അന്താരാഷ്ട്ര ലൈം​ഗിക കുറ്റവാളി എപ്സ്റ്റീനൊപ്പമുള്ള കേന്ദ്രമന്ത്രിയുടെ ചിത്രം പുറത്ത്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി; വിശദീകരണം തേടി പ്രതിപക്ഷം

 

ന്യൂഡൽഹി: കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും അന്താരാഷ്ട്ര ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനും ഒന്നിച്ചുള്ള ചിത്രം അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയം രാഷ്ട്രീയ വിവാദമായതോടെ മന്ത്രിയുടെയും എപ്സ്റ്റീന്റെയും കൂടിക്കാഴ്ച സംബന്ധിച്ച് വിശദീകരണം നൽകണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.

“പ്രിയപ്പെട്ട ബിജെപി, ആർഎസ്എസ് പ്രവർത്തകരേ, ഏത് രാജ്യദ്രോഹിയെയാണ് അവർ ഭീഷണിപ്പെടുത്തുന്നതെന്നാണ് നിങ്ങൾ കരുതുന്നത്?” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ്. അമേരിക്കൻ വിദേശകാര്യ പ്രതിനിധി മാർക്കോ റൂബിയോ മുംബൈയിലെത്തിയതിന് പിന്നാലെയാണ് ചിത്രം പുറത്തുവന്നതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചതും.

എപ്സ്റ്റീനുമായി ഹർദീപ് സിങ് പുരി നടത്തിയ കൂടിക്കാഴ്ചയുടെ സാഹചര്യവും അതിൽ നടന്ന ചർച്ചകളുടെ ഉള്ളടക്കവും കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ വിഷയത്തിൽ വ്യക്തത തേടി രംഗത്തെത്തിയിട്ടുണ്ട്.

കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കണമെന്നും നയതന്ത്രപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സംഭവത്തെ ന്യായീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാക്കൾ വാദിക്കുന്നു. ചിത്രം പുറത്തുവന്നതോടെ കേന്ദ്രമന്ത്രിയും എപ്സ്റ്റീനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ ദേശീയ രാഷ്ട്രീയത്തിൽ സജീവമായിരിക്കുകയാണ്.

Join Community

Leave a Reply

Enable Notifications OK No thanks