക്കാനായി കടന്നു വരുന്ന സഹപ്രവർത്തകനെ എല്ലാം മനസ്സിലാക്കി കൈപിടിച്ച് ഉയർത്തി കൊണ്ടുവരേണ്ടതിൻ്റെ പ്രാധാന്യം.. ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ചെറുവണ്ടികൾ ഓടിച്ചിട്ട് മക്കളെയും, രോഗികളായ മാതാപിതാക്കളെയും, ഭാര്യയുടേയും കുടുംബത്തിൻ്റെ പ്രതീക്ഷയായി കഷ്ടപ്പെട്ട് കിട്ടിയ പണി സ്വർഗ്ഗം പോലെയാക്കാൻ സ്വപ്നം കണ്ട് എംപാനൽ ആയി കയറിയ ഡ്രൈവർമാർക്ക് ദീർഘദൂര ബസുകൾ ആദ്യം നൽകാതെ ലോക്കൽ ബസുകൾ ഓടിക്കാൻ നൽകുകയും അഥവാ ദീർഘദൂരം നൽകിയാൽ സ്ഥലങ്ങൾ പരിചയപ്പെടുവാൻ അത്യാവശ്യം യാത്ര ചെയ്ത് ട്രെയിനിംഗ് നൽകാനും അധികൃതർ ശ്രദ്ധിക്കേണ്ടതുണ്ട്. അതിലുപരിയായി രണ്ട് ജീവനക്കാർ മാത്രമുള്ള ഇത്തരം ബസുകളിൽ ജോലിയുടെ വലിപ്പചെറുപ്പം വലിച്ചെറിഞ്ഞ് പരസ്പരം സ്നേഹവും ബഹുമാനങ്ങളും നിലനിർത്തുന്നതിനുള്ള സംവിധാനമൊരുക്കുന്നതിനും അഭ്യർത്ഥിക്കുന്നു..
ജിൻസ്.വി.കെ
ഇ.പി സാജു
( KSRTC യാത്രക്കാർ )പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങൾ അയച്ച കത്ത് പ്രസിദ്ധീകരിക്കുന്നു. വായനക്കാർ പ്രതികരിക്കട്ടെ