അഞ്ചുരൂപയ്ക്ക് പകരംപത്തുരൂപയ്ക്ക് ചായ വിറ്റു; 22,000 രൂപ പിഴ

കൊല്ലം: കൊല്ലം റയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ക്യാന്റീനില്‍ അഞ്ചുരൂപയ്ക്ക് പകരം പത്തുരൂപയ്ക്ക് ചായ വിറ്റ ലൈസന്‍സിക്ക് 22,000 രൂപ പിഴയിട്ടു. ലൈസന്‍സിക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കുന്നതിനായി ലൈസന്‍സി 22,000 രൂപ രാജിഫീസ് അടച്ചു. 150 മി.ല്ലി ചായയ്ക്ക് ടീ ബാഗ് ഇല്ലാതെ അഞ്ച് രൂപയും ടീ ബാഗ് ഉണ്ടെങ്കില്‍ 10 രൂപയുമാണ് ഐആര്‍സിടിസി യുടെ നിരക്ക്. പരിശോധന സമയം ടീ ബാഗ് ഇല്ലാത്ത ചായയ്ക്കും അഞ്ച് രൂപയ്ക്ക് പകരം 10 രൂപയാണ് ഈടാക്കികൊണ്ടിരുന്നത്. കൂടാതെ ചായയുടെ അളവിലും വ്യത്യാസമുണ്ടായിരുന്നു.

ഇവിടെ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അളവില്‍ കുറച്ചു നല്‍കി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖലാ ജോയിന്റ് കണ്‍ട്രോളര്‍ സി ഷാമോന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി. പൊതുമേഖലാ സ്ഥാപനമായ ഐആര്‍സിടിസി ക്യാന്റീന്‍ നടത്താന്‍ ലൈസന്‍സ് നല്‍കിയ ഇടനിലക്കാരന്‍ ചായയ്ക്ക് അമിതവില ഈടാക്കുന്നതായും അളവില്‍ കുറയ്ക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി.

കൊല്ലം അസിസ്റ്റന്റ് കണ്‍ട്രോളര്‍ സുരേഷ് കുമാര്‍ കെജി, കൊട്ടാരക്കര ഇന്‍സ്‌പെകടര്‍ അതുല്‍ എസ്ആര്‍, ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് ഉണ്ണിപ്പിള്ള ജെ, ഓഫീസ് അസിസ്റ്റന്റുമാരായ രാജീവ് എസ്, വിനീത് എംഎസ്, ദിനേശ് പിഎ, സജു ആര്‍ എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *