സിദ്ദിഖിനെതിരായ വെളിപ്പെടുത്തൽ; നിരപരാധിത്വം തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ അറസ്റ്റ്.

തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടു പുറത്തുവന്ന വെളിപ്പെടുത്തലുകളിൽ ഏറ്റവും ഗൗരവമേറിയതാണു നടൻ സിദ്ദിഖിനെതിരെയുള്ളത്. ചൊവ്വാഴ്ച വൈകിട്ടാണു സിദ്ദിഖിനെതിരെ ഡിജിപിക്ക് ഇമെയിൽ വഴി യുവനടി പരാതി അയച്ചത്. പീഡനം നടന്ന ഹോട്ടൽ, മ്യൂസിയം പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിൽ കേസ് അവിടെ റജിസ്റ്റർ ചെയ്തു. ഇവിടത്തെ വനിതാ എസ്ഐ: എൻ.ആശാചന്ദ്രനെ അന്വേഷണ സംഘത്തിലുൾപ്പെടുത്തി.

സിദ്ദിഖിനെതിരെ വിശദമായ പരാതിയും മൊഴിയും യുവനടി നൽകിയതോടെയാണ് ബലാൽസംഗക്കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. വരുംദിവസങ്ങളിൽ ചോദ്യംചെയ്യുമ്പോൾ തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ സിദ്ദിഖിന് അറസ്റ്റ് നേരിടേണ്ടി വരും. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ താൻ പീഡനത്തിനിരയായതെന്നു നടി പൊലീസിനോടു വെളിപ്പെടുത്തി. അന്നു തനിക്ക് 21 വയസ്സായിരുന്നു. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററിൽ പ്രദർശിപ്പിച്ച വേളയിലാണ് അദ്ദേഹത്തെ കണ്ടത്.

തന്റെ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം നൽകുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ പിറ്റേന്ന് ഹോട്ടലിലേക്കു വരാൻ അദ്ദേഹം ആവശ്യപ്പെട്ടു. ‘മോളേ’ എന്നു വിളിച്ചാണ് സിദ്ദിഖ് തന്നെ അഭിസംബോധന ചെയ്തത്. ഹോട്ടലിലെത്തിയ തന്നെ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു; ഒരു മണിക്കൂറോളം മുറിയിൽ പൂട്ടിയിട്ടു. വിവരം പുറത്തറിയിച്ചാലും തന്നെ ഒന്നും ചെയ്യാനാവില്ലെന്നു പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ നടി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *