നിരവധി പാമ്പുകളെ പിടിക്കുകയും പാമ്പുപിടുത്തത്തിൽശ്രദ്ധ നേടിയ കണ്ണൻ എന്നു വിളിക്കുന്ന സന്ദീപ് (33) പിടിച്ച പാമ്പിന്റെ കടിയേറ്റ് മരിച്ചു,ഈഞ്ചക്കൽ വലിയ എലായിൽ വാടകയ്ക്ക് താമസിക്കുകയാണ് മരിച്ച കണ്ണൻ.കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. പിടികൂടിയ പാമ്പുമായി വീട്ടിലെത്തിയ ശേഷമാണ് കടിയേറ്റത്. തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരണം സംഭവിച്ചു.
ഈ ദാരുണസംഭവം സംബന്ധിച്ച് ചില പ്രധാന വസ്തുതകൾ ചുവടെ കുറിക്കുന്നു:
1. മരണപ്പെട്ട കണ്ണൻ എന്ന സന്ദീപ്, കേരള വനംവകുപ്പിന്റെ പരിശീലനത്തിൽ പങ്കെടുത്ത് പാമ്പുകളെ റെസ്ക്യൂ ചെയ്യുന്നതിനുള്ള നിയമപരമായ ലൈസൻസ് കരസ്ഥമാക്കിയ വ്യക്തിയല്ല.
2. വനംവകുപ്പിന്റെ പരിശീലനം നേടിയ സർപ്പ വോളണ്ടിയർമാർ, വീഡിയോയിൽ കാണുന്നത് പോലെ പാമ്പിനെ പ്രദര്‍ശിപ്പിക്കുകയോ, അപകടകരമായി കൈകാര്യം ചെയ്യുകയോ ചെയ്യില്ല. പരമാവധി സുരക്ഷിതമായ ബാഗ് & പൈപ്പ് രീതിയാണ് അവരുപയോഗിക്കുന്നത്.
3. നിലവിൽ ഇതേ രീതിയിൽ അപകടകരമായി പാമ്പുകളെ കൈകാര്യം ചെയ്യുന്ന ചുരുക്കം ചിലരുണ്ട്. അവർ നിയമസംവിധാനത്തെ വെല്ലുവിളിച്ചു പ്രാകൃതമായ രീതിയിൽ നിയമപരമായ ലൈസൻസ് നേടാതെ തന്നിഷ്ടപ്രകാരം ചെയ്യുന്നതാണ്.
4. വീഡിയോയിൽ കാണുന്നത് പോലെ പാമ്പിനെ ബോട്ടിലിൽ തിരുകിക്കയറ്റുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച SOP കൾക്ക് വിരുദ്ധമാണ്. കടിയേൽക്കാൻ പരമാവധി സാധ്യതയേറുന്നത് കൂടാതെ പാമ്പിന്റെ നട്ടെല്ല് തകര്‍ന്ന് പാമ്പ് മരണപ്പെടുന്നതിനും ഇത് കാരണമാകും.
5. നിയമപരമായ ലൈസൻസ് ഇല്ലാത്ത ആൾ പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റാൽ വനംവകുപ്പിന്റെ ധനസഹായമോ നഷ്ടപരിഹാരമോ ലഭിക്കില്ല.
6. ഒരു സന്നദ്ധ പ്രവർത്തകൻ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന സംഗതി, സ്വന്തം സുരക്ഷ ഉറപ്പാക്കുക എന്നതും, സേവനങ്ങൾ നാട്ടിലെ നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി ചെയ്യുക എന്നതുമാണ്.
7. ലൈസൻസ് ലഭിച്ച ശേഷം നിയമങ്ങൾ പാലിക്കാതെയും, സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയും ‘പാമ്പുപിടുത്തം’ നടത്തിയ കുറച്ചുപേരുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. മദ്യപിച്ച് പാമ്പിനെ കൈകാര്യം ചെയ്യുക, വലിയ തുക പ്രതിഫലം ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങളും ലൈസൻസ് റദ്ദാക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിൽ പലരും ഇപ്പോഴും രഹസ്യമായി പാമ്പുകളെ പിടിക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമാണ്.
സന്നദ്ധ സേവനം, സുരക്ഷിതവും നിയമപരവുമാകുമ്പോഴാണ് അത് യഥാര്‍ത്ഥ സേവനമാകുന്നത്.
(ഒരുപാട് പേർ വിളിച്ച് അന്വേഷിക്കുകയും സംശയങ്ങൾ ചോദിക്കുകയും ചെയ്തത് കൊണ്ട് മാത്രം കുറിച്ചത്)

