കൗമാരകാലം മുതൽ നൂറനാട് ലെപ്രസി സാനട്ടോറിയത്തിലെ അതിവിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറിയിൽനിന്നും ഞാൻ പുസ്തകങ്ങളെടുത്ത് വായിച്ചുതുടങ്ങി.
സാനട്ടോറിയവുമായും, അന്നത്തെ അന്തേവാസികളുമായും, ലൈബ്രറിയുമായും വലിയ ബന്ധം ഞാൻ പുലർത്തിയിരുന്നു. അവിടുത്തെ പല പൊതുപ്രശ്നങ്ങളിലും ഞാനിടപെട്ടിട്ടുണ്ട്. ‘ഉൺമ’യുടെ ഒട്ടേറെ സാംസ്കാരിക പരിപാടികൾ ഒരുകാലത്ത് സാനട്ടോറിയത്തിൽ വെച്ചു നടത്തിയിട്ടുണ്ട്. ഇരവിപുരം കെ.ആർ., മലബാർ ചേട്ടൻ എന്ന കൃഷ്ണൻ നായർ തുടങ്ങിയ കവികൾ അവിടെ അന്തേവാസികളായുണ്ടായിരുന്നു. വനിതാ വാർഡിലെ പഞ്ചാലിയമ്മ ഉൾപ്പെടെയുള്ള അന്തേവാസികളായ അമ്മമാരുടെയും, സഹോദരികളുടെയും സ്നേഹം ഞാനേറെ അനുഭവിച്ചിട്ടുണ്ട്.
1990ല്‍ വായനശാലയുടെ പുതിയ ഇരുനിലക്കെട്ടിടം അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി എ.സി. ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തപ്പോൾ ആ പരിപാടിയുടെ കൺവീനർ ഞാനായിരുന്നു. അന്ന് പി.എൻ. പണിക്കർ സാറും അതിഥിയായെത്തിയിരുന്നു.
1949ൽ ഡോ. എൻ.ജി. കർത്ത ലെപ്രസി സാനട്ടോറിയം സൂപ്രണ്ടായിരിക്കുമ്പോഴാണ് ഗ്രന്ഥശാല ആരംഭിക്കുന്നത്. തുടക്കത്തിൽ രണ്ടായിരത്തിലേറെ അന്തേവാസികൾ സാനട്ടോറിയത്തിലുണ്ടായിരുന്നു. ഇന്ന് ആ ലൈബ്രറിയിൽ ഇരുപതിനായിരത്തോളം പുസ്തകങ്ങളും, താളിയോല ഗ്രന്ഥങ്ങളും കാണേണ്ടതാണ്. അന്തേവാസികളുടെ എണ്ണം കുറഞ്ഞതോടെ വിശാലമായ സാനട്ടോറിയം വളപ്പുതന്നെ കാടുകയറി. അതിനകത്തെ റോഡുകൾ തകർന്നുകിടക്കുന്നു. നൂറിലേറെ വരുന്ന കെട്ടിടങ്ങൾ തകരാറിലായി. പൊതുജനങ്ങൾക്കുള്ള ആശുപത്രി വിഭാഗമല്ലാതെ പണ്ടുണ്ടായിരുന്ന മറ്റൊരു സ്ഥാപനവും ഇന്നവിടെ പ്രവർത്തിക്കുന്നില്ല. സിനിമ തിയേറ്ററും, കലാസമിതിയും, സഹകരണസംഘവും, നെയ്ത്തുശാലയുമെല്ലാം അടച്ചുപൂട്ടി. ക്ഷേത്രവും, മുസ്ലിം പള്ളിയും, ക്രിസ്ത്യൻ പള്ളിയും നാമമാത്രമായി ചലിക്കുന്നു. 170 ഏക്കർ വരുന്ന നൂറനാട് ലെപ്രസി സാനട്ടോറിയത്തിന്റെ 50 ഏക്കർ ഭൂമി ഐടിബിപിയ്ക്ക് കൈമാറി. അടുത്തകാലത്ത് നെഴ്സിങ് കോളേജ് പ്രവർത്തനമാരംഭിച്ചു. കേന്ദ്രീയ വിദ്യാലയത്തിന് അനുമതിയായിട്ടുണ്ട്. എം. എസ്. അരുൺകുമാർ എംഎൽഎയുടെ ഉത്സാഹം ഇവിടുത്തെ വികസന പ്രവർത്തനങ്ങൾക്കു പിന്നിലുണ്ട്.
1950 കാലത്ത് അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും നൂറനാട് ലെപ്രസി സാനട്ടോറിയം സന്ദർശിച്ചിട്ടുണ്ടെന്ന ചരിത്രം എത്രപേർക്കറിയാം! അത് രേഖപ്പെടുത്തിയിരുന്ന ഫലകവും, പ്രധാനമന്ത്രി പതാകയുയർത്തിയ കൊടിമരവും ഏതാണ്ട് പത്തുവർഷം മുമ്പുവരെ മെയിൻ ഗേറ്റിനടുത്തുണ്ടായിരുന്നു. അവ ഇന്നവിടെ കാണാനില്ല.
കോവിഡ് കാലത്ത് അടച്ചുപൂട്ടിയ സാനട്ടോറിയം ലൈബ്രറി തുറന്നു പ്രവർത്തിക്കണമെന്നും, പൊതുജനങ്ങൾക്ക് പ്രയോജനമാകുംവിധം പഴയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് മാറ്റണമെന്നും കാണിച്ച് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മുഖ്യമന്ത്രിമുതൽ താഴേക്ക് ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും ഞാൻ പരാതിക്കത്ത് നൽകി വരികയായിരുന്നു. സാംസ്കാരിക വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, എംഎൽഎ, ആലപ്പുഴ ജില്ലാ കളക്ടർ, സാനട്ടോറിയം സൂപ്രണ്ട്, ആർ.എം.ഒ., ആശുപത്രി വികസനസമിതി എന്നിവർക്കെല്ലാം നിവേദനം നൽകി. എന്നാൽ, കഴിഞ്ഞ ദിവസം ലൈബ്രറി തുറന്നു പ്രവർത്തനമാരംഭിച്ചു എന്ന വിവരമറിയുന്നത് പത്രവാർത്തകളിലൂടെയാണ്. സാരമില്ല; ഞാൻ ആവശ്യപ്പെട്ട സംഗതി നടപ്പായല്ലോ. അതുമാത്രം മതി. പൊന്നുരുക്കുന്നിടത്ത് ‘ഉൺമ മോഹന്’ എന്തു കാര്യം!
കുഷ്ഠരോഗികളുടെ ജീവിതം പകർത്തിയ ‘അശ്വമേധം’ ‘ശരശയ്യ’ എന്നീ നാടക- സിനിമകൾ ചെയ്ത തോപ്പിൽ ഭാസിക്ക് ഈ സ്ഥാപനവുമായി വലിയ അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന് ഉചിതമായ ഒരു സ്മാരകം നൂറനാട് സാനട്ടോറിയം മണ്ണിൽ സ്ഥാപിക്കണമെന്നതാണ് എന്റെ നിരന്തരമായുള്ള മറ്റൊരാവശ്യം. ഇതിനായി പല വാതിലുകളും ഞാൻ മുട്ടി. ഇപ്പോഴും ‘മുട്ടൽ’ തുടരുന്നു.
-നൂറനാട് മോഹൻ