എൻ്റെ പ്രിയപ്പെട്ട ചാച്ചന്, ‘ഇതൊക്കെ പകരം നൽകാനുള്ളു’

പിതാവിൻ്റെ പിറന്നാൾ ദിനത്തിൽ സംവിധായകനും, നടനുമായ ജോയ് കെ.മാത്യു എഴുതിയ സ്നേഹാർദ്രമായ  കുറിപ്പ് വായിക്കാം.

ഇതൊക്കെ പകരം നൽകാനുള്ളു…

സിനിമ ലൊക്കേഷനിൽ പോകുക, ഷൂട്ടിംഗ് കാണുക പറ്റുമെങ്കിൽ അവിടെ ഉള്ളവരുമായി വർത്താനം പറയുക ഇതൊക്കെ സിനിമ കാണുന്നത് പോലെ പലർക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ്. എന്റെ ചാച്ചനും അത് ഏറെ ഇഷ്ടമുള്ളത് കൊണ്ട്
എന്റെ വർക്ക്‌ നടക്കുമ്പോൾ പലപ്പോഴും ഞാൻ കൂടെ കൊണ്ട് പോകാറുമുണ്ട്.

ഇപ്പോൾ നടക്കുന്ന വർക്കിനെ കുറിച്ച് ചാച്ചന് അറിയാമെങ്കിലും വളരെ തിരക്കേറിയ ലൊക്കേഷനിലേക്ക് “ഞാനും കൂടി വരട്ടേടാ” എന്ന് ചോദിക്കാൻ ഒരു മടി ചാച്ചനുണ്ടായിരുന്നു.

ചാച്ചൻ ചോദിച്ചില്ലെങ്കിലും
ചാച്ചനെ കൂടെ കൊണ്ട് പോകണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.
പക്ഷെ, ചാച്ചന്റെ പ്രായത്തിന്റെ അസ്വസ്ഥതകളും പ്രയാസങ്ങളും നന്നായി അറിയാവുന്നത് കൊണ്ട് ഞാനത് മടിച്ചു.

അപ്പോഴാണ് ചാച്ചന്റെ എൺപത്തിനാലാം പിറന്നാളിന്റെ
കാര്യം ഓർമ വരുന്നത്.

അങ്ങനെ ഞങ്ങൾ
ചാച്ചന്റെ പിറന്നാൾ എറണാകുളത്ത് ലൊക്കേഷനിൽ വച്ച് ആഘോഷിക്കാൻ തീരുമാനിച്ചു

എന്റെ സഹപ്രവർത്തകരായ നടീനടന്മാരും ടെക്നീഷ്യന്മാരും കൂട്ടുകാരും അതിനുള്ള സൗകര്യം ലൊക്കേഷനിൽ ഒരുക്കി…

നടി അംബിക ചേച്ചിയും നടൻ കൈലാഷും അതിന് നേതൃത്വം കൊടുത്തു…

പിറന്നാൾ കാര്യം ഒന്നുമറിയാതെ വീട്ടിൽ കിടന്നുറങ്ങിയ ചാച്ചനോട് കുടുംബ സുഹൃത്തും B.ed കോളേജ് പ്രിൻസിപ്പാളുമായ ബിബി ടീച്ചറും എന്റെ സഹോദരി സിസ്റ്റർ ഫാബിയയും എന്റെ കൂട്ടുകാരനായ ജോയ് സാറും കൂടി സുഖമില്ലാതെ കിടക്കുന്ന ഒരാളെ കാണാൻ പോകാം എന്ന് പറഞ്ഞു കൊണ്ട് ചാച്ചനെ കാറിൽ കയറ്റി ലൊക്കേഷനിൽ കൊണ്ട് വന്നു…

തുടർന്ന് സംഭവിച്ചത് ഇതോടൊപ്പമുള്ള ചിത്രങ്ങളിലും ചെറു വീഡിയോകളിലും കാണാം…

……..

ഒരു വ്യക്തിയുടെ എൺപത്തിനാലാം വയസിൽ ആഘോഷിക്കുന്ന ആണ്ടുപിറന്നാളാണ് ശതാഭിഷേകമെന്നും
അയാൾ തന്റെ ജീവിത യാത്രയിൽ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടിട്ടുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

പിറന്നാൾ ആഘോഷമെല്ലാം കഴിഞ്ഞാണ് എൺപത്തിനാലാം പിറന്നാളിന്റെ പ്രാധാന്യം ഞാനറിയുന്നത്…

ഞങ്ങളുടെ ജീവിതത്തെ ദീപ്തമാക്കാൻ ജീവിതത്തിന്റെ കയ്പ് നിറഞ്ഞ കാസ കൽക്കണ്ട പൊട്ട് പോലും മേമ്പൊടി ചേർക്കാതെ മക്കൾക്കായ് കുടിച്ച് വറ്റിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ചാച്ചന് നൽകാൻ ഇത്‌ പോലുള്ള കൊച്ച് കൊച്ച് സന്തോഷം നിറഞ്ഞ മുഹൂർത്തങ്ങൾ മാത്രമേയുള്ളൂ…

വളരെ ചെറിയ ഈ ജീവിത യാത്രയിൽ ഇത് പോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളാണ്
എന്റെ സമ്പാദ്യവും.

പ്രിയപ്പെട്ട ചാച്ചന് പിറന്നാൾ ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *