കടവൂർ ക്ഷേത്ര ശിവക്ഷേത്രത്തിലെ കുതിര എടുപ്പ് മുൻകാലങ്ങളിലേതു പോലെ പരമ്പരാഗത രീതിയിൽ നടത്താൻ എല്ലാവിധ സഹായവും നൽകുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു. ജില്ലാ കലക്ടർ ആനി ജൂലാ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് എം പിയുടെ പ്രതികരണം.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി എടുപ്പു കുതിരയുടെ ആറാട്ടുകുളത്തിലേക്കുള്ള യാത്ര തടസ്സപ്പെടുമെന്ന സാഹചര്യത്തിലാണ് വിഷയം പരിഹരിക്കാൻ മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശപ്രകാരം കലക്ടറേറ്റിൽ യോഗം ചേർന്നത്. യോഗത്തിൽ ക്ഷേത്ര ഭരണസമിതി നിയോഗിച്ച ഡിസൈനർ നൽകിയ പുതിയ നിർദേശം യോഗം വിശദമായി ചർച്ച ചെയ്തു. അതോടൊപ്പം നിലവിലുള്ള സർവീസ് റോഡിന്റെ ആഴം കൂട്ടിയും മുകളിലെ ഉയരം വർധിപ്പിച്ചും ഏറ്റവും കുറഞ്ഞത് 15 മീറ്റർ ഉയരം എങ്കിലും ലഭ്യമാക്കണമെന്ന് ക്ഷേത്ര ഭരണസമിതി പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.
ഈ രണ്ടു നിർദേശങ്ങളും വിശദമായി പരിശോധിച്ചു ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രേമചന്ദ്രൻ എം പി യോഗത്തിൽ ആവശ്യപ്പെട്ടു. കടവൂർ പ്രദേശത്ത് റോഡ് നിർമാണ പ്രവർത്തനം പുന:രാരംഭിക്കാൻ ക്ഷേത്ര ഭരണസമിതി സഹകരിക്കണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. തുടർന്ന് മേൽപ്പറഞ്ഞ നിർദേശങ്ങളുടെയും സാങ്കേതിക സാമ്പത്തിക സാധ്യതകൾ പരിശോധിച്ചു വിശദമായ റിപ്പോർട്ട് ദേശീയപാത അധികൃതർക്ക് നൽകണമെന്ന് യോഗം തീരുമാനിച്ചു. ഹൈവേയുടെ നിർമാണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് മന്ത്രിയുടെയും എം പിയുടെയും സാന്നിധ്യത്തിൽ ക്ഷേത്ര ഭരണസമിതി ഭാരവാഹികളുടെ യോഗം ഇന്ന് (24 ന് ) രാവിലെ 10 മണിക്ക് കടവൂരിൽ ചേരും. യോഗത്തിൽ ദേശീയപാത പ്രോജക്ട് ഡയറക്ടർ, കൺസൾട്ടൻസ് പ്രതിനിധികൾ, കരാറുകാരുടെ പ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

